ചേർത്തല: ചേർത്തലയിലെ നെടുമ്പ്രക്കാട് ഡിവൈഎഫ്‌ഐ പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ചത് കഞ്ചാവ്-മയക്കു മരുന്ന് സംഘമെന്ന് റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ടി.എസ് അരുണിന്റെ ഓപ്പറേഷൻ പൂർത്തിയായി. വയറിൽ ആഴത്തിൽ രണ്ടു കുത്തുകളാണേറ്റത്്. കഞ്ചാവ് ഇടപാടുകൾ സംബന്ധിച്ച തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.

ഡിവൈഎഫ്‌ഐ ടൗൺ ഈസ്റ്റ് മേഖലാ കമ്മറ്റിയംഗമാണ് അരുൺ. അരുണിനെ കുത്തിയതിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ആക്രമണത്തിൽ പരിക്കേറ്റ നാലു പേരെ വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. കാളികുളത്ത് പരിക്കേറ്റ യുവാക്കളുമായി പോയ ആംബുലൻസിന് നേരെയും ആക്രമണം ഉണ്ടായി. ആംബുലൻസിന്റെ ചില്ലുകൾ അടിച്ചു തകർത്തു. രാത്രി എട്ടുമണിയോടെയാണ് ഈ സംഭവം. നെടുമ്പ്രക്കാട് ആക്രമണത്തിന്റെ തുടർച്ചയാണ് ഇതെന്നാണ് കണക്കാക്കുന്നത്.

എട്ടാം വാർഡ് കുളത്രക്കാട് ക്ഷേത്രത്തിന് സമീപം വീടിന് നേരെയും ആക്രമമുണ്ടായി. ആക്രമണത്തിന് പിന്നിൽ കഞ്ചാവ് മാഫിയയാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. വീട്ടിലെത്തിയ രണ്ടംഗ സംഘമാണ് അരുണിനെ ആക്രമിച്ചത്. വയറിൽ രണ്ട് കുത്തേറ്റ അരുണിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

ആക്രമികൾ കഞ്ചാവ് വിൽപ്പനക്കേസിലും മാല മോഷണക്കേസിലും പ്രതികളാണെന്നാണ് റിപ്പോർട്ട്. ലഹരി വിൽപന എതിർത്തതിലെ വിരോധമാണ് ആക്രമണത്തിന് കാരണം. അരണിനെ വധിക്കാൻ ശ്രമിച്ചതിൽ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മറ്റി പ്രതിഷേധിച്ചു. പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം അരുണിനെ കുത്തിയ ശേഷം അതേ ബൈക്കിൽ തന്നെ രക്ഷപ്പെടുകയായിരുന്നു. വീട്ടിൽ അമ്മയോടൊപ്പം കാപ്പി കുടിച്ചു കൊണ്ടിരുന്ന അരുണിനെ വീടിന് പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. നാട്ടിൽ തന്നെയുള്ള പരിചയമുള്ള യുവാക്കളായതിനാൽ അരുൺ അവരൊടാപ്പം മുറ്റത്തേക്കിറങ്ങുകയും ചെയ്തു. റോഡിലെത്തിയതോടെ മർദ്ദിക്കുകയും കത്തിക്ക് കുത്തുകയുമായിരുന്നു.

വയറിന് മീതെ കുത്തേറ്റ അരുണിന്റെ കരച്ചിൽ കേട്ട് അകത്ത് നിന്നും ഓടിവന്ന അമ്മയൊട് അകത്തേക്ക് പോകാൻ പറഞ്ഞ അരുൺ പിന്നാലെ വീടിനുള്ളിലേക്ക് ഓടിക്കയറി. ചോരയൊലിച്ച് വീടിനുള്ളിലേക്ക് കയറിയ അരുണിനെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അരുണിന് ലഹരി മരുന്നിന്റെ ഇടപാടുള്ളതായും വിവരമുണ്ട്. ലഹരി ഇടപാടിനെ സംബന്ധിച്ച മുൻവൈരാഗ്യമാണ് കത്തി കുത്തിലേക്ക് എത്തിയതെന്നാണ് വിവരം. ട

അരുണിന്റെ ആരോഗ്യനില ഗുരുതരമാണെന്നും റിപ്പോർട്ട് ഉണ്ട്. മുൻവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. അരുണിനെ കുത്താനുപയോഗിച്ച കത്തി പൊലീസ് റോഡിൽ നിന്നും കണ്ടെത്തി. അരുണിനെ കുത്തിയതെന്ന് സംശയിക്കുന്ന ഒരാളുടെ വീടിനുനേരെ ഇന്നലെ രാത്രി ആക്രമണമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥയെ തുടർന്ന് പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.