കാലം പുരോഗമിക്കുന്തോറും മനുഷ്യകുലത്തിനും സാംസ്‌കാരിക പരിണാമം സംഭവിക്കുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. ആദിമ മനുഷ്യനിൽ നിന്നും ആധുനിക മനുഷ്യനിലെത്തിച്ച ആ പരിണമാത്തിന്റെ വിപരീത ദിശയിലേക്കുള്ള പോക്കായിരിക്കും ചിലപ്പോൾ നാം കാണുക. ആധുനിക മനുഷ്യന് ചിന്തിക്കാവുന്നതിലും അപ്പുറം ക്രൂരത പേറുന്ന മനസ്സുകൾ, മനുഷ്യൻ കാട്ടുനീതിയിലേക്ക് തിരികെ പോവുകയാണോ എന്ന സംശയം ഉണർത്തുന്നു. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ അമേരിക്കയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

2013-ൽ മരണമടഞ്ഞ ഡൊണാൾഡ് ഡീൻ സ്റ്റഡി എന്ന മനുഷ്യൻ 70 ഓളം സ്ത്രീകളേയും രണ്ട് പുരുഷന്മാരേയും ലോവയിലെ തന്റെ വീട്ടിൽ വെച്ച് കൊലപ്പേടുത്തിയിരുന്നു എന്നതാണ് ആ റിപ്പോർട്ട്. ഇയാളുടെ രണ്ടു ഭാര്യമാരേയും ഇയാൾ കൊല്ലുകയായിരുന്നു എന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ അവർ ഇരുവരും ആത്മഹത്യ ചെയ്യുകയായിരുനു എന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. ഒരാൾ തൂങ്ങി മരിക്കുകയും മറ്റൊരാൾ സ്വയം വെടിയുതിർത്ത്മരിക്കുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു.

തന്റെ പിതാവിന്റെ ക്രൂരകൃത്യങ്ങളുടെ കഥ അയാളുടെ മകൾ ലൂസിയായിരുന്നു പുറം ലോകത്ത് എത്തിച്ചത്. മൃതദേഹങ്ങൾ മറവ് ചെയ്തത് എവിടെയാണെന്ന് തനിക്ക് അറിയാം എന്നും അവർ അവകാശപ്പെട്ടിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ്, തങ്ങളുടെ ഉടമസ്ഥതയിലുള്ള ഗ്രീൻ ഹോളോ റോഡിലെ ഫാംലാൻഡിൽ സ്ഥിതിചെയ്യുന്ന 100 അടി ആഴമുള്ള കിണറിൽ, പിതാവ് കൊന്നുതള്ളിയ സ്ത്രീകളുടേ മൃതദേഹങ്ങൾ ഇടാൻ പിതാവ് തന്നെയും തന്റെ സഹോദരങ്ങളേയും നിർബന്ധിക്കുമായിരുന്നു എന്നും അവർ പറഞ്ഞിരുന്നു.

