പത്തനംതിട്ട: തിളക്കം കൂട്ടാമെന്ന് പറഞ്ഞ് ലായനിയിൽ മുക്കി കലഞ്ഞൂരിൽ നിരവധി വീട്ടമ്മമാർക്ക് സ്വർണവുമായി ഇതരസംസ്ഥാന സംഘം കടന്നു. നിരവധി പേർ തട്ടിപ്പിന് ഇരയായെങ്കിലും കൂടൽ പൊലീസിൽ പരാതി നൽകിയത് കലഞ്ഞൂർ കാഞ്ഞിരം മുകൾ ശാന്തി ബിജു മാത്രമാണ്. ഒരു വീട്ടമ്മയുടെ രണ്ടര പവൻ സ്വർണ മാല ലായനിയിൽ മുങ്ങി നിവർന്നപ്പോൾ ഒമ്പതു ഗ്രാമായി.

ലായനി മാജിക്കിലൂടെ വീട്ടമ്മമാരുടെ വിശ്വാസമാർജിക്കുകയാണ് സംഘം ആദ്യം ചെയ്തത്. വീട്ടിലുള്ള ക്ലാവ് പിടിച്ചതും കരി പുരണ്ടതുമായ വിളക്കുകൾ, ഉരുളികൾ എന്നിവ ഒരു രാസവസ്തു ഉപയോഗിച്ച് തേക്കുമ്പോൾ സ്വർണം പോലെ വെട്ടിത്തിളങ്ങി. അമ്പരന്നു നിൽക്കുന്ന വീട്ടമ്മമാരിൽ നിന്ന് അഴുക്കും പൊടിയും പുരണ്ട വെള്ളിക്കൊലുസു പോലുള്ള ആഭരണങ്ങൾ വാങ്ങി കൈവശമുള്ള ഒരു ലായനിയിൽ മുക്കും. മുങ്ങി നിവരുന്ന വെള്ളി കണ്ടാൽ സ്വർണം പോലും തോൽക്കും.

ഇതോടെ വീട്ടമ്മമാർക്ക് ഇവരിൽ വിശ്വാസമാകും. ഇനിയാണ് കളി. ഒടുവിൽ ചോദിക്കുന്നത് ഇവരുടെ കൈയിലുള്ള സ്വർണമാല, വള എന്നിവയാണ്. ഇത് ലായനിയിൽ മുക്കുന്നതോടെ കരിക്കട്ട പോലെയാകും. സ്വർണത്തിലെ മാലിന്യം നശിച്ചുവെന്നും ഇത് പഴയതു പോലെയാകാൻ മഞ്ഞൾ ചേർത്ത് വെളിച്ചെണ്ണയിൽ ഒരു മണിക്കൂർ മുക്കി വയ്ക്കാനും നിർദ്ദേശിച്ച് സംഘം മുങ്ങും.

ഒരു മണിക്കൂർ കഴിഞ്ഞു നോക്കിയപ്പോൾ മാല ദ്രവിച്ച നിലയിലായിരുന്നു. സംശയം തോന്നിയ വീട്ടമ്മ കലഞ്ഞൂരിലെ സ്വർണ കടയിൽ എത്തി തൂക്കി നോക്കിയപ്പോൾ രണ്ടര പവന്മാല ഒൻപതര ഗ്രാമായി കുറഞ്ഞിരിക്കുന്നു. മുക്കിയപ്പോൾ തന്നെ മാലയിലെ സ്വർണം ലായനിയിൽ കിട്ടിയ തട്ടിപ്പുകാർ അതും കൊണ്ട് മുങ്ങി.

തമിഴും ബംഗാളിയും സംസാരിക്കുന്ന രണ്ടു പേർ ആണ് തട്ടിപ്പ് നടത്തിയത്. കരി പിടിച്ച സാധനം വെളിപ്പിച്ചു നൽകാം എന്ന് പറഞ്ഞാണ് പല വീടുകളിലും എത്തിയത്. ആദ്യം ക്ലാവ് പിടിച്ച സാധനം എല്ലാം മിനുക്കി നൽകി. ഒടുവിലാണ് സ്വർണമാല, വള എന്നിവ വാങ്ങുന്നത്. ഒരു മണിക്കൂർ വരെ സ്വർണ ഉരുപ്പടികൾ പഴയ രൂപത്തിൽ കാണും. പിന്നെ അത് ദ്രവിച്ച് പൊടിയാകും. ആഭരണത്തിന്റെ ഭൂരിഭാഗവും ലായനിയിൽ ലയിപ്പിച്ചാണ് ഇവർ കൊണ്ടു പോകുന്നത്.