- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടാക്കടയിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മർദനം; അഞ്ചാം ദിവസവും പ്രതികളെ പിടികൂടാതെ പൊലീസ്; പ്രതികൾ ഒളിവിലെന്ന് വിശദീകരണം; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുമെന്ന് പ്രേമനൻ
തിരുവനന്തപുരം:കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെയും മകളെയും ക്രൂരമായി മർദിച്ച കെഎസ്ആർടിസി ജീവനക്കാരെ സംഭവം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും അറസ്റ്റു ചെയ്യാതെ പൊലീസിന്റെ ഒളിച്ചുകളി. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നിലപാടിൽ ഏറെ വിഷമമുണ്ടെന്ന് മർദനത്തിന് ഇരയായ പ്രേമനൻ പറഞ്ഞു.എഫ്.ഐ.ആറിന്റെ പകർപ്പ് താൻ ആവശ്യപ്പെട്ടിരുന്നു.അന്നാൽ ഇത് നൽകാൻ പൊലീസ് തയ്യാറായിട്ടില്ല. കേസിലെ പൊലീസിന്റെ അലംഭാവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുമെന്നും പ്രേമനൻ പറഞ്ഞു
കഴിഞ്ഞദിവസമാണ് പ്രേമനനേയും മകളേയും മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ തീരുമാനിച്ചത്.ഇന്നലെ മൊഴിയെടുത്ത ശേഷമാണ് സ്ത്രീത്വത്തെ അപമാനിച്ചതിനു ഐപിസി 354 അനുസരിച്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ജീവനക്കാർ ആക്രമിച്ചെന്നു പറഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തിയിട്ടില്ല. ഈ സാഹചര്യത്തിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ ഇരുട്ടിൽ തപ്പുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.ഇവർ ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ പ്രതികളിൽ ചിലർ ഭരണകക്ഷി യൂണിയന്റെ നേതാക്കളായതിനാലാണ് പൊലീസ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നാണ് ആരോപണം.
സസ്പെൻഷനിലായ കണ്ടക്ടർ എൻ.അനിൽകുമാർ കെഎസ്ആർടിഇഎ സിഐടിയു കാട്ടാക്കട യൂണിറ്റ് സെക്രട്ടറിയാണ്. സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെറീഫ് സിഐടിയു ആര്യനാട് യൂണിറ്റ് അംഗമാണ്. സുരക്ഷാ ജീവനക്കാരൻ എസ്.ആർ.സുരേഷ് ഐഎൻടിയുസി പ്രവർത്തകനാണ്. അസിസ്റ്റന്റ് സി.പി.മിലൻ ഐഎൻടിയുസി സംസ്ഥാന കൗൺസിൽ അംഗമാണ്. മർദനമേറ്റ പ്രേമനൻ ഇടതു സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ മേഖലാ വൈസ് പ്രസിഡന്റാണ്. കാട്ടാക്കട ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ മെക്കാനിക്ക് അജിയെ കൂടി പുതിയതായി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