നൂറനാട്: സ്വകാര്യ ബസിൽ സീറ്റിന് പിന്നിൽ വന്നിരുന്ന പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ പ്രതിയായ യുവാവിനെ ഒരു മാസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ പഴകുളം കോട്ടപ്പുറം പള്ളികിഴക്കേതിൽ എസ്. ആഷികി(25)നെയാണ് പൊലീസ് ഇൻസ്പെക്ടർ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 20 ന് വൈകിട്ട് അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം.

മാവേലിക്കര-പന്തളം റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വച്ചാണ് പെൺകുട്ടിക്ക് ദുരനുഭവമുണ്ടായത്. ചാരുംമൂട് നിന്നും ബസിൽ കയറിയ പ്രതി പെൺകുട്ടി ഇരുന്നതിന് പിന്നിലെ സീറ്റിൽ വന്നിരുന്നു. തൊട്ടുപിന്നാലെ ഉപദ്രവവും ശല്യം ചെയ്യലും തുടങ്ങി. ഇതിനെതിരെ പെൺകുട്ടി ശക്തമായി പ്രതികരിച്ചു. മദ്യലഹരിയിലായിരുന്ന പ്രതി പെൺകുട്ടിയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരും ജീവനക്കാരും ചേർന്ന് പ്രതിയെ ബലമായി പിടിച്ചിറക്കി വിട്ടു. ബസ് ജീവനക്കാർ വിവരം പൊലീസിൽ അറിയിച്ചിരുന്നില്ല.

തുടർന്ന് പെൺകുട്ടി നൂറനാട് പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ ബസ്സ് വിദ്യാർത്ഥികൾ ചേർന്ന് പന്തളത്ത് വച്ച് തടഞ്ഞു ഇടുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതിനിടയ്ക്ക് പ്രതി ഒളിവിൽ പോയിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതിക്ക് വീടുമായോ നാടുമായോ യാതൊരു ബന്ധവും ഇല്ലായിരുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കിയതിന്റെ അടിസ്ഥാനത്തിൽ ആഷിക്കിനെ
കൊല്ലം ചിന്നക്കടയിലുള്ള ലോഡ്ജിൽ നിന്നുമാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.