- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കില്‍ പോകുമ്പോള്‍ ബോംബ് എറിഞ്ഞു; ഫാം ഹൗസില്‍ വെട്ടിക്കുന്നു; റോഡില്‍ ബോംബ് അവശിഷ്ടങ്ങള്‍ ഇല്ല; സംഭവസ്ഥലത്ത് ധാരാളം കടകളുണ്ടായിട്ടും ഒരൊറ്റ സ്വതന്ത്രസാക്ഷികളെയും പ്രോസിക്യൂഷന് കിട്ടിയില്ല; കൊടി സുനിയുടെ മദ്യപാനം ഈ കേസ് വിചാരണയ്ക്കിടെ; ന്യൂമാഹി ഇരട്ടക്കൊലയില്‍ വാദിച്ച് ജയിച്ച് പ്രതിഭാഗം; അപ്പീല്‍ നല്കാന് പരിവാറില്‍ തീരുമാനം
കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച ന്യൂമാഹി ഇരട്ടക്കൊലക്കേസില്‍ ഒടുവില്‍ 14 പ്രതികളും പുറത്തേക്ക് വരുമ്പോള്‍ തെളിയുന്നത് അഭിഭാഷകന്റെ സാങ്കേതിക വാദങ്ങളുടെ വിജയം. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ ഈസ്റ്റ് പള്ളൂര്‍ പൂശാരിക്കോവിലിന് സമീപം മടോമ്മല്‍ക്കണ്ടി വിജിത്ത് (28), കുറുന്തോടത്ത് ഹൗസില്‍ ഷിനോജ് (29) എന്നിവരെ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിലാണ് സിപിഎം പ്രവര്‍ത്തകരായ 14 പ്രതികളെയും കോടതി വെറുതെവിട്ടത്. പ്രോസിക്യൂഷന്‍ ഭാഗത്തുള്ള വീഴ്ചകള്‍ നിരത്തിയാണ് കേസിനെ പ്രതിഭാഗം അപ്രസക്തമാക്കിയത്. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തലശ്ശേരി അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ.ജോസ് എല്ലാപ്രതികളെയും കുറ്റവിമുക്തരാക്കിയത്. ജില്ലാ കോടതിയുടെ വിധിക്കെതിരേ ആര്‍എസ്എസ്-ബിജെപി നേതൃത്വം മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും. പ്രോസിക്യൂഷനും ഇതിന് തയ്യാറാകുമെന്ന് സൂചനകളുണ്ട്. അഡ്വ. സി.കെ.ശ്രീധരന്‍, അഡ്വ. കെ.വിശ്വന്‍ എന്നിവരായിരുന്നു കേസില്‍ പ്രതിഭാഗം അഭിഭാഷകര്‍. കേസില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയ കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതിവിധിക്ക് ശേഷം അഡ്വ. സി.കെ. ശ്രീധരന്‍ പ്രതികരിച്ചു. മുമ്പ് കോണ്‍ഗ്രസ് നേതാവായിരുന്നു സികെ ശ്രീധരന്‍. കുറച്ചു കാലം മുമ്പ് സിപിഎമ്മിനോട് അടുത്തു. ഈ അഭിഭാഷകനാണ് പ്രതികളെ രക്ഷിച്ചെടുത്തതില്‍ പ്രധാനി.
'തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമും ഷൗക്കത്തലിയുമാണ് അന്വേഷണം നടത്തിയത്. പ്രധാനസാക്ഷിയായ ഒ.പി. രജീഷ് ദൃക്സാക്ഷിയെന്ന് പറഞ്ഞാണ് മൊഴി നല്‍കിയത്. അതിന്റെപേരിലാണ് എഫ്ഐആര്‍ ഇട്ടത്. 15-ഓളം പേരും അവര്‍ക്കൊപ്പം കണ്ടാലറിയാവുന്ന രണ്ടുപേരും ചേര്‍ന്ന് കുറ്റകൃത്യം ചെയ്തതെന്നായിരുന്നു സാക്ഷിമൊഴി. ആ 15 പേരില്‍ 13 പേരും ഇന്ന് കോടതിയില്‍ വിചാരണനേരിട്ട പ്രതികളില്‍ ഇല്ല എന്നതാണ് പ്രോസിക്യൂഷന്‍ നേരിട്ട ഏറ്റവും പ്രധാന പരാജയം. അതായത് എഫ് ഐ ആറിലെ പോരായ്മ പ്രതികളെ തുണച്ചു. ബോംബെറിഞ്ഞ് വെട്ടിക്കൊന്നു എന്നാണ് കേസ്. ബോംബ് ആര് എറിഞ്ഞു എന്നതില്‍ വ്യക്തമായ തെളിവില്ല. ബൈക്കില്‍ പോകുമ്പോള്‍ എറിഞ്ഞതാണെങ്കില്‍ റോഡില്‍ എവിടെയും അവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല. ബോംബ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ആട് ഫാമിന്റെ വളപ്പിലാണ്. എന്നാല്‍, ആട് ഫാമില്‍ ബോംബെറിഞ്ഞത് പറയുന്നില്ല. ആട് ഫാമില്‍ വെട്ടിക്കൊന്നുവെന്നാണ് പറയുന്നത്. അത് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടു. സംഭവസ്ഥലത്ത് ധാരാളം കടകളുണ്ടായിട്ടും ഒരൊറ്റ സ്വതന്ത്രസാക്ഷികളെയും ഹാജരാക്കാന്‍ പ്രോസിക്യൂഷാനായില്ല. ഇതും കേസിനെ പ്രതികൂലമായി ബാധിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തിനെയും ഷിനോജിനെയും പ്രതികള്‍ ബോംബെറിഞ്ഞ് വീഴ്ത്തിയെന്നും തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ സമീപത്തെ ആട് ഫാമിന്റെ വളപ്പില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഒന്നുമുതല്‍ ആറുവരെ പ്രതികളും പത്തുമുതല്‍ 14 വരെ പ്രതികളും കൃത്യത്തില്‍ നേരിട്ട് പങ്കാളികളായവരെന്നാണ് പോലീസ് പറഞ്ഞിരുന്നത്. ഈ വാദങ്ങളെ സാങ്കേതികത്വത്തില്‍ വാദിച്ച് തോല്‍പ്പിക്കുകയായിരുന്നു പ്രതിഭാഗം.
ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ മാത്രം സാക്ഷികളായിട്ടുള്ള കേസാണിത്. ദൃക്സാക്ഷികളായ മൂന്നുപേരും ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ്. മേയ് മാസം നടന്ന കൊലപാതകത്തില്‍ ആയുധം കണ്ടെത്തിയത് രണ്ടുമാസത്തിന് ശേഷം ജൂലായിലാണ്. പക്ഷേ, സാക്ഷികള്‍ പറയുന്നു, പോലീസുകാര്‍ ജൂണില്‍ തന്നെ ആറ് വാളുകളും കാണിച്ചുതന്നെന്ന്. അത് തിരിച്ചറിഞ്ഞതായും അവര്‍ മൊഴി നല്‍കി. ദുര്‍ബലമായ തെളിവുകള്‍ ഹാജരാക്കിയതിനാലാണ് പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടത്'- അഡ്വ. സി.കെ. ശ്രീധരന്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ വ്യാജമായിരുന്നുവെന്ന് കോടതിയില്‍ തുറന്നുകാണിക്കാനായെന്ന് പ്രതിഭാഗം അഭിഭാഷകനായ കെ. വിശ്വനും പ്രതികരിച്ചു. ഈ വാദങ്ങളിലാണ് കേസിനെ അപ്രസക്തമാക്കിയത്. 2010 മേയ് 28-ന് രാവിലെ 11-ന് ന്യൂമാഹി പെരിങ്ങാടി റോഡില്‍ കല്ലായില്‍വെച്ചായിരുന്നു കൊലപാതകം. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ ഈസ്റ്റ് പള്ളൂര്‍ പൂശാരിക്കോവിലിന് സമീപം മടോമ്മല്‍ക്കണ്ടി വിജിത്ത് (28), കുറുന്തോടത്ത് ഹൗസില്‍ ഷിനോജ് (29) എന്നിവരാണ് കൊല്ലപ്പെട്ടത്. മാഹി കോടതിയില്‍ ഹാജരായി തിരിച്ചുവരുമ്പോള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. വിജിത്തിന്റെ അമ്മ രാജമ്മ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത്.
