- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തടിക്കളത്തിൽ വച്ച് വാക്കേറ്റം; പിന്നാലെ പാഞ്ഞു വരുന്ന ബുള്ളറ്റിൽ നിന്ന് റോഡിലേക്ക് മറിഞ്ഞു വീഴുന്നയാൾ; സിസി ടിവി ദൃശ്യത്തിൽ പതിഞ്ഞത് രണ്ടു വട്ടം എന്തോ തട്ടുന്ന ശബ്ദവും അലർച്ചയും; ഇലന്തൂർ നെല്ലിക്കാലായിലെ അനിലിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ
പത്തനംതിട്ട: ഇലന്തൂർ നെല്ലിക്കാല വല്യപാറയിൽ വി എസ്. അനിലിന്റെ (51) മരണം കൊലപാതകമെന്ന് ബന്ധുക്കൾ. ആറന്മുള പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ കുമരമല കാവിന് സമീപം മാർച്ച് 28 നുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന അനിൽ ഏപ്രിൽ ഏഴിനാണ് മരിക്കുന്നത്. ആറന്മുള പൊലീസ് കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി കാത്തിരിക്കുകയാണ്.
തടിക്കച്ചവടമായിരുന്നു അനിലിന്. ഇതേ ഫീൽഡിൽ പ്രവർത്തിക്കുന്ന രതീഷിന് അനിലുമായി ശത്രുത ഉണ്ടായിരുന്നുവെന്നും ബുള്ളറ്റ് ബൈക്കിൽ സഞ്ചരിച്ചിരുന്ന അനിലിനെ രതീഷും സംഘവും അപായപ്പെടുത്തിയെന്നും അനിലിന്റെ മൂത്ത സഹോദൻ മധു പറയുന്നു. മരണക്കിടക്കയിൽ വച്ച് അനിൽ തന്നോടും ഇക്കാര്യം പറഞ്ഞിരുന്നുവെന്ന് ഭാര്യ വത്സമ്മയും മറുനാടനോട് പറഞ്ഞു. മാർച്ച് 28 ന് രാത്രി 10.36 ന് വെള്ളാപ്പാറ-പരിയാരം റൂട്ടിൽ കുമരമല കാവിന് സമീപമുള്ള കുത്തനെയുള്ള ഇറക്കത്തിലാണ് അനിൽ ബൈക്കിൽ നിന്ന് വീണത്. തൊട്ടടുത്തുള്ള വീടിന് മുന്നിലേക്കാണ് ബൈക്ക് മറിഞ്ഞത്.
അനിയനെ കൊന്നത് തന്നെ: അനിലിന്റെ സഹോദരൻ മധു
അനിലിനെ രതീഷിന്റെ നേതൃത്വത്തിൽ കൊന്നതാണെന്ന് മൂത്ത സഹോദരൻ മധു പറയുന്നു. ആദ്യം മുതൽ സംശയം ഉണ്ടായിരുന്നു. പിന്നീട് അനിലിന്റെ രണ്ടു പണിക്കാർ വന്ന് രഹസ്യമായി പറയുമ്പോഴാണ് സംശയം ബലപ്പെടുന്നത്. ബൈക്ക് അപകടം ഉണ്ടാകുന്നതിന് മുമ്പായി തടിക്കളത്തിൽ വച്ച് അനിലും രതീഷുമായി വാക്കേറ്റം ഉണ്ടായിരുന്നു. രതീഷ് തടി കോൺട്രാക്ടർ ആണ്. പിന്നീട് ഇവർ തമ്മിൽ ഫോണിലൂടെയും സംഭാഷണം ഉണ്ടായി. അതിന് ശേഷമാണ് അപകടം സംഭവിക്കുന്നത്. ബുള്ളറ്റിൽ നിന്ന് വീഴുന്നതിന് 200 മീറ്ററോളം പിന്നിലായി അനിലിന്റെ ഹെൽമറ്റ് റോഡിൽ കിടക്കുകയായിരുന്നു. റോഡരികിലെ പുൽത്തകിടിയിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. സിസിടിവിയിൽ അനിലിന്റെ ബൈക്കിന് മുന്നിലായി രതീഷിന്റെ ആൾട്ടോ കാർ കടന്നു പോകുന്നതും കാണാം. ഹെൽമറ്റ് വീണു കിടന്ന ഭാഗത്തു വച്ച് അനിലിനെ മുൻപേ കടന്നു പോയ കാറിലുണ്ടായിരുന്നവർ ആക്രമിച്ചിരിക്കാം. അതിന് പിന്നാലെ പാഞ്ഞു പോകുമ്പോൾ പരുക്കേറ്റ് അവശനിലയിലായ അനിൽ ബുള്ളറ്റുമായി വീണതാകാമെന്നും മധു പറഞ്ഞു.
