- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി കൊട്ടാരക്കര ഗാരിജിലെ മെക്കാനിക് ജീവനൊടുക്കിയത് സാമ്പത്തിക ബാധ്യത മൂലമെന്ന് പൊലീസ്; അധികൃതരുടെ കടുത്ത മാനസിക പീഡനം മൂലമെന്ന ആരോപണവുമായി സിഐടിയുവും രംഗത്ത്: ഡ്യൂട്ടിക്കു കയറ്റില്ലെന്നു വാശി പിടിച്ചതായും ശമ്പളം നിഷേധിച്ചതായും ആരോപണം
കൊല്ലം: കെഎസ്ആർടിസി കൊട്ടാരക്കര ഗാരിജിലെ മെക്കാനിക് ആത്മഹത്യ ചെയ്തത് അധികൃതരുടെ മാനസിക പീഡനം മൂലമോ? കൊല്ലം കിളികൊല്ലൂർ കൊറ്റങ്കര പേരൂർ വള്ളക്കടവിൽ വീട്ടിൽ ബി.അനിൽ കുമാർ (45) തൂങ്ങിമരിച്ചത് ഡ്യൂട്ടിക്ക് കയറ്റില്ലെന്ന് വാശിപിടിച്ചതടക്കമുള്ള മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം മൂലമെന്ന് സിഐടിയു ആരോപിക്കുന്നു. അതേസമയം സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്കു പിന്നിലെന്നു സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെത്തിയതായി കിളികൊല്ലൂർ പൊലീസ് പറഞ്ഞു.
എന്തായാലും അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. അതേസമയം, അധികൃതരുടെ കടുത്ത മാനസിക പീഡനമാണു മരണ കാരണമെന്ന ആരോപണവുമായി സിഐടിയു രംഗത്തു വന്നു. ഇന്നലെ ഉച്ചയോടെയാണ് അനിൽകുമാറിനെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടത്. ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചു. ശമ്പളം നിഷേധിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതാണ് മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് സിഐടിയു ആരോപിക്കുന്നത്. ഡിപ്പോ എൻജിനീയറുടെയും അസി.വർക്‌സ് മാനേജരുടെയും മാനസിക പീഡനമാണ് കാരണമെന്നു കെഎസ്ആർടിഇ (സിഐടിയു) ജില്ലാ കമ്മിറ്റി ആരോപിച്ചു.
മെഡിക്കൽ ലീവിൽ ആയിരുന്ന അനിൽകുമാർ 10 ദിവസം കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാൻ ചെന്നപ്പോൾ ഡ്യൂട്ടിക്കു കയറ്റില്ലെന്നു വാശി പിടിച്ചു ബോധപൂർവം ശമ്പളം നിഷേധിച്ചു മരണത്തിലേക്കു തള്ളിവിടുകയായിരുന്നെന്നും ജില്ലാ കമ്മിറ്റി ആരോപിച്ചു. അനിൽകുമാറിനെ ആത്മഹത്യയിലേക്കു നയിച്ച ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്നു ജില്ലാ പ്രസിഡന്റ് വി.രാജീവ്, ജില്ലാ സെക്രട്ടറി കെ.അനിൽ കുമാർ എന്നിവർ ആവശ്യപ്പെട്ടു. അനിൽകുമാറിന്റെ സംസ്‌കാരം ഇന്നു പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ദീപ. മക്കൾ: ആദർശ്, ആതിര.