ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ പ്രതിയായ മലയാളി വ്യവസായി വിജയ് നായർ അറസ്റ്റിൽ. ചോദ്യം ചെയ്യാൻ ഡൽഹി സിബിഐ ആസ്ഥാനത്തേക്ക് വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മദ്യ അഴിമതി കേസിൽ ഗൂഢാലോചനയിൽ പങ്കാളിയായി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. 

അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉൾപ്പെടെ 31 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. തുടർ നടപടിയായാണ് വിജയ് നായരെ അറസ്റ്റ് ചെയ്തത്. സിസോദിയ ഉൾപ്പെടെ 14 പേർക്കെതിരേയാണ് സിബിഐ. എഫ്.ഐ.ആർ. സമർപ്പിച്ചിരുന്നത്.

മുംബൈ ആസ്ഥാനമായ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മുൻ സിഇഒ ആണ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെട്ട മദ്യനയ അഴിമതിക്കേസിലാണ് വിജയ് നായർ അറസ്റ്റിലയാത്. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വേണ്ടി വിജയ് നായർ പ്രവർത്തിച്ചിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണ് ഇത്. സ്വകാര്യ മേഖലയ്ക്കായി മദ്യവിൽപ്പനയ്ക്കുള്ള അവസരം തുറന്നിടുന്ന പുതിയ മദ്യനയത്തിൽ ലൈസൻസുകൾ അനുവദിക്കുന്നതിലുൾപ്പെടെ ചട്ടങ്ങൾ ലംഘിച്ചെന്നാണ് ആരോപണം.

കെജ്രിവാൾ സർക്കാരിന്റെ വിവാദ മദ്യ നയ രൂപീകരണത്തിന് പിന്നിൽ പ്രവർത്തിച്ചതിലൊരാൾ വിജയ് നായരാണെന്നാണ് സിബിഐ കണ്ടെത്തൽ. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി അടുത്ത ബന്ധമുള്ള ആളു കൂടിയാണ് വിജയ് നായർ. തൃശ്ശൂർ സ്വദേശിയായ വിജയ്‌നായർ മുംബൈ കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. 

2021 നവംബറിൽ നടപ്പിലാക്കിയ മദ്യ നയമാണ് കേസിനാധാരം. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുത്ത കൂട്ടാളികളായ അമിത് അറോറ, ദിനേഷ് അറോറ, അർജുൻ പാണ്ഡെ എന്നിവർ മദ്യ ലൈസൻസികളിൽ നിന്ന് കമ്മീഷൻ വാങ്ങി സർക്കാർ ഉദ്യോഗസ്ഥർക്ക് എത്തിച്ചെന്നും സിബിഐ ആരോപിക്കുന്നുണ്ട്. മനീഷ് സിസോദിയ ഉൾപ്പെടെ പതിനഞ്ച് പേർക്കതിരെയാണ് സിബിഐ കേസെടുത്തത്. ഡൽഹി ഏക്‌സൈസ് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും പ്രതികളാണ്.

മുംബൈ മലയാളിയും വ്യവസായിയുമായ വിജയ് നായരാണ് കേസിലെ അഞ്ചാം പ്രതി. തെലങ്കാനയിൽ സ്ഥിരതാമസമാക്കിയ അരുൺ രാമചന്ദ്രപിള്ള പതിനാലാം പ്രതിയാണ്. പുതിയ മദ്യനയത്തിന് പിന്നിൽ വിജയ് നായർ ഉൾപ്പെടെയുള്ള നാല് വ്യവസായികളുടെ ഇടപെടലുണ്ടെന്നാണ് സിബിഐ ആരോപിക്കുന്നത്. പല കമ്പനികൾക്കും ലൈസൻസ് കിട്ടാൻ അരുൺ ഇടനില നിന്നെന്നും നാല് കോടി രൂപയോളം ഇടനില നിന്നവർക്ക് കിട്ടിയെന്നും സിബിഐ പറയുന്നു.

എക്‌സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. ഡൽഹി എക്‌സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതിർന്ന രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നൽകിയെന്നാണ് സിബിഐ കണ്ടെത്തൽ.

മലയാളിയും വ്യവസായിയുമായ വിജയ് നായർ അടക്കമുള്ള ചില വ്യാപാരികളും പുതിയ മദ്യനയത്തിന് രൂപം നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു. സിസോദിയയുമായി അടുപ്പമുള്ളവർക്ക് ഇവർ കോടികൾ കൈമാറിയെന്നും, ഇത് കമ്മീഷൻ തുകയാണെന്നും സിബിഐ എഫ്‌ഐആറിൽ പറയുന്നു.

കേസിൽ സിബിഐ നടപടികൾ തുടരുകയാണ്. സിസോദിയയുടെ വീട്ടിലടക്കം രാജ്യത്ത് 31 ഇടങ്ങളിൽ പരിശോധന നടത്തിയ സിബിഐ പ്രതികളെ ഓരോരുത്തരെയായി ചോദ്യം ചെയ്യാനും വിളിപ്പിക്കുന്നുണ്ട്. കണക്കിൽപെടാത്ത കോടികളുടെ ഇടപാട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കേസിൽ ഇഡിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

എന്നാൽ രാജ്യത്തെ ഏറ്റവും മികച്ച മദ്യ നയമാണ് നടപ്പാക്കിയതെന്നും ഒരഴിമതിയും നടത്തിയിട്ടില്ലെന്നുമാണ് സിസോദിയ ആവർത്തിക്കുന്നത്. കടയുടമകളെ കേന്ദ്ര ഏജൻസികളെ കാണിച്ച് വിരട്ടി, ഗവർണറുമായി ഗൂഢാലോചന നടത്തിയാണ് മദ്യ നയത്തെ തകർത്തതെന്നും സിസോദിയ പറയുന്നു. ഏതായാലും വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പടുത്തിരിക്കേ കേസിലെ നടപടികൾ ആംആദ്മി പാർട്ടിക്ക് നിർണായകമാണ്.