ബുള്ളറ്റിന് കാര്യമായ കേടുപാടുകൾ ഇല്ല. പിന്നലെ നമ്പർ പ്ലേറ്റ് ചളുങ്ങിയിട്ടുണ്ട്. ടെയിൽ ലാമ്പ് പൊട്ടിയിട്ടുണ്ട്. ഇത് പിന്നിൽ നിന്ന് ഏതോ വാഹനമിടിച്ചതു കൊണ്ടാണെന്ന് സംശയിക്കുന്നു. അല്ലെങ്കിൽ ഏതെങ്കിലും വസ്തു കൊണ്ട് അടിച്ചതാണ്. ആറന്മുള പൊലീസ് പിടിച്ചിട്ടിരിക്കുന്ന രതീഷിന്റെ കാറിൽ തട്ടലോ മുട്ടലോ നടന്ന ലക്ഷണമില്ല. അതു കൊണ്ടു തന്നെ ഒന്നുകിൽ മറ്റൊരു വാഹനം തട്ടിയിരിക്കണം. അല്ലെങ്കിൽ വേറെന്തോ ഉപകരണം കൊണ്ട് അടിച്ചിരിക്കാമെന്നും മധു പറഞ്ഞു.
തന്നെ മർദിച്ചിരുന്നുവെന്ന് ചേട്ടൻ പറഞ്ഞിരുന്നു: ഭാര്യ വൽസമ്മ
അപകടത്തിൽ പരുക്കേറ്റ അനിലിനെ കൊണ്ടു പോയ ആംബുലൻസിൽ താനും മകളും കയറിയിരുന്നു. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടു ചെന്നത്. പരിശോധിച്ച ഡോക്ടർ അപ്പോൾ തന്നെ പറഞ്ഞിരുന്നു ഇത് അപകടത്തിൽ പരുക്കേറ്റ മുറിവായി തോന്നുന്നില്ലെന്ന്. ശരീരമാസകലം പരുക്കുണ്ടായിരുന്നു. നാവിനും മുറിവേറ്റിരുന്നു. കോഴഞ്ചേരിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. അവിടെ ചെന്ന് സ്‌കാനിങ് ഒക്കെ നടത്തിയതിന് ശേഷം വാർഡിലേക്ക് മാറ്റി. പിറ്റേന്ന് നല്ല ബോധമുണ്ടായിരുന്നു. അപ്പോൾ തന്നെ ചിലർ മർദിച്ചിരുന്നതായി അനിൽ പറഞ്ഞിരുന്നുവെന്നും വൽസമ്മ പറയുന്നു. ഉടൻ തന്നെ നില വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന് തന്നെ വിശ്വസിക്കുന്നുവെന്നും വൽസമ്മ പറഞ്ഞു.
