മുണ്ടക്കയം ഈസ്റ്റ്: മുങ്ങിമരണമെന്നു കരുതിയ കേസ് കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്. പാലൂർക്കാവ് കുന്നുംപുറത്ത് കുഞ്ഞുമോനെ (58) തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കുഞ്ഞുമോനെ മർദ്ദിച്ചു തോട്ടിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ കറുകച്ചാൽ മാന്തുരുത്തി വെട്ടിക്കാവുങ്കൽ സഞ്ജു (ഷിജു 27)വിനെ സംഭവം നടന്ന് ഒന്നര മാസത്തിനു ശേഷം അറസ്റ്റ് ചെയ്തു. മദ്യപിച്ച് തോട്ടിൽ വീണാണ് കുഞ്ഞുമോൻ മരിച്ചതെന്നാണ് ബന്ധുക്കൾ കരുതിയിരുന്നത്. എന്നാൽ പൊലീസിനു തോന്നിയ സംശയം പ്രതിയെ കുടുക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഓണത്തിനു തലേന്നാണു പാലൂർക്കാവിലെ ചെറിയ തോട്ടിൽ കുഞ്ഞുമോനെ മരിച്ച നിലയിൽ കണ്ടത്. മദ്യപിച്ചെത്തിയ കുഞ്ഞുമോൻ തോട്ടിൽ വീണു മുങ്ങിമരിച്ചതാണെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ മെഡിക്കൽ റിപ്പോർട്ടുകളിൽ ശരീരത്തിൽ മർദ്ദിച്ചതിന്റെ ചെറിയ പാടുകൾ ഉള്ളതായി കണ്ടെത്തി. ഇതോടെ കൊലപാതകമാണോ എന്നറിയാൻ സംഭവത്തിനു തൊട്ടുമുൻപുള്ള ദിവസം കുഞ്ഞുമോൻ പോയ വഴികൾ പൊലീസ് അന്വേഷിച്ചു.

കെട്ടിട നിർമ്മാണ തൊഴിലാളിയായ കുഞ്ഞുമോനെ പാലൂർക്കാവിൽ നിർമ്മാണം നടന്നുകൊണ്ടിരുന്ന വീട്ടിലാണു അവസാനമായി കണ്ടതെന്ന് മനസ്സിലാക്കി. ഒപ്പം നിർമ്മാണ ജോലികൾക്കായി മണ്ണുമാന്തിയന്ത്രവുമായി എത്തിയ സഞ്ജുവും മാണി എന്ന മറ്റൊരാളും ഉണ്ടായിരുന്നതായി പൊലീസ് മനസ്സിലാക്കി. തുടർന്ന് ഇവരെ കുറിച്ചായി പൊലീസ് അന്വേഷണം. ഇവർ മൂവരും ചേർന്ന് നിർമ്മാണത്തിനു ശേഷം ബാക്കിവന്ന ഇരുമ്പുകമ്പികൾ ഓട്ടോറിക്ഷയിൽ കയറ്റി മുണ്ടക്കയത്ത് എത്തിച്ചു വിൽപന നടത്തുകയും മദ്യം വാങ്ങിയതായും പൊലീസ് മനസ്സലാക്കി.

മദ്യം വാങ്ങി മാണി വീട്ടിലേക്കു പോകുകയും ചെയ്തു. ഉച്ച മുതൽ മദ്യലഹരിയിലായിരുന്ന കുഞ്ഞുമോനും സഞ്ജുവും പിന്നീട് പാലൂർക്കാവ് തോട്ടിൽ ഒരാളുടെ ഉടമസ്ഥതയിലുള്ള പാലത്തിനു സമീപം എത്തി അവിടെയിരുന്നു മദ്യപിച്ചു. ഇവിടെ വച്ചു മദ്യം വാങ്ങിയ പണത്തെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടെ കുഞ്ഞുമോനെ മർദിച്ച് അവശനാക്കിയ സഞ്ജു ഒഴുക്കുള്ള തോട്ടിലേക്കു തള്ളിയിട്ടതിനു ശേഷം ബൈക്കിൽ കയറി പോയി. കുറച്ചു ദൂരം പോയ ശേഷം വീണ്ടും തിരികെയെത്തി. വെള്ളത്തിൽ കിടന്നിരുന്ന കുഞ്ഞുമോൻ മരിച്ചു എന്ന് ഉറപ്പു വരുത്തി മലർത്തിക്കിടത്തി വെള്ളത്തിൽ മുക്കി മരണം ഉറപ്പു വരുത്തി.

ശേഷം മുണ്ടക്കയത്തു തന്റെ റൂമിലെത്തി ബൈക്ക് സുഹൃത്തിനെ ഏൽപിച്ച ശേഷം ജോലി കിട്ടി എന്ന് അറിയിച്ച സഞ്ജു മംഗളൂരുവിലേക്കു കടന്നു. തുടർന്നു നിരന്തരം ട്രെയിനിൽ യാത്ര ചെയ്തു പൊലീസിന്റെ കണ്ണുവെട്ടിച്ചു നടന്നു. ഇടുക്കി എസ്‌പി കെ.യു.കുര്യാക്കോസ്, പീരുമേട് ഡിവൈഎസ്‌പി പി.ജെ.കുര്യാക്കോസ് എന്നിവരുടെ മേൽനോട്ടത്തിൽ എസ്എച്ച്ഒ വി.കെ.ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

സ്വന്തം ഫോൺ ഉപേക്ഷിച്ച്, സഹയാത്രികരായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ഫോണുകളിൽ നിന്നാണു ഹിന്ദി നന്നായി അറിയാവുന്ന പ്രതി തനിക്ക് ആവശ്യമുള്ളവരെ വിളിച്ചിരുന്നത്. എന്നാൽ ഇയാളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വരുന്ന ഫോൺ കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി ചങ്ങനാശേരിയിൽ എത്തിയതായി വിവരം ലഭിച്ചതോടെ പൊലീസ് അവിടെ എത്തി അറസ്റ്റ് ചെയ്തു.

പെരുവന്താനം സ്റ്റേഷനിലെ എസ്‌ഐ ജെഫി ജോർജ്, എഎസ്‌ഐമാരായ മുഹമ്മദ് അജ്മൽ, സെയ്ദ് മുഹമ്മദ്, സുബൈർ, സിപിഒമാരായ സുനീഷ് എസ്.നായർ, സിയാവുദ്ദീൻ, അജിത്ത് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.