മലപ്പുറം: പോക്‌സോ കേസിൽ മൊഴിമാറ്റാൻ പ്രതികൾ 25ലക്ഷം നൽകാമെന്ന് അതിജീവത പറഞ്ഞ കേസിൽ പ്രതിഭാഗം വക്കീലിനും പഞ്ചായത്തംഗത്തിനും എതിരെ രണ്ടുകേസുകൾ രജിസ്റ്റർചെയ്തു. ഇരയെ പണം നൽകിയ സ്വാധീനിക്കാൻ ശ്രമിച്ചതിനാണു കാടമ്പുഴ പൊലീസ് കേസ് രജിസ്റ്റർചെയ്തത്. ഐ.പി.സി 195 എ, ഐ.പി.സി 214 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർചെയ്തത്. പഞ്ചായത്തംഗം കുഞ്ഞിപ്പ, പ്രതിഭാഗം വക്കീൽ സക്കരിയ എന്നിവർക്കെതിരെയാണു കേസ് രജിസ്റ്റർചെയ്തത്. കേസിന്റെ തുടർനടപടികൾ നടന്നുവരികയാണെന്നും മറ്റു കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും കാടാമ്പുഴ എസ്‌ഐ: അമീറലി 'മറുനാടൻ മലയാളി'യോട് പറഞ്ഞു.

പോക്‌സോ കേസിൽ മൊഴിമാറ്റാൻ 25ലക്ഷം നൽകാമെന്ന് അതിജീവത പറഞ്ഞ കേസിൽ ഇടനിലക്കാരനായത് സ്വതന്ത്ര്യ സ്ഥാനാർത്ഥിയായ മത്സരിച്ച വാർഡംഗമായി ഈ പ്രാദേശിക രാഷ്ട്രീയ നേതാവാണെന്നാണ് ഇര നൽകിയ മൊഴി. കേസിലെ പ്രതികളുടെ ഫോട്ടോ കഴിഞ്ഞ ദിവസം മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. മദ്രസാധ്യാപകൻ കാടാമ്പുഴ സ്വദേശി സിദ്ദീഖ്, മലയിൽ സ്വദേശി മുസ്തഫ, കാരാക്കാട് സ്വദേശി മുസ്തഫ ചേരങ്ങൻ വീട്ടിൽ കുഞ്ഞിമുഹമ്മദ്, മുനമ്പം സ്വദേശി കുഞ്ഞിക്കൃഷ്ണൻ എന്നീ അഞ്ചുപേരെയാണ് പെൺകുട്ടിയുടെ പരാതിയെ തുടർന്ന് 2018ൽ അറസ്റ്റ് ചെയ്തിരുന്നത്. ഈ പ്രതികളാണ് ജാമ്യത്തിലിറങ്ങി തന്നെ സ്വാധീനിക്കാൻ ശ്രമിച്ചതെന്നാണ് അതിജീവിത ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരുന്നത്.

ഇക്കാര്യം തന്നെ അറിയിച്ച ഈ നിലവിൽ കേസ് രജിസ്റ്റർചെയ്ത വാർഡംഗമായ കുഞ്ഞിപ്പയാണെന്നാണ് അതിജീവിത പറഞ്ഞത്. ഇതിനുപുറമെ കേസ് പിൻവലിച്ചാൽ വീടു നിർമ്മിച്ചുനൽകാമെന്നും സംസാരത്തിൽ പറഞ്ഞിരുന്നതായി അതിജീവത പറഞ്ഞു. അതേ സമയം എന്തെല്ലാം വാഗ്ദാനം ചെയ്താലും മൊഴി മാറ്റില്ലെന്നും ഇനിയൊരു പെൺകുട്ടിക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും അതിജീവിത പറയുന്നു. മദ്രസ അദ്ധ്യാപകനായിരുന്ന പ്രതി ഇപ്പോൾ ഇതേ മദ്രസയിൽ തന്നെ ഇപ്പോഴും അദ്ധ്യാപകനായി തുടരുകയാണ്. എന്നാൽ അതിക്രമത്തിനിരയായ പെൺകുട്ടിക്ക് സ്വന്തം നാടു തന്നെ ഉപേക്ഷിക്കേണ്ടി വന്നു. രണ്ടു തവണ തനിക്കെതിരെ വധശ്രമവുമുണ്ടായെന്നും പരാതിയിൽ കേസെടുത്തെങ്കിലും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അന്വേഷണം അവസാനിപ്പിച്ചെന്നും പെൺകുട്ടി ആരോപിക്കുന്നു.

