- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ പത്രസമ്മേളനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം 51 സെക്കൻഡ് വീഡിയോ; മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം ആവശ്യപ്പെട്ട് ടിക്ടോക്കിൽ തയാറാക്കിയ വീഡിയോ പ്രചരിപ്പിച്ചു: വ്യാജ ഇലക്ട്രോണിക് ഡോക്യൂമെന്റ് ഉണ്ടാക്കി: യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്ത് സൈബർ പൊലീസ്
പത്തനംതിട്ട: മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും അപകീർത്തിപ്പെടുത്തി വീഡിയോയും ഇലക്ട്രോണിക് ഡോക്യൂമെന്റും ചമച്ച് പണം തട്ടാൻ ശ്രമിച്ചുവെന്ന കേസിൽ യൂത്ത് കോൺഗ്രസിന്റെ സൈബർ സേനാംഗത്തെ അറസ്റ്റ് ചെയ്ത് സൈബർ പൊലീസ്. ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിലെ എരുമക്കാട് സ്വദേശി സിബി എം. ജോൺസനെയാണ് തിരുവനനന്തപുരം സിറ്റി സൈബർ പൊലീസ് ആറന്മുള പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിൽ എടുത്തത്.
അംഗപരിമിതനും രോഗിയുമാണ് യുവാവ്. യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനും സൈബർ പോരാളിയുമാണ്. വെള്ളിയാഴ്ച വൈകിട്ടാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സ്യൂമോട്ടോ കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനങ്ങളിലെ പല ഭാഗങ്ങൾ എഡിറ്റ് ചെയ്ത് തെറ്റിധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചെന്നാണ് കേസ്. ബുധനാഴ്ചയാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആറന്മുള പൊലീസിന്റെ സഹായത്തോടെയാണ് സിബിനെ പിടികൂടിയത്. ഇയാളെ ആറന്മുളയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും അപകീർത്തിപ്പെടുത്തിനും ജനങ്ങളുടെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനും വേണ്ടി ആൾമാറാട്ടം നടത്തി വ്യാജ ഇലക്ട്രോണിക് ഡോക്യുമെന്റ് ചമച്ചു യഥാർഥമെന്ന വ്യാജേനെ പ്രചരിപ്പിച്ചു, മുഖ്യമന്ത്രിയുടെ ഔദ്യോഗിക പത്രസമ്മേളനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ 51 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ എഡിറ്റ് ചെയ്ത് മീഡിയ വൺ.ഇൻ എന്ന വാട്ടർമാർക്ക് ചേർത്ത് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം ആവശ്യപ്പെട്ട് സാഹിബ് എന്ന പേരിൽ ടിക്ടോകിൽ തയാറാക്കിയ വീഡിയോ പ്രചരിപ്പിച്ചു എന്നിവയാണ് ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ.
എസിപി പി. പി. കരുണാകരന്റെ നിർദ്ദേശപ്രകാരം സിറ്റി സൈബർ പൊലീസ് ഇൻസ്പെക്ടർ എസ്. ബിനോജാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേ സമയം എരുമക്കാട് സ്വദേശി സിബി എം. ജോൺസനെ കസ്റ്റഡിയിലെടുത്ത വിവരം ബന്ധുക്കളെ അറിയിച്ചില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി നേതൃത്വത്തിൽ ആറന്മുള പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്.
അതീവരഹസ്യമായിട്ടാണ് പൊലീസ് സിബിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതി സ്ഥാനത്ത് അജ്ഞാതനെന്ന് ചേർത്താണ് അന്വേഷണം നടത്തിയത്. കുറ്റകൃത്യത്തിൽ സിബിക്ക് പങ്കുണ്ടെന്ന വിവരമാണ് അന്വേഷണ സംഘം നൽകുന്നത്. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്