രാത്രിയിൽ ഒരു യുവതിയെ കാർ പാർക്കിൽ കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയും പിന്നീട് ബോധരഹിതയായ അവസ്ഥയിൽ അവരെ അവിടെ ഉപേക്ഷിക്കുകയും ചെയ്ത 20 കാരൻ ഉടനെ ചെയ്തത്, കേസിൽ നിന്നും രക്ഷപ്പെടാനുള്ള വഴികൾ ഗൂഗിളിൽ സെർച്ച് ചെയ്ത് കണ്ടെത്തുക എന്നതായിരുന്നു. അതിക്രമം നടന്ന് 17 മാസങ്ങൾ കഴിയുമ്പോൾ, ഡാനിയൽ ബൂത്ത് എന്ന 20 കാരന് ലഭിച്ചത് ഏഴുവർഷത്തെ ജയിൽ ശിക്ഷ. ഇന്നലെ മുതൽ അയാളുടെ ജയിൽ ശിക്ഷ ആരംഭിച്ചു.

പോർട്ട്സ്മൗത്തിലെ ബെറെസ്ഫോർഡ് റോഡിലെ ഒരു കർ പാർക്കിലായിരുന്നു ഏകദേശം 20 വയസ്സുള്ള യുവതി ഉറക്കമുണരുമ്പോൾ ഉണ്ടായിരുന്നതെന്ന് പ്രോസിക്യുഷൻ കോടതിയെ അറിയിച്ചു. കഴിഞ്ഞ വർഷം ജൂണിൽ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബോധം വിട്ടുണരുമ്പോൾ എന്താണ് സംഭവിച്ചതെന്ന് ആ യുവതിക്ക് മനസ്സിലായിരുന്നില്ല.ബലാത്സംഗം ചെയ്ത് അവിടം വിട്ട് പോകുമ്പോൾ പ്രതി ആ യുവതിയെ ബോധമില്ലാത്ത അവസ്ഥയിൽ കാർപാർക്കിൽ ഉപേക്ഷിക്കുകയായിരുന്നു.

ബൂത്തിന്റെ മൊബൈൽ ഫോൺ പരിശോധനയിൽ പൊലീസ് കണ്ടെത്തിയത്, അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുൻപായി, ബലാത്സംഗത്തെ കുറിച്ചും, ബലാത്സംഗം നടത്തിയാൽ ശിക്ഷ എന്താണെന്നും, കേസ് ചാർജ്ജ് ചെയ്യാൻ പൊലീസിന് എന്തെല്ലാം തെളിവുകളാണ് ആവശ്യമെന്നതിനെ കുറിച്ചുമൊക്കെ ഗൂഗിളിൽ സർച്ച് ചെയ്തു നോക്കി എന്നാണ്. അന്ന് സംഭവിച്ചത് ആ യുവതി തീരെ പ്രതീക്ഷിച്ചുകാണില്ല, മാത്രമല്ല, നിങ്ങളിൽ നിന്നും സ്വയം രക്ഷിക്കുവാൻ അവൾക്ക് കഴിയുമായിരുന്നുമില്ല എന്നായിരുന്നു ശിക്ഷ വിധിച്ചുകൊണ്ട് ജഡ്ജി ബൂത്തിനോട് പറഞ്ഞത്.

അവളുടെ അവശത പ്രതി പൂർണ്ണമായും ചൂഷണം ചെയ്യുകയായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ആ യുവതിയെ കൊടും തണുപ്പിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ക്രൂരതയേയും കോടതി പരാമർശിച്ചു. 2021 ജൂൺ 29 ന് നടന്നു എന്ന് പറയുന്ന ബലാത്സംഗം പ്രതി ബൂത്ത് നിഷേധിക്കുകയായിരുന്നു. എന്നാൽ ഈ വർഷം ജൂണിൽ പോർട്സ്മൗത്ത് ക്രൗൺ കോടതി നടത്തിയ വിചാരണയിൽ കുറ്റകൃത്യം നടത്തിയത് അയാൾ തന്നെയാണെന്ന് തെളിഞ്ഞിരുന്നു.

കുറ്റകൃത്യം നടത്തുമ്പോൾ 18 വയസ്സുണ്ടായിരുന്ന ഡാനിയൽ ബൂത്തിന് ഏഴു വർഷത്തെ തടവിനു പുറമെജീവിതകാലം മുഴുവൻ സെക്സ് ഒഫൻഡേഴ്സ് റെജിസ്റ്ററിൽ ഒപ്പു വയ്ക്കേണ്ടതായും വരും. രാത്രി, സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കിയതിനു ശേഷം മടങ്ങുമ്പോഴായിരുന്നു യുവതിക്ക് ഇത് സംഭവിച്ചത്. രാവിലെ യുവതിയെ കാർ പാർക്കിൽ കണ്ടെത്തിയ ഒരു വ്യക്തിയാണ് അവരെ വീണ്ടും സുഹൃത്തുക്കൾക്കടുത്ത് എത്തിച്ചത്.