അപകട മരണമെന്ന് പ്രാഥമിക നിഗമനം: ആറന്മുള എസ്.എച്ച്.ഓ
പ്രാഥമിക നിഗമനം അനിൽ ബൈക്ക് അപകടത്തിൽ മരിച്ചുവെന്നാണെന്ന് ആറന്മുള പൊലീസ് ഇൻസ്പെക്ടർ സി.കെ. മനോജ് പറഞ്ഞു. തൊട്ടടുത്ത വീടിന്റെ തിണ്ണയിൽ ഇരുന്നവർ അമിത വേഗത്തിൽ ബൈക്ക് വരുന്നതും 'അയ്യോ' എന്ന് നിലവിളിച്ചു കൊണ്ട് ഒരാൾ അതിൽ നിന്ന് റോഡിലേക്ക് ചാടുന്നതും വീഴുന്നതും കണ്ടുവെന്ന് മൊഴി നൽകിയിരുന്നു. അനിൽ വീണ ഭാഗത്ത് പാറക്കല്ലുകളും മറ്റുമുണ്ടായിരുന്നു. ഇതിൽ ചെന്ന് ശക്തിയായി പതിച്ചത് മൂലം ശരീരത്ത് മാരകമായ മുറിവുണ്ടായിട്ടുണ്ടെന്നും ഇൻസ്പെക്ടർ പറഞ്ഞു. അനിലിന്റെ ബന്ധുക്കളുടെ പരാതി പ്രകാരം രതീഷിന്റെ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിൽ മറ്റേതെങ്കിലും വാഹനത്തിൽ തട്ടിയതിന്റെ ലക്ഷണമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
കുമരമല കാവിലെ സിസിടിവി ദൃശ്യങ്ങളിൽ രതീഷിന്റെ കാർ മുന്നിലും ഏതാനും സെക്കൻഡുകൾക്കകം അനിൽ ബുള്ളറ്റിൽ പിന്നാലെയും പോകുന്നതിന്റെ ദൃശ്യങ്ങളുണ്ട്. ബന്ധുക്കളുടെ സംശയം ദൂരീകരിക്കണമെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കണമെന്നും അന്വേഷണം കാര്യക്ഷമമായി നടക്കുന്നുവെന്നും ആറന്മുള ഇൻസ്പെക്ടർ പറഞ്ഞു.
ഇനി നിയമ പോരാട്ടമെന്ന് ബന്ധുക്കൾ
ഇനി നിയമപോരാട്ടമാണെന്ന് അനിലിന്റെ ബന്ധുക്കൾ പറയുന്നു. രണ്ടു പെൺമക്കളാണ് അനിലിന്. ഇവരുടെ ഭർത്താക്കന്മാരും അനിലിന്റെ സഹോദരങ്ങളുമെല്ലാം ചേർന്ന് അഭിഭാഷകനെ കണ്ട് പൊലീസ് അനാസ്ഥയ്ക്കെതിരേ പത്തനംതിട്ട എസ്‌പിക്ക് പരാതി നൽകി. അനിലിനെ അപായപ്പെടുത്തിയതാണെന്നതിന് തെളിവായി രണ്ടു പേരുടെ മൊഴിയാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്. അനിൽ അപകടത്തിൽപ്പെട്ടതിന് പിന്നാലെ അവരുടെ തടിക്കളത്തിൽ രതീഷിന്റെ ജോലിക്കാർ എത്തുകയും ഇവന്മാരെക്കൂടി തട്ടിയാലോ എന്ന് പറയുകയും ചെയ്തുവെന്നാണ് ഇവരുടെ മൊഴി. ഇത് വീഡിയോ ആക്കി എസ്‌പിക്ക് കൈമാറി. അതിനൊപ്പം സിസിടിവി ദൃശ്യങ്ങളും നൽകിയിട്ടുണ്ട്. തന്റെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുമെന്ന് എസ്‌പി സ്വപ്നിൽ മധുകർ മഹാജൻ അറിയിച്ചിട്ടുണ്ടെന്നും അനിലിന്റെ ബന്ധുക്കൾ പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്