പത്തനംതിട്ട: റാന്നി പൊലീസ് കഴിഞ്ഞ രണ്ടു ദിവസമായി വിമാനത്തിൽ പറന്നും റോഡിലൂടെ പിന്തുടർന്നുമൊക്കെയായി അറസ്റ്റ് ചെയ്തത് ആറു പ്രതികളെ. ഇതിൽ മൂന്നു പേർ കുറ്റകൃത്യങ്ങൾക്ക് ശേഷം വിദേശത്തേക്ക് കടന്നവരാണ്. മൂന്നു പേർ ഇവിടെയും അയൽനാട്ടിലുമൊക്കെയായി ഒളിവിൽ കഴിഞ്ഞവരും.

രണ്ട് പോക്സോ കേസുകളിലെ പ്രതി വടശേരിക്കര ചെറുകുളഞ്ഞി പൂവത്തുംതറയിൽ റിൻസൻ, പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിക്കെതിരെ അതിക്രമം നടത്തിയ പ്രതി മലപ്പുറം ചെമ്മാനുശേരിൽ പുകുവച്ചോല മുഹമ്മദ് അഷ്റഫ്, റഷ്യയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് ഏഴു ലക്ഷം തട്ടിയ കേസിലെ പ്രതി തിരുവനന്തപുരം നേമം എസ് വി സദനം എസ്.വി അനു എന്നിവരെയാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തത്.

പ്രതികളെ ലുക്ക് ഔട്ട് സർക്കുലറും തുടർന്ന് ബ്ലൂ നോട്ടീസും പുറപ്പെടുവിപ്പിച്ച ശേഷം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളുടെ പാസ്പോർട്ട് റദ്ദ് ചെയ്ത് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിപ്പിക്കാൻ നടപടി സ്വീകരിച്ചു വരുന്നതിനിടെയാണ്, വിമാനത്താവളത്തിൽ തടഞ്ഞുവച്ച് അധികൃതർ ജില്ലാ പൊലീസ് മേധാവിയെ വിവരം അറിയിച്ചത്. റിൻസണെ മുംബൈ വിമാനത്താവളത്തിലും അഷ്റഫിനെ നെടുമ്പാശേരി എയർപോർട്ടിലും, അനുവിനെ ചെന്നൈ വിമാനത്താവളത്തിലും ഇറങ്ങിയപ്പോഴാണ് അധികൃതർ തടഞ്ഞുവച്ച് പൊലീസിനെ അറിയിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് കഴിഞ്ഞവർഷം എടുത്ത രണ്ട് കേസുകളിൽ പ്രതിയായ റിൻസൺ, കുറ്റകൃത്യത്തിന് ശേഷം സൗദി അറേബ്യയിലേക്ക് കടന്നിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് അറിയാമായിരുന്ന ഇയാൾ മുംബൈയിലാണ് വന്ന് ഇറങ്ങിയത്. വിമാനത്താവള അധികൃതർ തടഞ്ഞു വച്ച് ജില്ലാ പൊലീസ് മേധാവിക്ക് വിവരം കൈമാറി. മണിക്കൂറുകൾക്കകം വിമാനമാർഗം മുംബയിൽ എത്തിയ റാന്നി എസ്‌ഐ ശ്രീജിത്ത് ജനാർദ്ദനൻ, എഎസ്ഐ മനോജ് എന്നിവരാണ് ഇയാളെ നാട്ടിലെത്തിച്ചത്.

കഴിഞ്ഞവർഷം തന്നെ രജിസ്റ്റർ ചെയ്ത കേസിൽ കുവൈറ്റിൽ പോയ, മലപ്പുറം ചെമ്മനുശ്ശേരിൽ സ്വദേശി അഷ്റഫിനെ നെടുമ്പാശ്ശേരി എയർപോർട്ടിൽ തടഞ്ഞു വച്ച് വിവരത്തെതുടർന്ന് എസ്‌ഐ ഹരികുമാർ, സി.പി.ഓമാരായ സുധീർ, അശോക് എന്നിവരടങ്ങിയ സംഘം അവിടെയെത്തി കസ്റ്റഡിയിൽ എടുത്തു.

ഏഴു ലക്ഷത്തിന്റെ സാമ്പത്തിക തട്ടിപ്പിന് കഴിഞ്ഞ വർഷമെടുത്ത കേസിലെ പ്രതി അനു റഷ്യയിലേക്ക് കടന്നിരുന്നു. നാട്ടിലേക്ക് തിരിച്ചു വന്ന ഇയാൾ ചെന്നൈ എയർപോർട്ടിലാണ് വിമാനം ഇറങ്ങിയത്. വിവരമറിഞ്ഞ് വിമാനമാർഗേണ എസ്‌ഐ സന്തോഷ്‌കുമാറും സി.പി.ഓ ഷിന്റോയും മണിക്കൂറുകൾക്കുള്ളിൽ അവിടെയെത്തി പിടികൂടുകയായിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ റിപ്പോർട്ടായ പ്രധാനപ്പെട്ട എല്ലാ കേസുകളിലെയും പ്രതികളെ പിടികൂടാൻ റാന്നി പൊലീസിന് കഴിഞ്ഞു. പഴവർഗങ്ങളുടെ കച്ചവടത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് റാന്നി സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം ഒളിവിൽ പോയ തമിഴ്‌നാട് സ്വദേശി കുമാറിനെ തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെ ഈറോഡിൽ വച്ച് അറസ്റ്റ് ചെയ്തു.

റാന്നി സ്വദേശിയുടെ നാലു കാറുകൾ വാടകയ്ക്കെടുത്തു മറിച്ചു വിറ്റ എറണാകുളം സ്വദേശി അജയ് ഘോഷിനെ ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ ബംഗളുരുവിൽ നിന്നും പിടികൂടി. സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് റാന്നി സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തശേഷം ഒളിവിൽ കഴിഞ്ഞുവന്ന സുനിൽ ലാൽ എന്ന പ്രതിയെ മാവേലിക്കരയിലെ ഒളിയിടത്തിൽ നിന്നും അറസ്റ്റ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ എം.ആർ. സുരേഷിനൊപ്പം എസ്‌ഐമാരായ ശ്രീജിത്ത് ജനാർദ്ദനൻ, ഹരികുമാർ, എ എസ് ഐ മനോജ്, എസ് സി പി ഓ ലിജു, സി പി ഓമാരായ രഞ്ജു, അജാസ്, ഷിന്റോ, സുനിൽ, സലാം, സുധീർ എന്നിവർ ആദ്യാവസാനം പങ്കെടുത്തു.