- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാത്സംഗ കേസിലെ പ്രതി; അതിജീവിതയെ ഉപദ്രവിക്കാൻ ശ്രമിച്ചതിനും കേസ്; സസ്പെൻഷൻ പിന്നിട്ട് വീണ്ടും കാക്കിയണിഞ്ഞപ്പോൾ മാമ്പഴം മോഷണം; ഇടുക്കി എ. ആർ. ക്യാമ്പിലെ മാമ്പഴ കള്ളൻ 'സ്ഥിരം കുറ്റവാളി'; സേനയുടെ മാനം കെടുത്തിയ ഷിഹാബ് ഉടൻ പിടിയിലായേക്കും
കോട്ടയം: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ കാഞ്ഞിരപ്പള്ളിയിൽ കടയിൽ നിന്നും നിന്നും മാമ്പഴം മോഷ്ടിച്ച പൊലീസുകാരൻ ബലാത്സംഗ കേസിലടക്കം കുറ്റാരോപിതൻ. ഇടുക്കി എ.ആർ. ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ഷിഹാബിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്.
ഭാര്യയും രണ്ടു മക്കളുമുള്ള വണ്ടൻപതാൽ സ്വദേശിയായ ഇയാൾ പീഡന കേസിലും പ്രതിയാണ്. രണ്ട് തവണയാണ് ഇയാൾക്കെതിരെ യുവതി പരാതി നൽകിയത്. രണ്ട് പരാതിയിലും കേസെടുത്തിരുന്നു. രണ്ടാമത് യുവതി നൽകിയ പരാതിയിൽ സർവീസിൽ നിന്നും സസ്പെൻഷനിലായി.
പ്രണയം നടിച്ച് പീഡിച്ചുവെന്നായിരുന്നു ആദ്യം യുവതി നൽകിയ പരാതി. 2019-ൽ മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ ബലാത്സംഗക്കേസിൽ ഇയാൾ വിചാരണ നേരിട്ടുവരികയാണ്. ബലാത്സംഗക്കേസിലെ അതിജീവിതയെ പിന്നീട് ഉപദ്രവിക്കാൻ ശ്രമിച്ചതിനാണ് സസ്‌പെൻഷനിലായത്. യുവതിയെ ഇയാൾ ഭീഷണിപ്പെടുത്തിയതോടെയാണ് വീണ്ടും പരാതി നൽകിയത്.
സസ്‌പെൻഷൻ കാലാവധി പൂർത്തിയാക്കി വീണ്ടും കാക്കിയണിഞ്ഞതിന് പിന്നാലെയാണ് കടയിൽനിന്ന് മാമ്പഴം മോഷ്ടിച്ചെന്ന കുറ്റത്തിന് പൊലീസുകാരൻ സസ്‌പെഷനിൽ ആകുന്നത്.
ഇയാൾക്കെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ഒളിവിൽ പോവുകയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. തൃശൂർ ഭാഗത്തേയ്ക്ക് ഇയാൾ കടന്നതായാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇയാൾ ഉടൻ പിടിയിലാകുമെന്നാണ് ലഭിക്കുന്ന സൂചന.
ഡ്യൂട്ടി കഴിഞ്ഞു സ്‌കൂട്ടറിലെത്തുന്ന പൊലീസുകാരൻ പഴക്കടയിൽ നിന്നും പുറത്തു വച്ചിരുന്ന മാമ്പഴം പെറുക്കിയെടുക്കുന്നത് സി. സി. ടി. വി. യിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമമായി പ്രചരിച്ചു. ഇതോടെ പൊലീസിന് മാനക്കേടായതിനെ തുടർന്ന് കേസെടുക്കുകയായിരുന്നു.
കഴിഞ്ഞ ഞായർ പുലർച്ചെ യൂണിഫോമിൽ ഡ്യൂട്ടി കഴിഞ്ഞു മടങ്ങുമ്പോൾ കാഞ്ഞിരപ്പള്ളി പേട്ടകവലയ്ക്ക് സമീപമുള്ള കടയുടെ പുറത്ത് നിരത്തി വച്ചിരുന്ന മാമ്പഴം എടുക്കയായിരുന്നു. കടയുടെ മുകളിലുണ്ടായിരുന്ന സി. സി. ടി. വി. ക്യാമറയിൽ ഇയാളുടെ സ്‌കൂട്ടറിന്റെ നമ്പർ ഉൾപ്പെടെ പതിഞ്ഞതോടെയാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.
ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ് ഷിഹാബിന് സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്. പൊതുജനങ്ങൾക്ക് മുന്നിൽ കേരള പൊലീസിനെ നാണം കെടുത്തുന്ന പ്രവൃത്തിയാണ് ഷിഹാബ് ചെയ്തതെന്ന് സസ്പെൻഷൻ ഓർഡറിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ ഉത്തരവിൽ പറയുന്നു.
സെപ്റ്റംബർ മുപ്പത് ഞായറാഴ്ച പുലർച്ചെയാണ് കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും മാമ്പഴം മോഷണം പോയത്. കിലോയ്ക്ക് അറുന്നൂറ് രൂപ വിലയുള്ള പത്ത് കിലോയോളം മാങ്ങയാണ് മോഷ്ടിച്ചത്. മോഷണത്തിന്റ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവിൽ പൊലീസ് ഓഫീസറായ പി.വി.ഷിഹാബാണ് മാമ്പഴം മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്.
ഇയാൾക്കെതിരെ നേരത്തേയും സമാനമായ രീതിയിലുള്ള പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പല കേസുകളിലും പ്രതിയാണെന്നുമാണ് സൂചന. മുണ്ടക്കയം സ്റ്റേഷനിൽ ഐടി ആക്ട് അടക്കമുള്ള വിവിധ വകുപ്പുകളിലെ കേസുകളിൽ ഷിഹാബ് പ്രതിയാണ്. ഇങ്ങനെ രണ്ട് കേസുകളിലെ പ്രതിയാണ് ഇയാൾ എന്നാണ് കോട്ടയത്തെ പൊലീസ് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി നൽകുന്ന വിവരം.
മറുനാടന്‍ മലയാളി ബ്യൂറോ