ടിപി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടിസുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരടക്കം 16 സിപിഎം പ്രവര്‍ത്തകരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ രണ്ടുപേര്‍ സംഭവത്തിന് ശേഷം മരിച്ചു. പള്ളൂര്‍ കോയ്യോട് തെരുവിലെ ടി.സുജിത്ത് (36), മീത്തലെച്ചാലില്‍ എന്‍.കെ.സുനില്‍കുമാര്‍ (കൊടി സുനി-40), നാലുതറയിലെ ടി.കെ.സുമേഷ് (43), ചൊക്ലി പറമ്പത്ത് ഹൗസില്‍ കെ.കെ.മുഹമ്മദ് ഷാഫി (39), പള്ളൂരിലെ ടി.പി.ഷമില്‍ (37), കവിയൂരിലെ എ.കെ.ഷമ്മാസ് (35), ഈസ്റ്റ് പള്ളൂരിലെ കെ.കെ.അബ്ബാസ് (35), ചെമ്പ്രയിലെ രാഹുല്‍ (33), നാലുതറ കുന്നുമ്മല്‍വീട്ടില്‍ വിനീഷ് (44), നാലുതറ പടിഞ്ഞാറെപാലുള്ളതില്‍ പി.വി.വിജിത്ത് (40), പള്ളൂര്‍ കിണറ്റിങ്കല്‍ കെ.ഷിനോജ് (36), ന്യൂമാഹി അഴീക്കല്‍ മീത്തലെ ഫൈസല്‍ (42), ഒളവിലം കാട്ടില്‍ പുതിയവീട്ടില്‍ സരീഷ് (40), ചൊക്ലി തവക്കല്‍ മന്‍സില്‍ ടി.പി.സജീര്‍ (38) എന്നിവരായിരുന്നു മറ്റ് പ്രതികള്‍. 10ാം പ്രതി സി.കെ.രജികാന്ത്, 12-ാംപ്രതി മുഹമ്മദ് രജീസ് എന്നിവരാണ് മരിച്ചത്. തലശ്ശേരി സിഐയായിരുന്ന യു. പ്രേമനാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയത്. പിന്നീട് തലശ്ശേരി ഡിവൈഎസ്പിമാരായിരുന്ന പ്രിന്‍സ് എബ്രഹാം, ഷൗക്കത്തലി എന്നിവരും അന്വേഷണം നടത്തി. ഷൗക്കത്തലി തലശ്ശേരി ഡിവൈഎസ്പി ആയിരിക്കെയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ജനുവരി 22-നാണ് കേസില്‍ വിചാരണ തുടങ്ങിയത്. ജൂലായില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായി. 63 തൊണ്ടിമുതലും 140 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ 44 സാക്ഷികളെയും പ്രതിഭാഗം രണ്ടു സാക്ഷികളെയും വിസ്തരിച്ചു. വിചാരണ തുടങ്ങുമ്പോള്‍ പരോളിലായിരുന്ന കൊടി സുനി കോടതി അനുമതിയോടെയാണ് വിചാരണയ്ക്ക് ഹാജരായത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയായിരുന്നു പരോള്‍. നാലാംപ്രതി മുഹമ്മദ് ഷാഫി, 13-ാംപ്രതി ഷിനോജ് എന്നിവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നാണ് വിചാരണയ്ക്കെത്തിയത്. കേസിന്റെ വിചാരണയ്ക്ക് ജയിലില്‍നിന്നെത്തിയ സുനി ഹോട്ടലിലെ പാര്‍ക്കിങ് സ്ഥലത്ത് സഹതടവുകാരോടൊപ്പം മദ്യപിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നത് വിവാദമായിരുന്നു. അതിനുശേഷം കേസില്‍ ഓണ്‍ലൈനായാണ് സുനി ഹാജരായത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് സുനിയെ പിന്നിട് തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.