2018ൽ പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നു കാടാമ്പുഴ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നത്. കുടുംബത്തിനൊപ്പമാണ് ഇപ്പോൾ പെൺകുട്ടി താമസിക്കുന്നത്. ഏഴാം വയസ്സ് മുതൽ പീഡനത്തിനിരയായതായി പെൺകുട്ടി പറയുന്നു. ക്ലാസ് അസംബ്ലിക്കിടെ തലചുറ്റി വീണതിനെത്തുടർന്ന് അദ്ധ്യാപകർ അന്വേഷിച്ചപ്പോഴാണു സംഭവം പുറത്തറിഞ്ഞത്.
പരാതി നൽകിയതിനു ശേഷം 2 തവണ വധശ്രമമുണ്ടായി. ആദ്യം ലോറി ഇടിപ്പിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. ലോറിയിൽ കേസിലെ പ്രതികളുണ്ടായിരുന്നു. എന്നാൽ പൊലീസ് കേസൊന്നും എടുത്തില്ല. പിന്നീട് സ്‌കൂളിലേക്കു പോകുന്നതിനിടെ കാറിലെത്തിയ സംഘത്തിന്റെ വെട്ടേറ്റു. സ്‌കൂൾ അധികൃതരും പരാതി നൽകി. പൊലീസ് അന്വേഷിച്ചെങ്കിലും തെളിവില്ലെന്നുപറഞ്ഞ് കേസ് അവസാനിപ്പിച്ചു.

7 വയസ്സു മുതൽ പെൺകുട്ടിക്ക് പീഡനത്തിനരയാകേണ്ടി വന്നു. നീതിക്കായുള്ള പോരാട്ടം തുടരുമെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും പെൺകുട്ടി പറയുന്നു.'ഞാനാണ് കേസിലെ ഇര എന്ന് ആർക്കുമറിയില്ലായിരുന്നു. പക്ഷേ രണ്ടാമത്തെ വധശ്രമമുണ്ടായപ്പോൾ അവിടെയുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് എന്നോടു പോലും അനുവാദം ചോദിക്കാതെ മാധ്യമങ്ങളെ അറിയിച്ചു. അയാൾ പ്രശസ്തനായി. പക്ഷേ കേസിനെ പറ്റി അറിയാത്തവർ പോലും ഞാനാണ് ഇര എന്ന് മനസ്സിലാക്കി. പ്രതികളിൽ മൂന്നു പേർ ബന്ധുക്കളാണ്. ഒരാൾ ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥനാണ്. ഒരാൾ അയൽവാസിയാണ്-യുവതി പറയുന്നു.

സാമ്പത്തികമായി വളരെ ബുദ്ധിമുട്ടു നേരിടുന്ന കുടുംബമാണ്. അതുകൊണ്ട് തന്നെ വീട്ടുകാർ കേസ് പിൻവലിക്കാൻ നിർബന്ധിച്ചു. ഒരാൾ പോലും പിന്തുണയില്ല.പ്രതികളായ രണ്ടു പേർ രാഷ്ട്രീയമായി നല്ല പിടിപാടുള്ളവരാണ്. ചില രാഷ്ട്രീയ നേതാക്കളും മധ്യസ്ഥതയ്ക്കു ശ്രമിച്ചു. നഷ്ടപരിഹാരം വാങ്ങിത്തരാം കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. കേസിലെ ഒന്നാം പ്രതി മദ്രസ അദ്ധ്യാപകനാണ്. എനിക്കു നേരെയുണ്ടായ അതിക്രമം ഞാൻ പുറത്തു പറഞ്ഞു. അത് കേസായി അയാൾ ജയിൽശിക്ഷയും അനുഭവിച്ചതാണ്. എന്നിട്ടും ജാമ്യത്തിലിറങ്ങി അയാൾ ഇപ്പോഴും മദ്രസ അദ്ധ്യാപകനായി തന്നെ തുടരുകയാണ്. എന്റെ ജീവിതാവസാനം വരെ അവർക്കു ലഭിക്കാവുന്ന പരമാവധി ശിക്ഷ വാങ്ങി നൽകാൻ ഞാൻ ശ്രമിക്കുമെന്നും അതിജീവത പറയുന്നു.