- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തതിന്റെ പ്രതികാരം; എസ്ഐയെ രണ്ടു ദിവസത്തിന് ശേഷം തനിച്ചു കിട്ടിയപ്പോൾ ആക്രമിച്ചു: കോന്നിയിൽ ഒളിവിലായിരുന്ന യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
കോന്നി: മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്ത എസ് ഐയെ ഒറ്റയ്ക്ക് കൈയിൽ കിട്ടിയപ്പോൾ ആക്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂവൻപാറ പെന്തക്കോസ്തു പള്ളിക്ക് സമീപം കോട്ടമുരുപ്പേൽ വീട്ടിൽ മാഹീനെ (37) യാണ് പൊലീസ് ഇന്ന് രാവിലെ ചൈനാമുക്കിൽ നിന്ന് പിടികൂടിയത്.
കഴിഞ്ഞ 20 നാണ് മദ്യപിച്ച് വാഹനമോടിച്ചതിന് എസ്‌ഐ സജു എബ്രഹാം മാഹീനെതിരേ കേസെടുത്തത്. രണ്ടു ദിവസത്തിന് ശേഷം തിങ്കളാഴ്ച രാത്രി ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ വന്ന എസ്ഐയെ മാഹിൻ ക്രൂരമായി മർദിക്കുകയായിരുന്നു. കോന്നി ടൗണിലെ ഗുരുവായൂരപ്പൻ ഹോട്ടലിൽ വച്ചായിരുന്നു മർദനം.
ചീത്ത വിളിച്ചുകൊണ്ട് പാഞ്ഞടുത്ത ഇയാൾ എസ്‌ഐയുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് വലിച്ചു പുറത്തുകൊണ്ട് പോയി അടിക്കുകയും തറയിലിട്ട് ചവിട്ടുകയും ചെയ്യുകയായിരുന്നു. എസ്‌ഐ അറിയിച്ചത് പ്രകാരം സ്റ്റേഷനിൽ നിന്നും പൊലീസ് എത്തുമ്പോഴേക്കും ഇയാൾ സ്ഥലത്തുനിന്നും കടന്നിരുന്നു.
ഒളിവിൽ പോയ പ്രതിയെ എസ്‌ഐമാരായ രവീന്ദ്രൻ, അനീഷ്, സി.പി.ഓ ദിനേശ് എന്നിവരുടെ സംഘം നടത്തിയ തെരച്ചിലിലാണ് ചൈനാമുക്കിൽ നിന്നും പിടികൂടിയത്. മദ്യപിച്ച് വാഹനം ഓടിച്ചതിനും കോവിഡ് നിയമങ്ങൾ ലംഘിച്ചതിനുമായി മൂന്നു കേസുകൾ മുമ്പ് കോന്നി പൊലീസ് സ്റ്റേഷനിൽ യുവാവിനെതിരെ രജിസ്റ്റർ ചെയ്തിരുന്നു.