മോസ്‌കോ: പ്രവാചകനിന്ദയുടെ പേരിൽ ബിജെപി നേതാവിനെതിരെ ചാവേർ ആക്രമണത്തിനു പുറപ്പെട്ട ഐഎസ് ഭീകരൻ റഷ്യയിൽ അറസ്റ്റിലായത് രഹസ്യാന്വേഷണ നിരീക്ഷണ മികവിൽ. അസമോവ് എന്നാണ് ഇയാളുടെ പേര്. ഇസ്രയേലി ചാര സംഘനടയുടെ സഹായം ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് ലഭിച്ചിരുന്നുവെന്നാണ് സൂചന. എന്നാൽ ഇസ്രേയലിൽ നിന്നാണോ വിവരം കിട്ടിയതെന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ല. ഈ വിവരം റഷ്യയ്ക്ക് ഇന്ത്യയാണ് കൈമാറിയത്. ആ വിദേശ ചാര സംഘടന പറഞ്ഞു പോലെ എല്ലാം നടന്നു. അങ്ങനെയാണ് അസമോവ് എന്ന് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്ന വ്യക്തി കുടുങ്ങിയത്.

മധ്യേഷ്യൻ രാജ്യത്തുനിന്നുള്ള ഇയാളെ പിടികൂടിയ വിവരം റഷ്യയുടെ സുരക്ഷാ ഏജൻസി ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) ആണു പുറത്തുവിട്ടത്. ടിവി ചർച്ചയ്ക്കിടെ പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി വക്താവായിരുന്ന നൂപുർ ശർമയെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു. ഇതേ വിഷയത്തിൽ ബിജെപി ഡൽഹി മാധ്യമവിഭാഗം മേധാവി നവീൻ കുമാർ ജിൻഡലിനെ പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തു. നൂപുർ ശർമ്മയെ വകവരുത്തുകയായിരുന്നു ഈ തീവ്രവാദിയുടെ ലക്ഷ്യമെന്നാണ് പുറത്തു വരുന്ന വിവരം. ഐഎസിന്റെ ഹിറ്റ് ലിസിറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആണ് മുന്നിലുള്ളത്. പക്ഷേ ഈ ഓപ്പറേഷൻ നൂപുർ ശർമ്മയെ ലക്ഷ്യമിട്ടായിരുന്നു.

1992ലാണ് അസമോവ് ജനിച്ചത്. മുഹമ്മദ് നബിയെ നൂപൂർ ശർമ്മ അപമാനിച്ചുവെന്ന് അസമോവ് കരുതിയിരുന്നു. അതുകൊണ്ട് തന്നെ വകവരുത്താനും തീരുമാനിച്ചു. റഷ്യയിലേക്ക് ഇയാൾ വന്നത് ഇന്ത്യൻ വിസ എളുപ്പത്തിൽ നേടാനായിരുന്നു. ഡൽഹിയിൽ എത്തുമ്പോൾ സഹായിക്കാനും ആളുകൾ സജ്ജമായിരുന്നു. ഐഎസ് നേതാക്കളെ ആരേയും താൻ കണ്ടിട്ടില്ലെന്നും ഇന്ത്യൻ ഓപ്പറേഷന്റെ രണ്ടാം ഭാഗമായാണ് താൻ ഡൽഹിയിലേക്ക് പോകാനൊരുങ്ങിയതെന്നുമാണ് വെളിപ്പെടുത്തൽ. ജൂലൈ 27നാണ് ചാവേറിന്റെ വരവിനെ കുറിച്ച് ഇന്ത്യയെ മറ്റൊരു വിദേശ രാജ്യത്തെ ഇന്റലിജൻസ് ഏജൻസി അറിയിച്ചത്. റഷ്യ വഴി വരുമെന്നായിരുന്നു സൂചന. വിസയ്ക്കായി റഷ്യയിലെ എംബസിൽ എത്തുമെന്നും അറിയിച്ചു. ഇക്കാര്യം റഷ്യയ്ക്ക് ഇന്ത്യ കൈമാറി. ഇതാണ് അറസ്റ്റിലേക്ക് എത്തിയത്.

കിർഗിസ്ഥാനിൽ നിന്നും ഉസ്‌ബെകിസ്ഥാനിൽ നിന്നുമുള്ള രണ്ട് പേരെയാണ് ഇന്ത്യയിലെ ചാവേർ ആക്രമണത്തിന് ഐഎസ് നിയോഗിച്ചിരിക്കുന്നത്. തുർക്കിക്കാരനേയും സജ്ജമാക്കിയിരുന്നു. റഷ്യയിൽ നിന്ന് ആവശ്യമായ രേഖകൾ സംഘടിപ്പിച്ച ശേഷം ഇന്ത്യയിലെത്തി ചാവേറാക്രമണം നടത്താനായിരുന്നു പദ്ധതി. പ്രവാചകനിന്ദയുടെ പേരിലാണു ചാവേറാക്രമണത്തിനു തീരുമാനിച്ചതെന്നു ഭീകരൻ ഏറ്റുപറയുന്നതും വിഡിയോയിലുണ്ട്. ഇയാളുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. അതേസമയം ഭരണകക്ഷിയിലെ ഉന്നത നേതാവിനെ വധിക്കാൻ ലക്ഷ്യമിട്ടു എന്നതിലുപരിയായി ഏതാണ് നേതാവെന്ന് ന്യൂസ് ഏജൻസി വ്യക്തമാക്കിയിട്ടില്ല. എങ്കിലും നൂപൂർ ശർമ്മയെയാണ് ലക്ഷ്യമിട്ടതെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ അവർക്ക് സുരക്ഷ കൂട്ടും.

