- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർക്കലയിൽ കൂണുപോലെ അനധികൃത റിസോർട്ടുകൾ; മിക്കയിടത്തും ലഹരി കച്ചവടവും; റെയ്ഡിനിറങ്ങിയ പൊലീസ് പിടികൂടിയത് കഞ്ചാവും വിദേശമദ്യവും; നടത്തിപ്പിൽ ഉന്നത പൊലീസുദ്യോഗസ്ഥർക്കും അഭിഭാഷകർക്കും പങ്ക്; വിദേശികളെ കബളിപ്പിച്ച് വൻതുക തട്ടുന്ന സംഘവും സജീവം
തിരുവനന്തപുരം: വർക്കലയിലെ അനധികൃത റിസോർട്ടുകളിലെ ലഹരി മരുന്ന് കച്ചവടത്തിന് പിന്നിൽ പൊലീസിലെ ഉന്നതരെന്ന് സൂചന. കഴിഞ്ഞ ദിവസം അയിരൂർ പൊലീസ് റെയ്ഡ് ചെയ്ത് കഞ്ചാവും അനധികൃത വിദേശമദ്യ വിൽപ്പനയും പിടികൂടിയതിന് പിന്നാലെയാണ് നടത്തിപ്പുകാരുടെ ഉന്നത തല ബന്ധം പുറത്തു വന്നിരിക്കുന്നത്.
ഡിവൈ.എസ്‌പി നിയാസ്, അയിരൂർ ഇൻസ്പെക്ടർ ജയാസനിൽ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ റെയ്ഡിൽ രണ്ടു റിസോർട്ടുകളിൽ നിന്ന് കഞ്ചാവും വിദേശമദ്യവും പിടികൂടി. സ്‌കൈലോഞ്ച് റിസോർട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന ബിയറാണ് പിടിച്ചെടുത്തത്. രണ്ടു ജീവനക്കാരെ കസ്റ്റഡിയിൽ എടുക്കുകയും ഉടമ നിയാസിനെതിരേ കേസ് എടുക്കുകയും ചെയ്തു.
ഏറെ കുപ്രസിദ്ധമായ ഒടയം ബീച്ചിലെ പാംട്രീ റിസോർട്ടിൽ നിന്ന് നാലു യുവാക്കളെ കഞ്ചാവുമായി അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശികളായ തൻവീർ, സൻജീവ്, രാജ്കുമാർ, അഭിലാഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റിസോർട്ടുടമ ശംഭു (തിലകൻ)നെ അഞ്ചാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഈ റിസോർട്ടിനെയും ഉടമ തിലകനെയും സംബന്ധിച്ച് നിരവധി പരാതികളുണ്ട്. വിരമിച്ച എസ്‌പിമാർ അടക്കം ഉന്നത പൊലീസുദ്യോഗസ്ഥരാണ് ശംഭുവിന് പിന്നിലുള്ളത്.
റിസോർട്ടിന്റെ ഭൂമി വ്യാജരേഖ ചമച്ചത് തട്ടിയെടുത്തുവെന്ന പരാതിയിൽ ശംഭുവിനെ പ്രതിയാക്കി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് തടയിടുന്നതിനായി നേരിട്ട് വിളിച്ചത് വിരമിച്ച എസ്‌പിമാരും നിലവിൽ സർവീസിലുള്ള ഡിവൈ.എസ്‌പിമാരും അടക്കമാണ്. പക്ഷേ, അയിരൂർ പൊലീസ് ഉറച്ചു നിന്നതോടെ ഇയാളെ പ്രതിയാക്കി കേസെടുത്തു.
ലഹരിമരുന്നുകളുടെ വിപണനം നിരന്തരം നടന്നു വരുന്ന കേന്ദ്രമാണ് പാം ട്രീ റിസോർട്ട്. മുൻപ് പല തവണ ഇവിടെ നിന്ന് ലഹരിമരുന്നുകൾ പൊലീസ് പിടികൂടുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അന്നൊക്കെ ഒത്താശ ചെയ്തത് ഇപ്പോൾ സർവീസിൽ ഇല്ലാത്ത മുൻ റൂറൽ എസ്‌പിയാണ്. ഇയാൾക്കൊപ്പം വിവരമിച്ച രണ്ടു എസ്‌പിമാർക്ക് കൂടി റിസോർട്ട് നടത്തിപ്പിൽ പങ്കാളിത്തമുണ്ട്. രണ്ടു അഭിഭാഷകരാണ് ശംഭുവിന്റെ തട്ടിപ്പുകൾക്ക് കുട പിടിക്കുന്നത്.
ലണ്ടൻ സ്വദേശിനി ലീൻസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലവും റസ്റ്റോറന്റും വ്യാജരേഖ ചമച്ച് കൈയടക്കിയ കേസിൽ ഇയാൾക്കെതിരേ ആറ്റിങ്ങൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. വ്യാജകരാർ ഉണ്ടാക്കി വ്യാജഒപ്പിട്ട് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തതിനാണ് ഏറ്റവുമൊടുവിലായി ശംഭു എന്ന തിലകനെതിരേ കേസുള്ളത്. ഈ കേസെടുക്കാതിരിക്കാൻ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ വരെയാണ് ഇടപെട്ടിരിക്കുന്നത്.
വർക്കലയിൽ ലഹരി മാഫിയയും ഭൂമാഫിയയും ചേർന്നുള്ള കോക്കസാണ് റിസോർട്ടുകൾ കൈയടക്കിയിരിക്കുന്നത്. ലഹരി വിപണനം, ഉപയോഗം എന്നിവയ്ക്ക് പുേേറ അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നുവെന്നാണ് വിവരം. അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകളാണ് ഇത്തരക്കാരുടെ താവളം.
പഞ്ചായത്തിന്റെ ലൈസൻസ് പോലുമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ പൂട്ടിക്കാൻ യാതൊരു വിധ നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകില്ല. ഓപ്പറേഷൻ യോദ്ധാവിന്റെ ഭാഗമായി ഇത്തരക്കാരെ കുടുക്കാൻ തന്നെയാണ് പൊലീസിന്റെ നീക്കം.
മറുനാടന് മലയാളി ബ്യൂറോ