തിരുവല്ല: മിനിലോറിയിൽ കടത്തുകയായിരുന്ന 30 ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മംഗലാപുരം സ്വദേശികളായ രണ്ട് പേർ പിടിയിൽ. തൊണ്ടി മുതലും പ്രതികളുമായി ലക്ഷ്യസ്ഥാനം തേടിയിറങ്ങിയ പൊലീസിനെ പറ്റിച്ച് സാധനങ്ങളുടെ ഉടമ മുങ്ങി. വീടിന് ചുറ്റും സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയിലൂടെ പൊലീസിന്റെ നീക്കം ലൈവായി കണ്ടാണ് ഇയാൾ ഫോണും ഓഫ് ചെയ്ത് മുങ്ങിയത്.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നാർക്കോട്ടിക്ക് സെൽ ഡിവൈ.എസ്‌പി കെഎ വിദ്യാധരൻ അടങ്ങുന്ന ഡാൻസാഫ് സംഘവും പുളിക്കീഴ് പൊലീസും ചേർന്നാണ് ഇന്ന് പുലർച്ചെ നാലു മണിയോടെ വൻ തോതിലുള്ള പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

ലോറി ഓടിച്ചിരുന്ന മംഗലാപുരം ബെഗ്രേ കസബയിൽ എംജെഎം സ്ട്രീറ്റിൽ റഫീഖ് മുഹമ്മദ് ത്വാഹ, സഹായി സംഗബേട്ട് കൽക്കുരി വീട്ടിൽ സിറാജുദീൻ എന്നിവരാണ് പിടിയിലായത്. 65 ചാക്കുകളിലായി നിറച്ച നിലയിലായിരുന്ന നാൽപ്പത്തി ഒമ്പതിനായിരത്തോളം പായ്ക്കറ്റ് ഹാൻസാണ് പിടികൂടിയത്. കെട്ടിട നിർമ്മാണ സാമിഗ്രികൾ എന്ന വ്യാജേനെ പലകകൾക്ക് അടിയിൽ കറുത്ത ടാർപോളിൻ ഉപയോഗിച്ച് മൂടിയ നിലയിലാണ് ചാക്കു കെട്ടുകൾ വാഹനത്തിൽ ഒളിപ്പിച്ചിരുന്നത്.

കർണാടകയിൽ നിന്നും കടത്തിക്കൊണ്ടു വന്ന പുകയില ഉൽപ്പന്നങ്ങൾ ഇലവുംതിട്ടയിലേക്ക് കൊണ്ടുവന്നതായിരുന്നു. പ്രതികളെയും കൂട്ടി പുകയിലയുടെ ഉടമസ്ഥനെ തേടി വീട്ടിൽ എത്തി. തുടർന്ന് പിടിയിലായവരെ കൊണ്ട് ഇയാളെ വിളിപ്പിച്ചു. പൊലീസിന്റെ നീക്കം വീട്ടിൽ സ്ഥാപിച്ചിരുന്ന കാമറയിലൂടെ തത്സമയം മൊബൈൽ ഫോണിൽ കണ്ടു കൊണ്ടിരുന്ന ഉടമ ഫോണും ഓഫ് ചെയ്ത് മുങ്ങുകയും ചെയ്തു.

ഡാൻസാഫ് എസ്ഐ അജി വിൽസൺ, എഎസ്ഐ അജി കുമാർ, സിപി ഒമാരായ മിഥുൻ ജോസ്, ആർ ബിനു, സുജിത് കുമാർ, വി. എസ് അഖിൽ, ശ്രീരാജ്, പുളിക്കീഴ് എസ്‌ഐ മാരായ കവി രാജൻ, സാജൻ പീറ്റർ, സാജു, എഎസ്ഐ മാരായ സി കെ അനിൽ, എസ് എസ് അനിൽ, സി പി ഒ പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.