- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഊബർ ടാക്‌സി ഡ്രൈവറായ ഷാഹിദ് കാമുകനായതോടെ മയക്കുമരുന്ന് കച്ചവടം 'തൊഴിലാക്കി'; ബംഗളുരുവിൽ നിന്നും എംഡിഎംഎ എത്തിച്ച് കോളജ് വിദ്യാർത്ഥികൾക്ക് വിൽപ്പന; ഇൻസ്റ്റഗ്രാമിലൂടെ ആവശ്യക്കാരെന്ന രീതിയിൽ ഇടപെട്ടു; തൃപ്പൂണിത്തുറക്കാരി മേഘനയെ കുരുക്കിയത് തന്ത്രപരമായി
കൊച്ചി: കോളേജ് വിദ്യാർത്ഥികൾക്ക് അടക്കം മാരക മയക്കുമരുന്നായ എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന യുവതിയടക്കം രണ്ടു പേർ പിടിയിൽ. തന്ത്രപരമായി കുരുക്കൊരുക്കിയാണ് പ്രതികളെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് പിടികൂടിയത്.
തൃപ്പൂണിത്തുറ വടക്കേക്കോട്ട താമരകുളങ്ങര സ്‌പെയിസ് ഗാർഡൻ അപ്പാർട്ട്‌മെന്റിന് സമീപം ശ്രീനന്ദനം വീട്ടിൽ നന്ദകുമാറിന്റെ മകൾ മേഘന (25), കാമുകനായ മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി തടിയംകുളം വീട്ടിൽ ഷാഹിദ് (27) എന്നിവരാണ് പിടിയിലായത്.
ചാത്താരി -വൈമിതി റോഡ് ഭാഗത്തുനിന്നുമാണ് ഇരുവരെയും തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്‌പെക്ടർ വി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആവശ്യക്കാർ എന്ന രീതിയിൽ തന്ത്രപരമായാണ് ഇരുവർക്കുമായി കെണിയൊരുക്കി പൊലീസ് പ്രതികളെ പിടികൂടിയത്. പിടികൂടിയ സമയം രണ്ടാം പ്രതിയായ ഷാഹിദ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ബംഗളുരുവിൽ നിന്നും വാങ്ങിച്ചുകൊണ്ടു വരുന്ന മാരക മയക്ക് മരുന്ന് ഇവർ വാടകയ്ക്ക് താമസ്സിക്കുന്ന കാക്കനാട് കെന്നടിമുക്കിലുള്ള വീട്ടിൽ വച്ച് ചെറിയ പൗച്ചുകളിലാക്കി കോളേജ് വിദ്യാർത്ഥികൾക്ക് അടക്കം എത്തിച്ചു നൽകുകയായിരുന്നു ഇവരുടെ രീതി. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടാണ് മയക്കുമരുന്നിന് ഉപഭോക്താക്കളെ ഇവർ കണ്ടെത്തിയിരുന്നത്.
വിൽപ്പന നടത്തി ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനായിട്ടാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. ഇവരുടെ പക്കൽ നിന്നും സ്ഥിരം ഇടപാടുകാരുടെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ കൂടുതലും യുവതികളാണ്.
യുവതികളുമായി ഇൻസ്റ്റാഗ്രാം വഴി ബന്ധം പുലർത്തിയായിരുന്നു കച്ചവടം. കൂടാതെ വിൽപ്പനയ്ക്കായി പെൺകുട്ടികളെയും ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇടപാടുകാരുടെ ഫോൺ നമ്പരുകൾ പലതും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പക്ഷേ ഇതിൽ വാട്ട്സാപ്പ് പ്രവർത്തിക്കുന്നുണ്ട്. അതിനാൽ തന്നെ വാട്ട്സാപ്പ് ലഹരി ഇടപാടിന് ഉപയോഗിക്കുന്നതാവെമെന്നാണ് പൊലീസ് അനുമാനം.
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ മേഘന വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷം എറണാകുളത്ത് ഊബർ ടാക്‌സി ഓടിച്ചിരുന്ന ഷാഹിദുമായി പ്രണയത്തിലാവുകയായിരുന്നു. ഒരു വർഷമായി വാടകയ്ക്ക് വീട് എടുത്ത് ഒന്നിച്ച് താമസിക്കുകയുമായിരുന്നു ഇരുവരും.
അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ വി ഗോപകുമാറും എസ് ഐമാരായ വി ആർ രേഷ്മ, രാജൻ വി പിള്ള, എം ഷെമീർ, എഎസ്‌ഐമാരായ രാജീവ് നാഥ്, എം ജി സന്തോഷ്, സതീഷ് കുമാർ scpo ശ്യാം ആർ മേനോൻ, cpo ലിജിൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.