പത്തനംതിട്ട: ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പോക്സോ നിയമപ്രകാരം അറസ്റ്റിലായ ആദിവാസി യുവാവിന് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ മാസം ആവണിപ്പാറ ആദിവാസി കോളനിയിൽ താമസച്ചിരുന്ന യുവതി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ യുവതിയുടെ പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിക്കുകയും പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തു. വിവരം അറിഞ്ഞ കോന്നി പൊലീസ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് ആരോപിച്ച് ആദിവാസി യുവാവ് രഞ്ജിത്തിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

എന്നാൽ ആശുപത്രി അധികൃതർ പരിശോധിച്ച എസ്.എസ്.എൽ.സി ബുക്കിലും ആധാർ കാർഡിലുമുള്ളത് യഥാർഥ വയസല്ലെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ ബി. അരുൺദാസ് കോടതിയിൽ വാദിച്ചു. തെളിവിനായി അംഗൻവാടി രജിസ്റ്റർ ഹാജരാക്കി. ഇത് പ്രകാരം പെൺകുട്ടിക്ക് പ്രായപൂർത്തിയായി എന്ന് വ്യക്തമായി. കൂടാതെ യുവതിയും രഞ്ജിത്തും വിവാഹിതരായി ഒരുമിച്ച് കഴിയുകയാണെന്ന് മാതാവ് കോടതിയെ അറിയിച്ചു. ഇതോടെ ജില്ലാ അഡീഷണൽ -1(പോക്സോ) കോടതി ജഡ്ജി ജയകുമാർ ജോൺ രഞ്ജിത്തിന് ജാമ്യം അനുവദിച്ചു.

ഇതിനിടെ യുവതി കേസിന്റെ നിജസ്ഥിതി പരിശോധിക്കണമെന്ന് കാട്ടി ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. അംഗൻവാടി രജിസ്റ്റർ പ്രകാരം തനിക്ക് പ്രായപൂർത്തി ആയെന്നും രഞ്ജിത്തുമായി വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കുകയാണെന്നും യഥാർഥ രേഖകൾ പരിശോധിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം.