ഒറ്റപ്പാലം: വൻ ലാഭം വാഗ്ദാനം ചെയ്ത് രണ്ടുപേരിൽ നിന്നായി സ്വർണവും പണവും വാങ്ങി തട്ടിപ്പു നടത്തിയ കേസിൽ വനിതാ പൊലീസ് അറസ്റ്റിൽ. വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ, മലപ്പുറം തവനൂർ സ്വദേശിനി ആര്യശ്രീയാണ്(47) ഒറ്റപ്പാലം പൊലീസിന്റെ പിടിയിലായത്. തൃശൂർ പഴയന്നൂർ സ്വദേശിനിയിൽനിന്ന് 93 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയിൽനിന്ന് ഏഴര ലക്ഷം രൂപയും വാങ്ങി തിരികെ നൽകാതെ കബളിപ്പിച്ചെന്നാണു പരാതി.

പണവും സ്വർണവും വാങ്ങി അഞ്ച് വർഷം പിന്നിട്ടിട്ടും മുടക്ക് മുതലോ ലാഭമോ തിരികെ നൽകാതെ വന്നതോടെയാണ് ആര്യ ശ്രീക്കെതിരെ പരാതിയുമായി ഇരുവരും രംഗത്തെത്തിയത്. ഒരു വർഷത്തിനകം സ്വർണവും മൂന്ന് ലക്ഷം രൂപ ലാഭവും നൽകാമെന്നു വാഗ്ദാനം നൽകിയാണ് പഴയന്നൂർ സ്വദേശിനിയിൽനിന്നു സ്വർണം കൈക്കലാക്കിയതെന്നു പൊലീസ് പറഞ്ഞു. 2017ലാണ് ഇവരെ കബളിപ്പിച്ച് ആര്യശ്രീ പണവും സ്വർണവും തട്ടിയെടുത്തത്. ഇതിനു ശേഷം മൂന്ന് ഘട്ടങ്ങളിലായി ഇവരിൽനിന്ന് ഒന്നര ലക്ഷം രൂപ വാങ്ങിയെടുത്തെന്നും പൊലീസ് പറഞ്ഞു.

ആര്യശ്രീയും പഴയന്നൂർ സ്വദേശിനിയും സഹപാഠികളാണ്. ഈ ബന്ധം വെച്ച് സഹപാഠിയുടെ വിശ്വസ്തത നേടി പണവും സ്വർണവും കൈക്കലാക്കുക ആയിരുന്നു. ഒറ്റപ്പാലം നഗരത്തിൽ വച്ചായിരുന്നു ഇടപാടുകൾ. ഒരു വർഷം കൊണ്ട് ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്തതോടെ ആര്യശ്രീയടെ ചതിക്കുഴിയിൽ കൂട്ടുകാരി വീഴുകയായിരുന്നു. സ്വർണവും പണവും തിരികെ ലഭിക്കാതിരുന്നതോടെയാണു പഴയന്നൂർ സ്വദേശിനി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

രണ്ടു വർഷം മുൻപാണ് ഒറ്റപ്പാലം സ്വദേശിയിൽനിന്ന് ഏഴര ലക്ഷം രൂപ കൈക്കലാക്കിയത്. വ്യവസായം തുടങ്ങാനെന്നു പറഞ്ഞു പണം വാങ്ങിയെന്നാണു വിവരം. ഇരുവരുടെയും പരാതികളിൽ 2 കേസുകൾ രജിസ്റ്റർ ചെയ്താണ് അറസ്റ്റ്. ഇവരെ കോടതി റിമാൻഡ് ചെയ്തു. ആര്യശ്രീയെ അന്വേഷണ വിധേയമായി മലപ്പുറം ജില്ലാ പൊലീസ് മേധാവി സസ്‌പെൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.