തൊടുപുഴ: നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദ അന്വേഷണത്തിന് പൊലീസ്. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോർജ് (24) ആണ് ഭർതൃഗൃഹത്തിൽ മരിച്ചത്. ഓഗസ്റ്റ് 18നായിരുന്നു അനുഷയുടെയും മാത്യൂസിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടു മാസം തികയും മുന്നേ അനുഷ ആത്മഹത്യ ചെയ്തതെന്തിനെന്നാണ് കുടുംബം ചോദിക്കുന്നത്.

പ്രണയ വിവാഹമായിരുന്നിട്ടു കൂടി അനുഷയെ ആത്മഹത്യയിലേക്ക് നയിച്ച കാരണമാണ് പൊലീസ് തിരയുന്നത്. അതേസമയം പെൺകുട്ടി വിഷാദരോഗത്തിനു ചികിത്സയിലായിരുന്നുവെന്നു ഭർത്താവിന്റെ ബന്ധുക്കൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഡിവൈഎസ്‌പി മധു ആർ.ബാബുവിനാണ് അന്വേഷണച്ചുമതല.

തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല (മണ്ഡപത്തിൽ) ഡോ. ജോർജ് - ഐബി ദമ്പതികളുടെ മകളാണ്. ചൊവ്വാഴ്ച രാത്രി ഒൻപതിനാണ് അനുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃമാതാവും സഹോദരിയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഉടൻ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട് നക്കും.