- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എസ്.ആർ.ടി.സി ബസ്സ് പെട്ടെന്ന് ബ്രേക്കിട്ടത് അപകട കാരണമെന്ന് ഡ്രൈവർ ജോമോൻ; അപകട സ്ഥലത്ത് എത്തിച്ച് തെളിവെടുത്തപ്പോഴും മൊഴി ആവർത്തിച്ച് പ്രതി; അശ്രദ്ധമായും അമിത വേഗത്തിലും വാഹനം ഓടിച്ചെന്ന് പൊലീസും; ജോമോന് കുരുക്കായി നിരവധി പരാതികൾ
പാലക്കാട്: വടക്കഞ്ചേരിയിൽ വിദ്യാർത്ഥികൾ അടക്കം ഒൻപത് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഡ്രൈവർ ജോമോനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. വടക്കഞ്ചേരിയിൽ അപകടം നടന്ന സ്ഥലത്തെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.
അപകടമുണ്ടായതിനെ കുറിച്ചും രക്ഷപ്പെട്ടതിനെ കുറിച്ചുമെല്ലാം പൊലീസ് ജോമോനിൽ നിന്ന് ചോദിച്ചറിഞ്ഞു. മുന്നിൽ പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് കഴിഞ്ഞ ദിവസം ജോമോൻ പൊലീസിന് മൊഴി നൽകിയത്. ഇത് വെള്ളിയാഴ്ചയും ആവർത്തിച്ചു.
ആലത്തൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. ജോമോനിൽ നിന്ന് വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ആലത്തൂർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് തീരുമാനം.
മനഃപൂർവമുള്ള നരഹത്യക്ക് കേസെടുത്തതിനാൽ പ്രതിയെ റിമാൻഡ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കെഎസ്ആർടിസി സഡൻ ബ്രെക്കിട്ടതാണ് അപകട കാരണമെന്നാണ് നേരത്തെ ജോമോൻ പൊലീസിന് നൽകിയ മൊഴി.
എന്നാൽ, ജോമോന്റെ വാദം പൊലീസ് പൂർണമായും തള്ളി. ഇയാൾ അശ്രദ്ധമായും അമിത വേഗത്തിലും വണ്ടി ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
അപകടത്തിൽ നിസ്സാര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മുങ്ങിയ ജോമോനെ വ്യാഴാഴ്ച വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് തെളിവെടുപ്പിനെത്തിച്ചത്. ബസ്സിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായത്.
ആദ്യം മനഃപൂർവമല്ലാത്ത നരഹത്യയായിരുന്നു ജോമോനെതിരേ ചുമത്തിയിരുന്നതെങ്കിൽ പ്രതിഷേധമുണ്ടായതോടെ ഇപ്പോൾ കൂടുതൽ ഗൗരവമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സുഹൃത്തുക്കൾക്കൊപ്പം തിരുവനന്തപുരത്തേക്ക് കടക്കുന്നതിനിടെയാണ് ഫോൺ ലൊക്കേഷൻ കണ്ടെത്തി ജോമോനെ അറസ്റ്റ് ചെയ്തത്. ജോമോനെതിരേ 2018-ൽ മദ്യപിച്ച് വാഹനമോടിച്ചതിനും കേസുണ്ട്.
ജോമോൻ അറസ്റ്റിലായതോടെ ഇയാൾക്കെതിരേ നിരവധി പരാതികളാണ് നാട്ടുകാരിൽ നിന്നടക്കം ഉയർന്നുവരുന്നത്. ഇയാൾ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബസ്സ് അമിത വേഗതിയിൽ ഓടിച്ചുപോവുന്നതിനിടെ സീറ്റിൽ നിന്ന് എഴുന്നേറ്റുനിൽക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