- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലദ്വാരത്തിൽ സ്വർണം കടത്തുന്നത് പിടികൂടുന്നത് പതിവായി; സ്വർണ്ണക്കടത്തിന് പുതുശൈലി പരീക്ഷിച്ചു സംഘങ്ങൾ; നെടുമ്പാശ്ശേരിയിൽ പാന്റ്‌സിന്റെ സിബ്ബിലൊളിപ്പിച്ച് സ്വർണക്കടത്ത്; സിബ്ബിനോട് ചേർത്ത് ഒരു ലെയർ ആയി സ്വർണം തുന്നി പിടിപ്പിച്ച് കടത്താൻ ശ്രമം; പാലക്കാട് സ്വദേശി മുഹമ്മദ് പിടിയിൽ
കൊച്ചി: മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചു കടത്തുന്നത് പതിവായതോടെ പരിശോധനയും ശക്തമാക്കിയിരുന്നു. ഇത് പിടികൂടുന്നത് ഇപ്പോൾ നിത്യസംഭവമായി മാറിയിരിക്കയാണ് താനും. ഇതോടെ സ്വർണം കടത്താൻ പുതിയ രീതി പരീക്ഷിച്ചിരിക്കയാണ് കടത്തുകാർ. പാന്റ്‌സിന്റെ സിബ്ബിൽ സ്വർണം കടത്തിയ ആൾ നെടുമ്പാശ്ശേരിയിൽ പിടിയിലായി.
സ്വർണക്കടത്തിന് കേട്ടുകേൾവിയില്ലാത്ത വഴി പരീക്ഷിച്ചത് പാലക്കാട് സ്വദേശിയാണ്. ധരിച്ചിരുന്ന പാന്റ്‌സിന്റെ സിബ്ബിനോട് ചേർത്ത് ഒരു ലെയർ ആയി സ്വർണം തുന്നി പിടിപ്പിച്ച് കടത്താനായിരുന്നു ശ്രമം. പാലക്കാട് സ്വദേശി മുഹമ്മദാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 47 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. നേരത്തെ വിവരം ലഭിച്ചിരുന്നതിനാൽ കസ്റ്റംസ് ഇയാളെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ആദ്യം കണ്ടെത്താനായില്ലെങ്കിലും ധരിച്ചിരുന്ന പാന്റ്‌സിന്റെ സിബ്ബ് പരിശോധിച്ചതോടെയാണ് സ്വർണം പിടികൂടിയത്. ദുബായിൽ നിന്നുള്ള വിമാനത്തിലാണ് മുഹമ്മദ് നെടുമ്പാശ്ശേരിയിലെത്തിയത്.
അതേസമയം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ടാഴ്‌ച്ച മുമ്പും വൻ തോതിൽ സ്വർണം പിടികൂടിയിരുന്നു. 44 ലക്ഷം രൂപ വിലമതിക്കുന്ന 1185 ഗ്രാം സ്വർണവുമായി ഗൾഫിൽ നിന്നെത്തിയ മുനീർ എന്നയാളാണ് പിടിയിലായത്. നടത്തത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കിയ ശേഷം നാല് കാപ്‌സ്യൂളുകളാക്കിയാണ് ഒളിപ്പിച്ചത്. മലദ്വാരത്തിൽ ഒളിപ്പിച്ച് ഗ്രീൻ ചാനലിലൂടെ പുറത്തുകടക്കാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ കസ്റ്റംസ് ദേഹപരിശോധനയ്ക്ക് വിധേയമാക്കിയാണ് സ്വർണം കണ്ടെടുത്തത്.
അതിന് മുമ്പും സ്വർണലായനിയിൽ മുക്കിയെടുത്ത അഞ്ച് തോർത്ത് മുണ്ടുകളുമായി തൃശൂർ സ്വദേശി പിടിയിലായിരുന്നു. ഈ മാസം 10ന് ദുബൈയിൽ നിന്നും സ്പൈസ് ജെറ്റിൽ നെടുമ്പാശ്ശേരിയിൽ എത്തിയ തൃശ്ശൂർ സ്വദേശിയായ ഫഹദ്(26) ആണ് 'നൂതന രീതി'യിൽ സ്വർണം കടത്തി കസ്റ്റംസിന്റെ വലയിലായത്. ദ്രാവക രൂപത്തിലുള്ള സ്വർണ്ണത്തിൽ ബാത്ത് ടൗവ്വലുകൾ മുക്കിയെടുത്തശേഷം ഇവ നന്നായി പായ്ക്ക് ചെയ്താണ് ഇയാൾ കൊണ്ടുവന്നത്.
പരിശോധനയിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിലെ തോർത്തുകൾക്ക് നനവ് ഉള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ എയർപോർട്ടിലേക്ക് പുറപ്പെടും മുൻപ് കുളിച്ചതാണെന്നും തോർത്ത് ഉണങ്ങാൻ സമയം ലഭിച്ചില്ലെന്നുമാണ് ഇയാൾ മറുപടി നൽകിയത്.
തുടർന്ന് വിശദ പരിശോധന നടത്തിയതോടെ സമാന രീതിയിൽ 5 തോർത്തുകൾ കണ്ടെത്തി. ഇതോടെയാണ് സ്വർണ്ണക്കടത്തിനായി ഉപയോഗിച്ച പുതിയ മാർഗ്ഗത്തിന്റെ ചുരുൾ അഴിഞ്ഞത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള അനധികൃത സ്വർണ്ണക്കടത്ത് തടയാൻ എയർ കസ്റ്റംസ് നടപടികൾ കൂടുതൽ ശക്തമാക്കിയതോടെയാണ് പുതിയ തന്ത്രങ്ങൾ സ്വർണ്ണക്കടത്തുകാർ സ്വീകരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