പത്തനംതിട്ട: ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷത്തിനിടെ ഉണ്ടായ ആക്രമത്തിൽ സംഘാടകരായ നാല് പേർക്ക് പരിക്കേറ്റു, മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ചെന്നീർക്കര നല്ലാനിക്കുന്ന് ഡ്രീംസ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തിരുവോണദിവസം നടന്ന പരിപാടിക്കിടെ ഇന്ന് വെളുപ്പിന് രണ്ട് മണിയോടെയാണ് സംഘർഷമുണ്ടായത്.

ആറാം പ്രതി പാണ്ടനാട് കീഴ്‌വന്മൂഴിയിൽ പൂപ്പുറത്ത് തകിടിയിൽ വീട്ടിൽ സുരേഷിന്റെ മകൻ നിധീഷ് കുമാർ (26), ഏഴാം പ്രതി പാണ്ടനാട് കീഴ്‌വന്മൂഴിയിൽ വാലിയേഴത്ത് വീട്ടിൽ വേണുവിന്റെ മകൻ അഖിൽ വി എസ് (22) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഏഴ് പേരുള്ള അക്രമി സംഘത്തിൽ ബാക്കിയുള്ളവർ ഒളിവിലാണ്.

ഇവരുടെ സംഘം പരിപാടി അലങ്കോലപ്പെടുത്തിയത് ചോദ്യം ചെയ്തപ്പോഴാണ് വളന്റിയർമാരായ നാലുപേർക്ക് കത്തിക്കുത്തേറ്റത്. ചെന്നീർക്കര ഇലവുംതിട്ട നല്ലാനിക്കുന്ന് പ്ലാവ് നിൽക്കുന്നതിൽ വീട്ടിൽ സന്തോഷ്‌കുമാറിന്റെ മകൻ ആരോമൽ (20), ഇയാളുടെ ചേട്ടൻ അഖിൽ, ആരോമലിന്റെ സുഹൃത്തുക്കളായ വിജേഷ്, സുബിൻ എന്നിവർക്കാണ് കുത്തേറ്റത്.

ആരോമൽ, അഖിൽ, വിജേഷ് എന്നിവർക്ക് നെഞ്ചിലും വയറ്റിലും തുടയിലുമാണ് ഗുരുത്രമായി മുറിവേറ്റത്. ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. സുബിന് കയ്യിലാണ് പരിക്ക്.

ഒന്നും രണ്ടും മൂന്നും പ്രതികളാണ് കുത്തിയത്, തുടർന്ന് എല്ലാവരും ചേർന്ന് മർദ്ദിക്കുകയും ചെയ്തു. പിടികൂടിയ പ്രതികളുടെ അറസ്റ്റ് വിശദമായ ചോദ്യം ചെയ്യലിന് ശേഷം വൈകിട്ട് രേഖപ്പെടുത്തി. ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.