ഭോപാൽ: ഹിന്ദി സീരിയൽ താരം വൈശാലി ടാക്കർ മരിച്ചത് മുൻ കാമുകന്റെ ഭീഷണി സഹിക്കാനാവാതെ. കാമുതകന്റെ ഭീഷണി മൂലം സമ്മർദ്ദം സഹിക്കാനാവാതെയാണ് നടി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഇത് സംബന്ധിച്ച് നടിയുടെ ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തി. മധ്യപ്രദേശിലെ ഇൻഡോറിലെ വീട്ടിൽ ഞായറാഴ്ച രാവിലെയാണ് വൈശാലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രാവിലെ വൈശാലിയെ കാണാതിരുന്നതിനെ തുടർന്നു പിതാവ് അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു. 'യേ രിസ്താ ക്യാ കെഹ്ലാത ഹേ', 'സസുരാൽ സിമർ കാ' എന്നീ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ താരമാണ്. ഈ സീരിയൽ നടിക്ക് നിരവധി ആരാധകരെ നേടി നൽകുകയും ചെയ്തിരുന്നു. 2015ൽ യേ രിസ്താ ക്യാ കെഹ്ലാത ഹേ എന്ന സീരിയലിലൂടെയാണ് വൈശാലി അഭിനയരംഗത്തേക്ക് എത്തുന്നത്. വൈശാലിയുടെ പെട്ടെന്നുള്ള മരണത്തിന്റെ ആഘാതത്തിലണ് ആരാധകർ.

വൈശാലിയുടെ മുറിയിൽനിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയെന്ന് ഇൻഡോർ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. മുൻ കാമുകൻ ഭീഷണിപ്പെടുത്തുകയും ശല്യം ചെയ്യുകയും ചെയ്തിരുന്നതായും, വളരെയധികം സമ്മർദത്തിലായിരുന്നു എന്നുമാണു കുറിപ്പിൽ പരാമർശിക്കുന്നതെന്നാണ് വിവരം. ഇൻഡോറിൽ പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്.

ബിഗ്‌ബോസ് താരം നിഷാന്ത് മൽക്കാനി നായികയായ 'രക്ഷാബന്ധൻ' എന്ന പരമ്പരയിലാണ് അവസാനം അഭിനയിച്ചത്. ഇൻസ്റ്റഗ്രാമിൽ അവസാനം പങ്കുവച്ചത് തമാശനിറഞ്ഞ റീലുകളും വിഡിയോകളുമാണെന്നും വൈശാലിയുടെ മരണം വിശ്വസിക്കാനാകുന്നില്ലെന്നും ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.