കോയമ്പത്തൂർ: ദീപാവലി ആഘോഷത്തിന് നഗരം ഒരുങ്ങവേ ടൗൺഹാളിനു സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ കാറിലുണ്ടായ സ്‌ഫോടനത്തിൽ യുവാവ് മരിച്ചു. കാർ പൂർണമായി കത്തിനശിച്ചു. ഉക്കടം ജിഎം നഗറിലെ ജമേഷ മുബിൻ (25) എന്ന യുവാവാണ് മരിച്ചത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

2019ൽ എൻഐഎ ചോദ്യം ചെയ്തിട്ടുള്ള യുവാവാണു മരിച്ച ജമേഷ് മുബിൻ. ഇയാൾ നഗരത്തിലെവിടെയോ സ്‌ഫോടനം നടത്താനായി കൊണ്ടുവന്ന കാറാണ് പൊട്ടിത്തെറിച്ചതെന്നാണ് ബലമായ സംശയം. ചെക്‌പോസ്റ്റിൽ പൊലീസിനെ കണ്ട യുവാവ് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണു സ്‌ഫോടനമെന്നാണു പൊലീസ് പറയുന്നത്. ഇന്നലെ പുലർച്ചെ നാലോടെയാണു സംഭവം. കാറിലുണ്ടായിരുന്ന കാർ ഡ്രൈവറാണു മരിച്ചതെന്നും ഇയാൾ മാത്രമാണു വാഹനത്തിൽ ഉണ്ടായിരുന്നതെന്നും പൊലീസ് അറിയിച്ചു. പൊള്ളാച്ചിക്കു സമീപം കഞ്ചംപെട്ടിയിലെ പ്രഭാകരൻ എന്നയാളുടേതാണു കാർ.

അതേസമയം ദീപാവലി ആഘോഷത്തിനായി ജനങ്ങൾ ഒരുങ്ങുന്നതിനിടെ ഉണ്ടായ സ്‌ഫോടനം കോയമ്പത്തൂർ നഗരത്തെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്. വർഷങ്ങൾക്കുമുമ്പ് നടന്ന ബോംബ് സ്‌ഫോടനങ്ങൾക്കുശേഷം അതിസുരക്ഷാമേഖലയായാണ് നഗരത്തെ പരിഗണിക്കുന്നത്. അന്നുമുതൽ സ്‌പെഷ്യൽ കമാൻഡോകളുടെ സുരക്ഷ എല്ലായിടത്തും ഉണ്ട്. അതേസമയം പൊലീസിനെ മുൾമുനയിൽ നിർത്തുന്നതാണ് സ്‌ഫോടനം.

ഓടുന്നകാറിലുണ്ടായിരുന്ന ഒരു സിലിൻഡറാണ് പൊട്ടിത്തെറിച്ചത്. ഏറ്റവും തിരക്കേറിയ ജനവാസമേഖലയാണ് കോട്ടമേട്. വീതികുറഞ്ഞ റോഡുകളും ഇരുവശവും നിറയെ കടകളുമുള്ള തെരുവ്. സ്‌ഫോടനത്തിൽ കാർ രണ്ടായി പിളർന്ന് നിശ്ശേഷം തകർന്നു. തീ കൂടുതൽ ദൂരത്തേക്ക് പടർന്നിരുന്നെങ്കിൽ വലിയ നാശനഷ്ടം ഉണ്ടാവുമായിരുന്നു. കാറിലെ രണ്ടാമത്തെ സിലിൻഡറിന് ഒന്നും സംഭവിക്കാത്തത് അപകടങ്ങൾ കുറച്ചു.

അടുത്തിടെ പോപ്പുലർഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിനെത്തുടർന്ന് നഗരത്തിൽ പലേടത്തും പെട്രോൾബോംബ് എറിഞ്ഞതോടെ വീണ്ടും സുരക്ഷ ശക്തമാക്കിയിരുന്നു. പൊലീസിനുപുറമേ പട്ടാളത്തിന്റെ ദ്രുതകർമസേനയെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. അന്ന് ഏറ്റവും കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായത് കോയമ്പത്തൂർ ജില്ലയിലായിരുന്നു. ഇതോടെ നഗരം വീണ്ടും പൊലീസ് വലയത്തിലായി. ഇതിനിടയിലാണ് വീണ്ടും സ്‌ഫോടനംനടന്നത്.

കാറിൽ സ്‌ഫോടനമുണ്ടായതിന്റെ കാരണങ്ങൾ തേടുകയാണ് പൊലീസ്. ഓടുന്ന കാറിൽ എങ്ങനെ സിലിൻഡർ പൊട്ടിത്തെറിച്ചു എന്നത് ശാസ്ത്രീയമായി തെളിയിക്കണം. അവിചാരിതമായി സംഭവിച്ചതാണോ അതോ ആത്മഹത്യയുടെ സാധ്യതകളുണ്ടോ എന്നതും സമഗ്രമായി അന്വേഷിക്കും. കാറിൽ ഗ്യാസ് സിലിൻഡർ എങ്ങനെവന്നു എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട വസ്തുത. സിലിൻഡർ ആരുടേതാണ്, എന്തിനാണ് കാറിൽ കൊണ്ടുവന്നത് എന്നത് അന്വേഷിച്ചാൽ ഇതിന്റെ കാരണങ്ങൾ കണ്ടെത്താൻ കഴിയും.