ബെംഗളൂരു: കാമുകന് നൽകാൻ പതിനേഴുകാരിയായ പെൺകുട്ടി വീട്ടിൽ നിന്ന് മോഷ്ടിച്ചത് 1.9 കിലോ ഗ്രാം സ്വർണ്ണവും 5 കിലോ ഗ്രാം വെള്ളിയും പണവും. യുവാവിന്റെ ഭീഷണിയിൽ പതറിപ്പോയ പെൺകുട്ടി പലപ്പോഴായി വീട്ടിൽ നിന്നം സ്വർണവും പണവും മോഷ്ടിച്ച് നൽകുകയായിരുന്നു. വീട്ടിൽ നിന്ന് സ്വർണ്ണവും വെള്ളിയും നഷ്ടപ്പെട്ടതറിഞ്ഞ് പിതാവ് മകളെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. 20കാരനായ കോളേജ് വിദ്യാർത്ഥിയാണ് പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്ത് സ്വർണവും വെള്ളിയും പണവും തട്ടിയെടുത്തത്.

പെൺകുട്ടിയിൽ നിന്നും സംഭവം മനസ്സിലാക്കിയ് പിതാവ് ബ്യാതരായണപുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 20കാരനായ ബി കോം വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. പൊലീസ് പോക്‌സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 45കാരനായ പെൺകുട്ടിയുടെ പിതാവ് സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ആണ്. 2018ൽ അദ്ദേഹത്തിന്റെ പിതാവും 2021ൽ ഭാര്യയും മരിച്ചിരുന്നു. ഇതിൽ മാനസികമായി തളർന്നതിനാൽ വീട്ടിൽ ഉണ്ടായിരുന്ന ആഭരണങ്ങളിലും മറ്റും കൂടുതൽ ശ്രദ്ധ ചെലുത്താൻ പറ്റിയിരുന്നില്ലെന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു.

ജുലൈയിൽ ഇൻഷുറൻസ് കമ്പനിയുടെ ഉദ്യോഗസ്ഥൻ എത്തി ആഭരണങ്ങളുടെ പ്രീമിയം അടക്കണമെന്നാവശ്യപ്പെട്ടപ്പോഴാണ് വീട്ടിൽ നിന്ന് ഇവയൊക്കെ നഷ്ടപ്പെട്ട വിവരം ഇയാൾ അറിയുന്നത്. തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ ആൺസുഹൃത്തിനെക്കുറിച്ച് പെൺകുട്ടി പിതാവിനോട് പറയുകയായിരുന്നു. പത്താം ക്ലാസ് മുതൽക്കേ ആൺകുട്ടിയുമായി ഡേറ്റിങ്ങിലായിരുന്നെന്ന് പെൺകുട്ടി പിതാവിനോട് വെളിപ്പെടുത്തി. എപ്പോൾ മുതലാണ് സ്വർണവും പണവും തട്ടിയതെന്ന് വ്യക്തമായിട്ടില്ല.

അതേസമയം തന്റെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പണം നൽകിയതെന്ന് പെൺകുട്ടിവ്യക്തമാക്കി. ആദ്യം 25,00, 5,000, 10,000 രൂപകളായിരുന്നു ആവശ്യപ്പെട്ടിരുന്നത്. തന്നില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ കോളേജ് ചുമരിൽ ഒട്ടിക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. പേടിച്ചരണ്ട പെൺകുട്ടി പണമായും സ്വർണമായും കിട്ടിയതെല്ലാം യുവാവിന് നൽകുക ആയിരുന്നു.

പിന്നീട് രണ്ട് ലക്ഷം രൂപ ചോദിക്കുകയും തന്നില്ലെങ്കിൽ സമൂഹ മാധ്യമങ്ങളിൽ മോർഫ് ചെയ്ത് ചിത്രം പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ് പെൺകുട്ടി വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 1.9 കിലോ ഗ്രാം സ്വർണ്ണാഭരണങ്ങളും 5 കിലോ വെള്ളിയും പെൺകുട്ടി വീട്ടിൽ നിന്ന് മോഷ്ടിക്കുകയായിരുന്നു. പെൺകുട്ടിയുമായി താൻ ഡേറ്റിങ്ങിലായിരുന്നു എന്ന കാര്യം ആൺകുട്ടി സമ്മതിച്ചതായി മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.

പെൺകുട്ടി വീട്ടിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ച് തനിക്ക് തന്നു എന്ന കാര്യം ആൺകുട്ടി സമ്മതിച്ചു, എന്നാൽ താൻ പെൺകുട്ടിയെ ബ്ലാക്‌മെയിൽ ചെയ്തിട്ടില്ലെന്നാണ് ആൺകുട്ടി പറയുന്നതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി വേറെ ആർക്കെങ്കിലും ഇത്തരത്തിൽ സ്വർണം കൊടുത്തിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്.