- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹ സാഹചര്യത്തിൽ മരിച്ചത് പത്തുമാസം മുൻപു വിവാഹിതയായ 27കാരി; മദ്യപിച്ചെത്തി ഭർത്താവ് മർദിച്ചിരുന്നതായും ഭർതൃമാതാപിതാക്കൾ വഴക്കിട്ടിരുന്നതായും ബന്ധുക്കൾ
ഇടുക്കി: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തുമാസം മുൻപു വിവാഹിതയായ യുവതിയാണ് ആത്മഹത്യ ചെയ്തത്. ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്പിൽ കുട്ടപ്പൻ-ചിന്നമ്മ ദമ്പതികളുടെ മകളും വളകോട് പുത്തൻവീട്ടിൽ ജോബിഷിന്റെ ഭാര്യയുമായ എം.കെ.ഷീജ (27) ആണ് മരിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി. ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചിരുന്നതായാണ് വിവരം.
മദ്യപിച്ചെത്തി ജോബിഷ് മർദിച്ചിരുന്നതായും ഭർതൃമാതാപിതാക്കൾ വഴക്കിട്ടിരുന്നതായും ഷീജ പരാതി പറഞ്ഞിരുന്നതായും സഹോദരൻ അരുൺ ആരോപിച്ചു. ജീവിതം മടുത്തതായി ഷീജ ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി അരുൺ ആരോപിക്കുന്നു. 2021 നവംബർ 13നായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം ഭർത്താവും മാതാപിതാക്കളും വളരെ മോശമായാണ് പെരുമാറിയതെന്നാണ് വിവരം.
ഓണത്തിനു മുൻപ് രണ്ടാഴ്ച ഷീജ സ്വന്തം വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം ബന്ധുക്കൾക്കൊപ്പം ഏലപ്പാറയ്ക്കുപോയ ഷീജയെ അവിടെ നിന്ന് ജോബിഷ് കൂട്ടിക്കൊണ്ടു പോയിരുന്നു. തിരുവോണ ദിവസം ഉച്ചയ്ക്ക് ഷീജയെയും കൂട്ടി ഹെലിബറിയയിലെ വീട്ടിൽ വന്നെങ്കിലും വൈകിട്ടു മടങ്ങി. ഇന്നലെ രാവിലെ 9.40ന് ജോബിഷ് വിളിച്ചതുപ്രകാരം അരുൺ വളകോട്ടിലെ വീട്ടിൽ എത്തി. ഷീജയുടെ കാര്യം തിരക്കിയപ്പോൾ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നാണ് പറഞ്ഞത്.
തുടർന്ന് ഉപ്പുതറ സർക്കാർ ആശുപത്രിയിൽ എത്തി അന്വേഷിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.