കണ്ണൂർ: തലശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള മണവാട്ടി ജംങ്ഷനിൽ രാജസ്ഥാൻ സ്വദേശിയായ നാടോടി ബാലന് എതിരായ അക്രമത്തിൽ അന്വേഷണം തലശേരി ലോക്കൽ പൊലീസിൽ നിന്നും മാറ്റി ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറി. ക്രൈം ബ്രാഞ്ച് എസിപി കെ.വി ബാബുവിനാണ് അന്വേഷണ ചുമതല കൈമാറിയത്. കേസ് ഫയൽ അടിയന്തരമായി കൈമാറാൻ തലശേരി എസ്.എച്ച്.ഒയ്ക്ക് നിർദ്ദേശം നൽകി. പ്രതിക്കെതിരെ കൂടുതൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി ശക്തമായ നിയമ നടപടി ഉറപ്പാക്കാനാണ് സർക്കാരിന്റെ നിർദ്ദേശം.

പ്രതിയെ വിട്ടയക്കാൻ സി.പി. എം നേതാക്കൾ ഇടപെട്ടുവെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയിരുന്നു. ഇതു രാഷ്ട്രീയ വിവാദമായതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതെന്നാണ് സൂചന. ഈ കേസിൽ കുട്ടിയെ മർദ്ദിച്ചതിന് മറ്റൊരാൾ കൂടി ഇന്ന് രാവിലെ കസ്റ്റഡിയിലായിട്ടുണ്ട്. ഇയാളുടെ അറസ്റ്റു ചോദ്യം ചെയ്യലിന് ശേഷം തലശേരി ടൗൺ പൊലിസ് രേഖപ്പെടുത്തും.

ഇതിനിടെകാറിൽ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടി വീഴ്‌ത്തിയ കതിരൂർ പൊന്ന്യം സ്വദേശിയായ യുവാവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കാൻ മുഹമ്മദ് ഷിഹാദി(20)ന് നോട്ടീസ് നൽകി. എൻഫോഴ്സ്മെന്റ് ആർടിഒ എ സി ഷീബയാണ് കുട്ടിക്കെതിരായ അതിക്രമ കേസിലെ പ്രതിക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകിയത്.

ഇതിനിടെ കാറിൽ ചാരി നിന്നതിന് ബലൂൺ വിൽപനക്കാരനായ ആറുവയസുകാരനായ ഗണേശെന്ന നാടോടി ബാലനെ ചവിട്ടിവീഴ്‌ത്തിയ സംഭവത്തിലെ പ്രതിയായ വിദ്യാർത്ഥിയെ തലശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്‌ച്ചത്തേക്ക് റിമാൻഡ് ചെയ്തു. പൊന്ന്യം സ്വദേശിയും ബിഫാം രണ്ടാം വർഷബിരുദ വിദ്യാർത്ഥിയുമായ മുഹമ്മദ് ഷിഹാദിനെ(20) പൊലീസ് വധശ്രമ കേസ് ചുമത്തിയാണ് അറസ്റ്റു ചെയ്തത്.

എന്നാൽ നേരത്തെ ഇയാൾക്ക് ക്രിമിനൽ, മയക്കുമരുന്ന് പശ്ചാലത്തലമില്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നരഹത്യാശ്രമമാണ് മുഹമ്മദ് ഷിഹാദ് നടത്തിയതെന്നും പ്രതി ആദ്യം കുട്ടിയുടെ തലക്ക് പിടിച്ച് ഇടിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. തലക്ക് ഇടിച്ചിട്ടും കുട്ടി മാറാതിരുന്നതിനെ തുടർന്നാണ് പ്രതി കാൽ ഉയർത്തി കുട്ടിയെ ചവിട്ടിയത്. ചവിട്ടിയ സമയത്ത് കുട്ടി തിരിഞ്ഞില്ലായിരുനെങ്കിൽ മരണം വരെ സംഭവിക്കാമായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കുടുംബാംഗങ്ങളെയും കൂട്ടി ഈ മാസം ആറിന് നടക്കുന്ന ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി തലശേരിയിൽ വസ്ത്രമെടുക്കുന്നതിനായി പൊന്ന്യത്ത് നിന്നും കാറിൽ കുടുംബാംഗങ്ങളോടൊപ്പം വന്നതായിരുന്നു മുഹമ്മദ് ഷിഹാദ്. ഇതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രോഗിയായ മുഹമ്മദ് ഷിഹാദ് ഏറെക്കാലമായി ചികിത്സയിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

നേരത്തെ മറ്റൊരു കേസിലും ഇയാൾ പ്രതിയല്ലെന്ന് പൊലീസ് അന്വേഷണത്തിലും തെളിഞ്ഞിട്ടുണ്ട്. പെട്ടെന്നുള്ള പ്രകോപനമാണ് ഷിഹാദിനെ രാജസ്ഥാൻ സ്വദേശിയായ ഗണേശെന്ന ബാലനെ കാൽ ഉയർത്തി ചവിട്ടാൻ ഇടയാക്കിയതെന്നും ഇതു ഗുരുതരമായ കുറ്റമാണെന്നും പൊലീസ് പറയുന്നു. ഇതുകണ്ടു നിന്ന സ്ഥലത്തുണ്ടായിരുന്ന അഭിഭാഷകനും നാട്ടുകാരും ഇയാളെ ചോദ്യം ചെയ്യുകയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുപറയുകയും ചെയ്തിരുന്നു. ഇതിനിടെയിൽ ഇവിടെ നിന്നും ഷിഹാദ് രക്ഷപ്പെടുകയായിരുന്നു.