എന്നാൽ, ലൂസിയുടെ മൂത്ത സഹോദരി സൂസൻ ഈ ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ്. തങ്ങളുടെ പിതാവ് വലിയ കർക്കശക്കാരനായിരുന്നു എന്ന് പറഞ്ഞ സൂസൻ പക്ഷെ അയാൾ ഒരിക്കലും ഒരു കൊലയാളിയല്ലെന്നും ഉറപ്പിച്ചു പറയുന്നു. മക്കളെ അതിയായ സ്നേഹിച്ച ഒരു പിതവായിരുന്നു സ്റ്റഡി എന്നും അത്തരമൊരാൾക്ക് ഒരിക്കലും ഒരു കൊലയാളിയാകാൻ കഴിയില്ലെന്നും സൂസൻ പറയുന്നു. എഫ് ബി ഐയും ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ ലോവ ഡിവിഷനും ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അന്വേഷണം ആരംഭിച്ച കാര്യം ഫെർമോണ്ട് കൗണ്ടി ഷെറിവ് കെവിൻ ഐസ്ട്രോപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാഹ, നെബ്രാസ്‌ക തുടങ്ങിയ ഇടങ്ങളിൽ നിന്നും ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ ഇയാൾ വശീകരിച്ച് അഞ്ച് ഏക്കറിലുള്ള ഫാം ഹൗസിലേക്ക് ഇയാൾ കൊണ്ടുവന്നിരിക്കാം എന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. മനുഷ്യ മൃതദേഹങ്ങൾ മണത്ത് കണ്ടുപിടിക്കുന്നതിനുള്ള പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കൽ കഴിഞ്ഞ ദിവസംമനുഷ്യ ശരീരങ്ങൾ കുഴിച്ചിട്ടിരിക്കാൻ സാധ്യതയുള്ള നാല് സ്ഥലങ്ങളെങ്കിലുംആ ഫാം ലാൻഡിൽ കണ്ടെത്തി എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ, സ്റ്റഡിയുടെ, പ്രസവ സമയത്ത് മരണമടഞ്ഞ സഹോദരിയെ ആ പറമ്പിൽ തന്നെയാണ് ഒരു ഷൂ ബോക്സിൽ ആക്കി അടക്കം ചെയ്തിരിക്കുന്നത്. അത് ഒന്നു മാത്രമായിരിക്കാം നായ്ക്കൾ കണ്ടെത്തിയതെന്ന് സൂസൻ പറയുന്നു. മാത്രമല്ല, ഒരു വർഷം മുൻപ് സഹോദരി ലൂസിയുമായി സംസാരിച്ചപ്പോൾ മാത്രമാണ് പറമ്പിനകത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ട് എന്ന വിവരം താൻ അറിയുന്നതെന്നും സൂസൻ പറയുന്നു. താൻ ലൂസിയേക്കാൾ രണ്ട് വയസ്സ് മൂത്തതാണെന്നും, പിതാവ് അപ്രകാരം കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ ലൂസിയേക്കാൾ അതിനെ കുറിച്ച് അറിയാൻ സാധ്യത തനിക്കാണെന്നും സൂസൻ പറയുന്നു.

അതേസമയം, തങ്ങളുടെ പിതാവ് ഒരു തികഞ്ഞ മദ്യപാനി ആയിരുന്നു എന്നും, സ്ത്രീകളെ കൊല്ലുന്നത് അയാൾക്ക് ഹരമായിരുന്നു എന്നും ലൂസി പറയുന്നു. ഒരു ട്രെയിലറിനകത്ത് കയറ്റി തലക്ക് അടിച്ചാണ് സ്ത്രീകളെ അയാൾ കൊല്ലാറുണ്ടായിരുന്നതെന്നും അവർ പറയുന്നു. ലൂസിയുടെ വാക്കുകൾ അന്വേഷണോദ്യോഗസ്ഥർ മുഖവിലക്ക് എടുക്കുകയാണ്. അത് സത്യമായി വന്നാൽ, അമേരിക്ക ഇന്നുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും ഭീകരനായ സീരിയൽ കില്ലർ ആയിരിക്കും സ്റ്റഡി.

പിതാവിന്റെ ഇരകൾ കറുത്ത മുടിയുള്ള വെള്ളക്കാരികൾ ആയിരുന്നു എന്നും, വീട്ടിൽ നിന്നും ഒളിച്ചോടിയ ഒരു 15 കാരി ഒഴിച്ചുള്ളവരെല്ലാം 20 നും 30 നും ഇടയിൽ പ്രായമുള്ളവരായിരുന്നു എന്നും ലൂസി പറയുന്നു. കൂട്ടത്തിൽ രണ്ട് പുരുഷന്മാരും കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ലൂസിയുടെ മറ്റു സഹോദരങ്ങൾ അന്വേഷണവുമായി സഹകരിക്കുമോ എന്ന് വ്യക്തമല്ല, ഒരു സഹോദരി സൂസൻ ഈ വാദങ്ങളെ എതിർക്കുമ്പോൾ മറ്റൊരു സഹോദരിയുമായി ഇതുവരെ മധ്യമങ്ങൾക്കോ അന്വേഷണോദ്യോഗസ്ഥർക്കോ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ഒരു സഹോദരൻ ഉണ്ടായിരുന്നത് തന്റെ 39-ാം വയസ്സിൽ ആത്മഹത്യ ചെയ്യുകയും ചെയ്തു.