കോന്നി: കാൻസർ ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് പൂജനടത്തി വീട്ടമ്മയിൽ നിന്ന് നാലു ലക്ഷം തട്ടിയെന്ന പരാതിയിൽ മന്ത്രവാദി അറസ്റ്റിൽ. തണ്ണിത്തോട് തേക്കുതോട് ചവുണിക്കോട്ട് വീട്ടിൽ നിന്നും മഞ്ഞക്കടമ്പ് മാടത്തെത്ത് വീട്ടിൽ താമസിക്കുന്ന ബാലൻ (53) ആണ് പൊലീസിന്റെ പിടിയിലായത്.

ഐരവൺ സ്വദേശിനിയെയാണ് ഇയാൾ പറഞ്ഞു വിശ്വസിപ്പിച്ച ശേഷം പണം തട്ടിയത്. ഏപ്രിൽ മാസം ബാലന്റെ വീട്ടിൽ വച്ചായിരുന്നു പൂജ. നാലു ലക്ഷം രൂപ ഇതിനായി കൈപ്പറ്റിയിരുന്നു. എന്നാൽ അസുഖം ഭേദമാകാതെ വന്നതോടെ പണം തിരികെ ചോദിച്ചു.

എന്നാൽ മന്ത്രവാദം നടത്തി ശരീരം തളർത്തിക്കളയുമെന്നായിരുന്നു ബാലൻ ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സുഖമില്ലാതെ വീട്ടിൽ കഴിഞ്ഞുവന്ന സ്ത്രീയുടെ പരാതി പ്രകാരം പൊലീസ് വീട്ടിലെത്തി വിശദമായ മൊഴിവാങ്ങി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

വിശ്വാസവഞ്ചനയ്ക്കും, ഉദ്ദിഷ്ട കാര്യം സാധിച്ചുകൊടുക്കാമെന്ന് വിശ്വസിപ്പിച്ചശേഷമുള്ള ആഭിചാര ക്രിയനടത്തി പറ്റിച്ചതിനുമാണ് കേസെടുത്തത്. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശത്തെ തുടർന്ന് ഡിവൈ.എസ്‌പി കെ. ബൈജുകുമാറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. മഞ്ഞക്കടമ്പിൽ നിന്നുമാണ് ശനിയാഴ്ച രാവിലെ പ്രതിയെ പിടികൂടിയത്.

ഇയാളുടെ വീട്ടിൽ നിന്നും പൂജകൾ നടത്താനുപയോഗിച്ച സാധനങ്ങൾ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ സജു എബ്രഹാം, ഏ എസ് ഐ റോയ് മോൻ, എസ് സി പി ഓ രഞ്ജിത്ത്, സി പി ഓ അരുൺ രാജ് എന്നിവരാണുള്ളത്