- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുകാരെ ധിക്കരിച്ച് പ്രണയ വിവാഹം; മധുവിധു കാലത്തും സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും ക്രൂരമർദ്ദനം; പണയം വച്ച സ്വർണം തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടത് പ്രകോപനമായി; മനംനൊന്ത് ഭർതൃഗൃഹത്തിൽ ജീവനൊടുക്കി; സൂര്യയുടെ ആത്മഹത്യയിൽ വിഷ്ണു അറസ്റ്റിൽ; സ്ത്രീധന പീഡനക്കുറ്റം ചുമത്തി
കോയിപ്രം: ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോയിപ്രം പുല്ലാട് കുറവൻകുഴി വേങ്ങനിൽക്കുന്ന കാലായിൽ സുരേന്ദ്രന്റെ മകൾ സൂര്യ(25) ജീവനൊടുക്കിയ സംഭവത്തിലാണ് ഭർത്താവ് പേക്കാവുങ്കൽ നാരായണന്റെ മകൻ വിഷ്ണു (29) കോയിപ്രം പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ സ്ത്രീധനപീഡനക്കുറ്റം ചുമത്തി.
ഞായർ വൈകിട്ട് മൂന്നിനാണ് ഭർത്താവുമൊത്ത് താമസിക്കുന്ന പേക്കാവുങ്കൽ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ സൂര്യയെ കണ്ടത്. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് എസ് ഐ അനൂപിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മെയ് എട്ടിന് കോയിപ്രം പുരയിടത്തിക്കാവ് ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്.
സംഭവസ്ഥലത്ത് പൊലീസ് ശാസ്ത്രീയ അന്വേഷണസംഘവും വിരലടയാള വിദഗ്ദ്ധരുടെ സംഘവും മറ്റുമെത്തി പരിശോധന നടത്തി. തിരുവല്ല തഹസീൽദാർ ജോൺ വർഗീസ് ഇൻക്വസ്റ്റ് നടത്തുകയും, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫോറൻസിക് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടക്കുകയും ചെയ്തിരുന്നു. സംഭവദിവസം, അമിതമായി മദ്യപിച്ച വിഷ്ണുവിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ആശുപത്രി വിട്ടതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തശേഷം സ്ത്രീധനപീഡനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
വിവാഹസമയം സൂര്യയുടെ വീട്ടുകാർ കൊടുത്ത നാലു പവൻ സ്വർണം ഇയാൾ പണയം വച്ചു. തിരിച്ചെടുത്തു കൊടുക്കാൻ സൂര്യ ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചതായി ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ഇക്കാര്യം വീണ്ടും ഉന്നയിച്ച സൂര്യയ്ക്ക് കഴിഞ്ഞ ഒന്നിന് വീണ്ടും ക്രൂരമർദ്ദനമേറ്റു. അടുക്കളയിൽ വച്ചായിരുന്നു മർദനം. അടിക്കുകയും വയറ്റത്ത് തൊഴിക്കുകയും തലപിടിച്ച് ഭിത്തിയിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് യുവതിയുടെ ബോധം നഷ്ടപ്പെട്ടു.
വിവാഹം കഴിഞ്ഞതുമുതൽ പലകാരണങ്ങൾ പറഞ്ഞ് ഇയാൾ സൂര്യയെ മർദ്ദിക്കാറുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഭർത്താവിൽ നിന്നേറ്റ ശാരീരികവും മാനസികവുമായ പീഡനങ്ങളിൽ മനംനൊന്താണ് സൂര്യ ജീവനൊടുക്കിയത് എന്നാണ് നിഗമനം. വിഷ്ണു കോയിപ്രം പൊലീസ് സ്റ്റേഷനിൽ മുമ്പ് രണ്ട് കേസുകളിൽ പ്രതിയായിട്ടുണ്ട്.
യുവതി മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്. പ്രതി പണയം വച്ച സ്വർണാഭരണങ്ങൾ കണ്ടെടുക്കേണ്ടതായുണ്ട്. പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എസ് ഐ അനൂപ്, എ എസ് ഐ മാരായ വിനോദ്, സുധീഷ്, എസ് സി പി ഓ ജോബിൻ എന്നിവരാണ് സംഘത്തിലുള്ളത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.