റഷ്യയിൽ നിരോധിച്ചിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ്, അന്താരാഷ്ട്ര ഭീകര സംഘടനാ അംഗത്തെ തിരിച്ചറിഞ്ഞ് എഫ്എസ്ബി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മധ്യേഷ്യൻ രാജ്യക്കാരനാണ് പിടിയിലായത്. ഇന്ത്യയുടെ ഭരണകക്ഷി പ്രതിനിധികളിൽ ഒരാൾക്കെതിരെ സ്വയം പൊട്ടിത്തെറിച്ച് ചാവേറാക്രമണം നടത്തി വധിക്കാൻ പദ്ധതിയിട്ടയാളാണ് പിടിയിലായതെന്നും, തുർക്കിയിൽനിന്നാണ് പരിശീലനം ലഭിച്ചതെന്നും എഫ്എസ്ബി പ്രസ്താവനയിൽ അറിയിച്ചു.

വാർത്ത അതീവ ഗൗരവത്തോടെയാണ് സർക്കാർ നിരീക്ഷിക്കുന്നത്. ഇതു സംബന്ധിച്ച് റഷ്യ ഇന്ത്യക്ക് വിവരങ്ങൾ കൈമാറും. എന്നാൽ ഇതു സംബന്ധിച്ച കൂടുതൽ പ്രതികരണത്തിന് റഷ്യൻ ഏജൻസികൾ തയ്യാറായിട്ടില്ല. പലപ്പോഴും ഇന്ത്യക്ക് നേരെ ഐഎസ് ഭീഷണി ഉയർന്നിട്ടുണ്ടെങ്കിലും ഭരണകക്ഷി നേതാവിന് നേരെ ആക്രമണ സാധ്യതയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആദ്യമാണ്. ഐഎസിനേയും സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളെയും തീവ്രവാദ സംഘടനയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന്റെ ആദ്യ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയായിരുന്നു നടപടി.

ഐസിസ് തങ്ങളുടെ ആശയ പ്രചാരണത്തിന് ഇന്റർനെറ്റ് അധിഷ്ഠിത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സൈബർസ്‌പേസിൽഏജൻസികൾ സൂക്ഷ്മമായ നിരീക്ഷണം ഏർപ്പെടുത്തുകയും നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു.

ഐഎസിലെ പ്രധാന നേതാക്കളിലൊരാളാണ് ഇന്ത്യയിൽ വൻ ഭീകരാക്രമണം നടത്താൻ ചാവേറിനെ ചുമതലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ടെലഗ്രാം ഗ്രൂപ്പിലൂടെയാണ് ഭീകരസംഘം വൻ ആക്രമണത്തിന് പദ്ധതികൾ ആസൂത്രണം ചെയ്തത്. തുർക്കിയിൽ നിന്ന് ഈ വർഷം ഏപ്രിൽ മുതൽ ജൂൺ മാസത്തിനിടെയൊണ് ഐഎസിലേക്ക് ഭീകരനെ റിക്രൂട്ട് ചെയ്യുന്നത്. ടെലിഗ്രാം ആപ്പിലൂടെ ചാവേർ ആക്രമണത്തിനും മറ്റ് തീവ്രവാദ പ്രവർത്തനങ്ങൾക്കുമുള്ള പഠിപ്പിക്കലും സഹായങ്ങളും സജ്ജമാക്കിയിരുന്നതെന്ന് എഫ്എസ്ബിയുടെ പ്രസ്താവനയിൽ പറയുന്നു.

ടൈംസ് നൗ ചാനലിന്റെ സംവാദ ഷോയ്ക്കിടെ ബിജെപിയുടെ പുറത്താക്കപ്പെട്ട നേതാവ് നുപൂർ ശർമ നടത്തിയ പ്രസ്താവന രാജ്യാന്തര തലത്തിൽ ഇന്ത്യക്ക് വിമർശനങ്ങൾക്ക് ഇടയാക്കി. പ്രധാനമായും മുസ്ലിം അറബ് രാഷ്ട്രങ്ങളാണ് ഇന്ത്യയോട് പ്രതിഷേധം പ്രകടിപ്പിച്ചത്. പിന്നീട് ഇന്ത്യ അറബ് രാഷ്ട്രങ്ങളോട് വിശദീകരണം നൽകുകയും ചെയ്തു.