- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതീജീവതിയുടെ അച്ഛനെയും അമ്മയേയും വെട്ടി പരിക്കേൽപ്പിച്ചു; പെൺകുട്ടിയുടെ സഹോദരനെ കൊല്ലാനും ശ്രമം; രണ്ട് മാസമായി ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതിയെ കുരുക്കിയത് പൊലീസിന്റെ ജാഗ്രത
കൊല്ലം. പോക്സോ കേസിന്റഎ വിചാരണ തുടങ്ങാനിരിക്കെ അതീജീവിതയുടെ വീട്ടിൽ കയറി അച്ഛനെയും അമ്മയേയും വെട്ടി പരിക്കേൽപ്പിച്ച ശേഷം രണ്ട് മാസമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ പൊക്കിയത് ശാസ്താംകോട്ട പൊലീസിന്റെ ജാഗ്രത. ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി വാഴപ്പള്ളി വടക്കേതിൽ ദിലീപിനെ (26)യാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത് റിമാന്റിലാക്കിയത്.
രണ്ടു മാസമായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. കേസിന് ആസ്പദമായ സംഭവം നടന്നത്്് കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനു രാത്രി എട്ട് മണിക്കാണ്. ബൈക്കിൽ വടിവാളുമായി അതിജീവതയുടെ വീട്ടിലെത്തിയ പ്രതി വൈദ്യുതിബന്ധം വിച്ചേദിച്ച ശേഷം മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു.
പിറ്റേദിവസം ദിലീപ് പ്രതിയായ പോക്സോ കേസിന്റെ വിചാരണ നിശ്ചയിച്ചിരിക്കുകയായിരുന്നു. അതിജീവിതയ്ക്കൊപ്പം പിതാവിനും മാതാവിനും കോടതിയിൽ എത്തണമായിരുന്നു. വിചാരണ വേളയിൽ തനിക്കെതിരെ മൊഴി പറഞ്ഞാൽ ശിക്ഷിക്കപ്പെടുമെന്നു മനസ്സിലാക്കിയ പ്രതി സാക്ഷികൾ കോടതിയിൽ എത്താതിരിക്കുന്നതിനു വേണ്ടിയാണ് പെൺകുട്ടിയുടെ മാതാപിതാക്കളെ ആക്രമിച്ചത്. വിചാരണ നടപടി അട്ടിമറിക്കാനാണ് പ്രതി ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു.
അക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കുറിച്ച്് പൊലീസിന് ഒരു തുമ്പും ലഭിച്ചിരുന്നില്ല. ഇതിനടെ പ്രതിയുടെ മാതാവിനെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പ്രതിയുടെ മാതാവ് വീട്ടിലെ പടുകൂറ്റൻ പ്ലാവ് വിറ്റിരുന്നു. അടുത്ത ബന്ധുക്കളോടു പ്ലാവ് വിൽക്കുന്നത് മകന്റെ കേസ് നടത്താനാണ് എന്നും ദിലീപിന്റെ അമ്മ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് വിവരം കിട്ടിയതിന് തുടർന്ന് മഫ്തി പൊലീസ് ദിലീപിന്റെ വീടിന് ചുറ്റും നിലയുറപ്പിച്ചിരുന്നു.
അമ്മയിൽ നിന്നും പണം വാങ്ങാൻ പാത്തും പതുങ്ങിയും പ്രതി രാത്രി എത്തിയപ്പോൾ പിടികൂടുകയായിരുന്നു. വേഗത്തിൽ വിചാരണ പൂർത്തിയാക്കി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്‌പി എസ്. ഷെരീഫ് പറഞ്ഞു. ശൂരനാട് എസ്എച്ച്ഒ ജോസഫ് ലിയോൺ, എസ്ഐ രാജൻ ബാബു, എഎസ്ഐമാരായ ഹർഷാദ്, നൗഷാദ്, ഹരി സിപിഒമാരായ ശ്രീകുമാർ, സന്ദീപ് , മനു എന്നിവർ ഉൾപ്പെട്ട ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നാട്ടിലെത്തിയ പ്രതി മറ്റൊരു കൊലപാതകത്തിന് ശ്രമിച്ചിരുന്നതായും പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അതിജീവിതയുടെ പിതാവിന്റെ സഹോദരി ശൂരനാട് കെസിടി ജംക്ഷനിൽ നടത്തുന്ന ലോട്ടറി കടയുടെ തട്ടിൽ വൈദ്യുതി ബന്ധം സൃഷ്ടിച്ച് ഷോക്കേൽപ്പിക്കാനായിരുന്നു ശ്രമം.
അടുത്ത വീട്ടിലെ കിണറിൽ സ്ഥാപിച്ചിരുന്ന മോട്ടറിൽ നിന്നു കവർന്ന കേബിൾ ഉപയോഗിച്ചാണ് പ്രതി വൈദ്യുതി ലൈനിൽ നിന്നു കടയുടെ ഇരുമ്പ് തട്ടിലേക്ക് കണക്ഷൻ കൊടുത്തത്. വൈദ്യുതി മോഷണമെന്നു കരുതിയ പൊലീസ്, കെഎസ്ഇബിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇലക്ട്രിസിറ്റി ആക്ടിലെയും പൊലീസ് ആക്ടിലെയും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് എടുത്തിരുന്നു. എന്നാൽ അന്വേഷണത്തിൽ കൊലപാതക ശ്രമമാണെന്നു കണ്ടെത്തുകയായിരുന്നു.
ലോട്ടറി കട നടത്തുന്ന അതിജീവിതയുടെ സഹോദരനെയോ അച്ഛന്റെ സഹോദരിയെയോ ആണു പ്രതി ലക്ഷ്യമിട്ടതെന്നു വ്യക്തമായി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട് വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുമെന്ന് ശൂരനാട് എസ്എച്ച്ഒ ജോസഫ് ലിയോൺ പറഞ്ഞു.