തിരുവനന്തപുരം: ഐസ്‌ക്രീം നൽകി പ്രലോഭിപ്പിപ്പിച്ച് 13കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 55കാരൻ അറസ്റ്റിൽ. കള്ളിക്കാട് മൈലക്കര ചാമവിളപ്പുറം മേരി ദാസനെ (55) യാണ് നെയ്യാർ ഡാം പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

കാട്ടാക്കടയ്ക്കടുത്ത് നെയ്യാർഡാം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അമ്മയും അമ്മൂമ്മയും ഇടപെട്ട് ഒതുക്കി തീർക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് സ്റ്റേഷനിൽ വിളിച്ച് താൻ നേരിട്ട ദുരനുഭവം പെൺകുട്ടി തുറന്നു പറഞ്ഞതാണ് കേസിൽ വഴിത്തിരിവായത്.

കഴിഞ്ഞ ദിവസം കള്ളിക്കാട് ജംഗ്ഷനിൽ നിന്ന പെൺകുട്ടിയെ കണ്ട് ഓട്ടോറിക്ഷയിൽ എത്തിയ മേരി ദാസൻ വീട്ടിൽ കൊണ്ട് ചെന്നാക്കാമെന്ന് പറഞ്ഞ് നിർബന്ധിച്ച് വണ്ടിയിൽ കയറ്റുകയായിരുന്നു. പരിചയം ഉള്ളതുകൊണ്ട് തന്നെ എട്ടാംക്ലാസുകാരിയായ പെൺകുട്ടി ഓട്ടോറിക്ഷയിൽ കയറി. ഓട്ടോറിക്ഷ നേരെ പോയത് ഒരു ബേക്കറിക്ക് മുന്നിലേക്ക് ആയിരുന്നു. പെൺകുട്ടിയെ ഓട്ടോയിൽ ഇരുത്തിയ ശേഷം ബേക്കറിയിൽ കയറി മേരി ദാസൻ മൂന്ന് ഐസ്‌ക്രീം വാങ്ങി പെൺകുട്ടിക്ക് നൽകി.

കുട്ടി ആദ്യം വാങ്ങാൻ വിസമ്മതിച്ചുവെങ്കിലും മാമനല്ലേ തരുന്നത് എന്നൊക്കെ പറഞ്ഞപ്പോൾ കുട്ടി ഐസ്‌ക്രീം വാങ്ങി. വണ്ടിയിൽ ഇരുന്ന് തന്നെ ഐസ്‌ക്രീം കഴിച്ചു. ഓട്ടോയുമായി പെട്രോൾ പമ്പിലേയ്ക്ക് പോയ മേരി ദാസൻ ഒരു കുപ്പിയിൽ നിറച്ച് പെട്രോൾ വാങ്ങി. പെട്രോൾ ഓട്ടോയുടെ പുറകിൽ ഇടുന്നതിനിടെ ശരീരത്തിൽ സ്പർശിച്ചു. അത് സ്വാഭാവികമായി സംഭവിച്ചതല്ലന്ന് പെൺകുട്ടിക്ക് മനസിലായി. പിന്നീട് യാത്രക്കിടെ നിനക്ക് ലൗ ഉണ്ടോ എന്ന് പെൺകുട്ടിയോട് ചോദിച്ചു. മാമൻ എന്തിനാ ഇതൊക്കെ അറിയുന്നത് എന്നു പെൺകുട്ടിയും ചോദിച്ചു.

പെട്ടെന്ന് നിനക്ക് മോഡേൺ ലൗ അറിയാമോ അറിയില്ലെങ്കിൽ കാണിച്ചു തരാമെന്ന് പറഞ്ഞ് മാറിടത്തിൽ പിടിക്കുകയായിരുന്നു. ഇതോടെ പൊട്ടിക്കരഞ്ഞ പെൺകുട്ടി ബഹളം വെച്ചതോടെ ഓട്ടോറിക്ഷ നിർത്തി. അപ്പോൾ തന്നെ വണ്ടിയിൽ നിന്നും പെൺകുട്ടി ഇറങ്ങിയോടി. വീട്ടിലെത്തി അമ്മയോടും അമ്മുമ്മയോടും കാര്യങ്ങൾ പറഞ്ഞു. എന്നാൽ മേരി ദാസനെ വിളിച്ച് വിവരം ചോദിച്ച് കാര്യങ്ങൾ തീർപ്പാക്കാമെന്നായിരുന്നു വീട്ടുകാർ പ്രതികരിച്ചത്. മേരി ദാസനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു.

ഇതിനിടെ അമ്മയുടെ ഫോൺ എടുത്ത് പെൺകുട്ടി തന്നെ നെയ്യാർഡാം പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം പറഞ്ഞു. ഇതിനിടെ ചില ബന്ധുക്കളും നാട്ടുകാരും വിവരം അറിഞ്ഞ് എത്തി. പെൺകുട്ടിയുടെ അമ്മുമ്മയുടെ വീട്ടിൽ മേരി ദാസനെ കണ്ട് നാട്ടുകാർ ചെറിയ രീതിയിൽ കയ്യേറ്റം ചെയ്തു.

സംഭവം അറിഞ്ഞെത്തിയ പൊലീസിന് നാട്ടുകാരാണ് പ്രതിയെ കൈമാറിയത്. ഞായറാഴ്ചകളിൽ പന്നിയിറച്ചി കച്ചവടവും വിറകു വ്യാപാരവും നടത്തുന്ന മേരിദാസൻ പെൺകുട്ടിയുടെ അമ്മുമ്മയുമായി സൗഹൃദത്തിലാവുന്നത് കഴിഞ്ഞ ഒരു വർഷത്തിനിടെയാണ്. വിറക് മൊത്ത കച്ചവടക്കാരനായ മേരി ദാസന്റെ വിറക് സൂക്ഷിക്കുന്നതും പെൺകുട്ടിയുടെ അമ്മൂമ്മയുടെ വീട്ടിലാണ്. അതുകൊണ്ട് തന്നെ ഇവിടെ നിത്യ സന്ദർശകനുമായിരുന്നു ഇയാൾ. പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.