- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ മകൻ കൂകി വിളിച്ചപ്പോൾ അച്ഛൻ വായപൊത്തി പിടിച്ചു; പിന്നാലെ കുഴഞ്ഞു വീണ മകൻ മരിച്ചു; മകന്റെ മരണത്തിൽ അച്ഛനെ അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി: ശിക്ഷിച്ചത് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക്
ആലപ്പുഴ: മകൻ മരിച്ച കേസിൽ പ്രതിയായ അച്ഛന് അഞ്ചുവർഷം കഠിനതടവ്. മകൻ ശ്വാസംമുട്ടി മരിച്ച കേസിൽ കൊലപാതക കുറ്റമാരോപിച്ചാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചതെങ്കിലും മനഃപൂർവമല്ലാത്ത നരഹത്യയാണെന്നു കണ്ടെത്തിയാണ് കോടതി അഞ്ച് വർഷത്തെ തടവിന് ശിക്ഷവിധിച്ചത്.
ആലപ്പുഴ നഗരസഭ പഴവീട് വാർഡിൽ തേജസ് നഗറിൽ പനച്ചിക്കാട് മഠത്തിൽ വാടകയ്ക്കു താമസിച്ചിരുന്ന വിനോദ് (20) മരിച്ച കേസിലാണ് അച്ഛൻ വിഷ്ണുവിനെ (52) അഞ്ചു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചത്. ആലപ്പുഴ അഡീഷണൽ സെഷൻസ് രണ്ടാംകോടതി ജഡ്ജി എസ്. ഭാരതിയാണ് ശിക്ഷ വിധിച്ചത്. 2020ലാണ് അച്ഛന്റെ കൈകളാൽ മകൻ വിനോദ് കൊല്ലപ്പെട്ടത്്.
സംഭവം ഇങ്ങനെ:- 2020 ഓഗസ്റ്റ് 18-നു വീട്ടിൽവച്ചാണു വിനോദ് കൊല്ലപ്പെടുന്നത്. അച്ഛനും മകനും മദ്യലഹരിയിലായിരുന്നു. മകൻ ഉച്ചത്തിൽ കൂകിവിളിച്ചപ്പോൾ അച്ഛൻ ഒച്ചവയ്ക്കരുതെന്നു പറഞ്ഞു. എന്നാൽ ഇത് കൂട്ടാക്കാതെ മകൻ വീണ്ടും ഒച്ചവെച്ചതോടെ വാടകവീട്ടിൽനിന്നിറക്കിവിടുമെന്നുപറഞ്ഞ് അച്ഛൻ മകന്റെ വായ പൊത്തിപ്പിടിച്ചു. ശ്വാസം കിട്ടാതെ കുഴഞ്ഞുവീണ മകനെ അമ്മയും സഹോദരിയും മറ്റുംചേർന്ന് ആശുപത്രിയിലാക്കിയെങ്കിലും രക്ഷിക്കാനായില്ല.
ശ്വാസംമുട്ടി മരിച്ചെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെത്തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസ് കൊലപാതകക്കുറ്റത്തിനാണു കേസെടുത്തത്. പ്രതി വിഷ്ണുവിനെ ജാമ്യത്തിലെടുക്കാൻ ആളുണ്ടായിരുന്നില്ല. ജയിലിൽ കഴിഞ്ഞാണു വിചാരണനേരിട്ടത്. ഭാര്യയും മകളും വിഷ്ണുവിനെതിരെ തിരിയുകയും ചെയ്തു.
കേസിൽ അമ്മയും സഹോദരിയും ഉൾപ്പെടെ 34 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്നു കണ്ടെത്തിയ കോടതി മനഃപൂർവമല്ലാത്ത നരഹത്യക്കു ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.കെ. രമേശൻ ഹാജരായി.