- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ ഇഷ്ടത്തിന് അനുസരിച്ച് പ്രവർത്തിച്ചില്ല! മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്ത് പെരുനാട് പഞ്ചായത്ത് പ്രസിഡന്റ്; പഞ്ചായത്ത് രാജ് നിയമം ദുർവിനിയോഗം ചെയ്ത് സിപിഎം നേതാവിന്റെ നടപടി; സസ്പെൻഷൻ റദ്ദാക്കി പഞ്ചായത്ത് ഡയറക്ടർ; ജീവനക്കാർക്കായി സമരം ചെയ്തത് എൻജിഒ സംഘ് മാത്രം
പത്തനംതിട്ട: തന്റെ ഇഷ്ടത്തിന് അനുസരിച്ച് പ്രവർത്തിക്കാത്തതിന്റെ പേരിൽ മൂന്ന് ജീവനക്കാരെ പഞ്ചായത്ത് രാജ് നിയമം ദുർവിനിയോഗം ചെയ്ത് സസ്പെൻഡ് ചെയ്ത സിപിഎമ്മുകാരനായ പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്റെ നടപടി വിവാദത്തിൽ. പെരുനാട് പഞ്ചായത്ത് അസി. സെക്രട്ടറി എസ്. സുനിൽകുമാർ, ജൂനിയർ സൂപ്രണ്ട് അജിത് മോഹൻ, ക്ലാർക്ക് രാജേഷ് രവി എന്നിവരെയാണ് സിപിഎം ജില്ലാ കമ്മറ്റിയംഗമായ പ്രസിഡന്റ് പി.എസ്. മോഹനൻ പഞ്ചായത്ത് രാജ് നിയമം ദുർവിനിയോഗം ചെയ്ത് സസ്പെൻഡ് ചെയ്തതെന്ന് ആക്ഷേപം ഉയർന്നത്.
എൻ.ജി.ഓ യൂണിയൻ, എൻജിഓ അസോസിയേഷൻ, എൻജിഓ സംഘ് എന്നീ സർവീസ് സംഘടനകളിൽപ്പെട്ട ഈ ജീവനക്കാർക്ക് വേണ്ടി സമരം ചെയ്തത് എൻജിഓ സംഘ് മാത്രം. തുടർന്ന് മൂവരുടെയും സസ്പെൻഡൻ പിൻവലിച്ച് പഞ്ചായത്ത് ഡയറക്ടർ ഉത്തരവിട്ടു.
ജൂനിയർ സൂപ്രണ്ട് അജിത് മോഹൻ, ക്ലാർക്ക് രാജേഷ് രവി എന്നിവരെ മാർച്ച് 25 നും സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന അസി. സെക്രട്ടറി സുനിൽ കുമാറിനെ ഏപ്രിൽ 25 നുമാണ് പ്രസിഡന്റ് സസ്പെൻഡ് ചെയ്തത്. ഇതിൽ രാജേഷ് രവി എൻജിഓ സംഘിലും സുനിൽകുമാർ എൻജിഓ യൂണിയനിലും അജിത്മോഹൻ എൻജിഓ അസോസിയേഷനിലും അംഗമാണ്.
പി.എസ്. മോഹനന്റെ ഇഷ്ടത്തിന് അനുസരിച്ച് പ്രവർത്തിക്കാത്തതിന്റെ പേരിലുണ്ടായ സസ്പെൻഷനെതിരേ പ്രതികരിച്ചത് എൻജിഓ സംഘ് മാത്രമായിരുന്നു. അവർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം നടത്തുകയും പഞ്ചായത്ത് ഡയറക്ടർക്ക് പരാതി നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഡയറക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ നിയോഗിച്ചു. അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ സസ്പെൻഷൻ പഞ്ചായത്ത് ഡയറക്ടർ പിൻവലിച്ചത്.
പി.എസ്. മോഹനനും സിപിഎം നേതാക്കളായ മറ്റു രണ്ടു പേർക്കുമെതിരേ ആരോപണം ഉന്നയിച്ച് കുറിപ്പ് എഴുതി വച്ച ശേഷം ജീവനൊടുക്കിയ ബാബു എന്നയാളുടെ ഭാര്യ നീതി തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിപിഎമ്മിന്റെ സ്വാധീനം മൂലം കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ട സാഹചര്യത്തിലാണ് കുസുമ കുമാരി ഹൈക്കോടതിയെ സമീപിച്ചത്.
ഇതു സംബന്ധിച്ച രേഖകൾ കോടതിയിൽ ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് അജിത്തിനെയും രാജേഷിനെയും സസ്പെൻഡ് ചെയ്തത്. സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സുനിൽ കുമാർ അനധികൃതമായി അവധിയെടുത്തുവെന്നും സർക്കാരിന്റെ പരിപാടികൾ അട്ടിമറിച്ചുവെന്നും ആരോപിച്ചാണ് പ്രത്യേക നടപടി ക്രമത്തിലൂടെ പ്രസിഡന്റ് സസ്പെൻഡ് ചെയ്തത്.
മൂന്നു ജീവനക്കാരും സത്യസന്ധരും തങ്ങളുടെ ജോലികൾ കൃത്യമായി നിർവഹിക്കുന്നവരുമാണെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്. പഞ്ചായത്ത് പ്രസിഡന്റിനല്ലാതെ ആർക്കും ഇവരെ സംബന്ധിച്ച് പരാതിയില്ലെന്നും പറയുന്നു.സസ്പെൻഷന് ആധാരമായി പ്രസിഡന്റ് ഉന്നയിച്ച കാരണങ്ങൾ അതീവ ഗുരുതര സ്വഭാവമുള്ളതല്ലെന്നും സസ്പെൻഷൻ പിൻവലിച്ചു കൊണ്ടുള്ള ഉത്തരവിൽ പറയുന്നു.
പെരുനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ മൂന്ന് ജീവനക്കാരെ അകാരണമായി സസ്പെൻഡ് ചെയ്ത പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവ് പിൻവലിച്ച പഞ്ചായത്ത് ഡയറക്ടറുടെ നടപടി കേരള എൻ. ജി. ഒ. സംഘ് പത്തനംതിട്ട ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വാർത്ഥ താൽപര്യങ്ങൾക്ക് കൂട്ടുനിൽക്കാത്ത ജീവനക്കാരെ തന്നിൽ നിക്ഷിബ്ദമായ അധികാരം ദുർവിനിയോഗം ചെയ്ത് സസ്പെൻഡ് ചെയ്ത പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാര ധാർഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയാണിതെന്നും, പൊതുജന സേവകരായ ജീവനക്കാരെ അടിമകളായി കാണുന്ന പ്രസിഡന്റിന്റെ മനോഭാവത്തിന് ഇനിയെങ്കിലും മാറ്റം വരണമെന്നും ജില്ലാ പ്രസിഡന്റ് എസ് ഗിരീഷ്, ജില്ലാ സെക്രട്ടറി ജി. അനീഷ് എന്നിവർ ആവശ്യപ്പെട്ടു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്