പാലക്കാട്: കണ്ണൂർ സ്വദേശിനിയായ ക്രിസ്ത്യൻ യുവതിയും പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ മുഹമ്മദ് അജ്മൽ എന്ന മുസ്ലിം യുവാവും തമ്മിൽ വ്യാജരേഖ ചമച്ച് വിവാഹം നടത്തിയതിൽ മണ്ണാർക്കാട് പാലക്കയം കാഞ്ഞിരപ്പുഴ കാസാ ലൂസിയൊ റിസോർട്ട് അധികൃതർക്ക് പങ്കെന്ന് ആരോപണം. റിസോർട്ടിന്റെ പേരിലുള്ള സാക്ഷ്യപത്രത്തിന്റെ പേരിൽ വിവാഹ രജിസ്‌ട്രേഷൻ നടപടികൾ സ്വീകരിച്ച തച്ചംപാറ പഞ്ചായത്ത് അധികൃതർക്കുമെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.

വിദേശത്തായിരുന്ന ക്രിസ്ത്യൻ പെൺകുട്ടിയെ മണ്ണാർക്കാടുള്ള മുസ്ലിം യുവാവ് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പരിചയപ്പെട്ടത്. തുടർന്ന് പ്രണയക്കെണിയിൽ അകപ്പെടുത്തി വ്യാജരേഖ ചമച്ച് വിവാഹം നടത്തുകയായിരുന്നുവെന്നാണ് ആരോപണം. വിദേശത്തായിരുന്ന പെൺകുട്ടി മാതാപിതാക്കൾ അറിയാതെ കഴിഞ്ഞ മാസം നാട്ടിലെത്തുകയും മുസ്ലിം യുവാവുമായുള്ള വിവാഹം യുവാവിന്റെ സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തിൽ പാലക്കയത്തുള്ള കാസാ ലൂസിയൊ റിസോർട്ടിൽവച്ച് നടത്തുകയായിരുന്നു എന്നാണ് ആരോപണം ഉയരുന്നത്.

റിസോർട്ടിന്റെ മാനേജർ ജംഷീർ ഒപ്പിട്ട വിവാഹത്തിന്റെ സാക്ഷ്യപത്രമായി പ്രചരിക്കുന്ന കാസാ ലൂസിയൊ റിസോർട്ടിന്റെ ലറ്റർപാഡിലുള്ള കത്ത് ഇതിനോടകം വൻ വിവാദമായിട്ടുണ്ട്. ഈ കത്ത് വ്യാജമായി നിർമ്മിച്ചതാണ് എന്നാണ് റിസോർട്ട് അധികൃതരുടെ ഭാഷ്യം. ഈ സാക്ഷ്യപത്രം രേഖയായി സ്വീകരിച്ചാണ് തച്ചംപാറ പഞ്ചായത്ത് അധികൃതർ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതെന്നാണ് ആരോപണം.

എന്നാൽ വിവാഹത്തിന്റെ രജിസ്‌ട്രേഷൻ നടപടികൾ തച്ചപ്പാറ പഞ്ചായത്തിൽ നടക്കുമ്പോൾ മാത്രമാണ് പെൺകുട്ടി കേരളത്തിൽ എത്തിയ വിവരം മാതാപിതാക്കൾ അറിഞ്ഞത്. സാക്ഷ്യപത്രത്തിന്റെ പേരിൽ വിവാഹ രജിസ്‌ട്രേഷനുള്ള നടപടികൾ സ്വീകരിച്ച് വിവാഹം സാധൂകരിക്കാൻ തച്ചംപാറ പഞ്ചായത്ത് അധികൃതർ ശ്രമിച്ചതും ഗുരുതര വീഴ്ചയെന്നാണ് ആരോപണം.

കത്തോലിക്ക കോൺഗ്രസ് സെന്റ് വിൻസന്റ് ഡി പോൾ കെസിവൈഎം മാതൃവേദി സിഎംഎൽ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് റിസോർട്ടിന് സമീപം പ്രതിഷേധവും ധർണയും സംഘടിപ്പിച്ചത്. പ്രതിഷേധ സമരത്തിൽ പാലക്കാട് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും ഇടവകകളിൽ നിന്നുമുള്ള യുവജനങ്ങളും വനിതകളും ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു.

പരിപാടിയിൽ വൈദികർ സംസാരിച്ചു. സമരം പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സണ്ണി നെടുംപുറം ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സമരം നടന്ന റിസോർട്ടിന്റെ പരിസരത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിപ്പിച്ചിരുന്നു. പാലക്കയത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ആര് ശ്രമിച്ചാലും ചെറുക്കുമെന്ന് പാലക്കയം ഇടവക വികാരി രാജു പുളിക്കത്താഴ പറഞ്ഞു.

കാസാലൂസിയ റിസോർട്ടിൽ നടന്ന വിവാഹ നാടകത്തിന്റെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നാണ് സമര സമിതിയുടെ ആവശ്യം. വ്യാജരേഖ ചമച്ച് നടത്തിയ വിവാഹവുമായി ബന്ധപ്പെട്ട് തച്ചംപാറ പഞ്ചായത്ത് അധികൃതരുടെ ഗുരുതര വീഴ്ചകൾ അന്വേഷിച്ച് കണ്ടെത്താൻ സംയുക്ത സമര സമിതി ഉന്നത പൊലീസ് അധികൃതർക്കും സർക്കാർ അധികാരികൾക്കും പരാതി നൽകാനും തീരുമാനിച്ചണ്ട്. പരാതി പരിശോധിച്ച് മേൽനടപടി ഉണ്ടാകുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.