പത്തനംതിട്ട: തെലങ്കാനയിൽ ആലുക്കാസ് സ്വർണ കടയിൽ ജോലി ചെയ്തിരുന്ന തണ്ണിത്തോട് തേക്കുതോട് സ്വദേശിയായ യുവാവിനെ ഒരു മാസമായി കാണാനില്ല. കോന്നി തേക്കുതോട് മൂർത്തിമണ്ണ് പുതുവേലി മുരുപ്പേൽ വാസുവിന്റെ മകൻ സുജിത്തിനെയാണ് കാണാതായിരിക്കുന്നത്. വൃദ്ധ മാതാപിതാക്കൾ പരാതി നൽകിയെങ്കിലും തങ്ങളുടെ അധികാര പരിധിക്ക് പുറത്തായതിനാൽ അന്വേഷിക്കാൻ കഴിയില്ലെന്ന് തണ്ണിത്തോട് പൊലീസ്. അതിനിടെ സുജിത്ത് മനുഷ്യക്കടത്ത് സംഘത്തിന്റെ തടവിലാണെന്ന് ദൃക്സാക്ഷിയായ മറ്റൊരാൾ മാതാപിതാക്കളെ അറിയിച്ചു.

തെലങ്കാന നിസാമാബാദിൽ സ്വർണ കടയിലെ ജീവനക്കാരനാണ് സുജിത്ത്. വർഷങ്ങളായി ഇവിടെയാണ് ജോലി. മൂന്നുമാസം കൂടുമ്പോഴാണ് സുജിത്ത് നാട്ടിലേക്ക് വരുന്നത്. മാർച്ച് 23നാണ് സുജിത്ത് ലീവിന് വരുന്നുണ്ട് എന്ന് വീട്ടിലേക്ക് വിളിച്ചു പറഞ്ഞത്. 26 ന് വീണ്ടും വിളിച്ച് താൻ ഹൈദരാബാദിൽ ഉണ്ടെന്നും അവിടെ നടക്കുന്ന ഒരു പ്രദർശനം കണ്ട ശേഷമേ വീട്ടിലേക്ക് വരികയുള്ളൂ എന്നും അറിയിച്ചു. പിന്നീട് സുജിത്തിനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതെയായി.

മാർച്ച് 30 ന് തന്നെ വിവരങ്ങൾ കാണിച്ച് തണ്ണിത്തോട് പൊലീസിൽ മാതാപിതാക്കൾ പരാതി നൽകി. കേരളത്തിന് പുറത്തായതിനാൽ അന്വേഷിക്കുന്നതിൽ പരിമിതി ഉണ്ടെന്നാണ് തണ്ണിത്തോട് പൊലീസിന്റെ നിലപാട്. പരാതിയെക്കുറിച്ച് ഒരു വാക്കുപോലും ചോദിക്കാൻ പൊലീസ് ഇതുവരെ തങ്ങളുടെ വീട്ടിലേക്ക് പോലും എത്തിയിട്ടില്ല എന്നും സുജിത്തിന്റെ മാതാപിതാക്കൾ പറയുന്നു.

അതിനിടെ കഴിഞ്ഞദിവസം മുതുകുളം സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ഹരി എന്ന ആൾ വിളിച്ച് സുജിത്ത് ഹൈദരാബാദിൽ തടവിലാണെന്നും മനുഷ്യ കടത്ത് നടത്തുന്ന സംഘമാണ് തടവിലാക്കിയിരിക്കുന്നത് എന്നും വീട്ടുകാരോട് പറഞ്ഞു. തന്നെയും ഇതേ സംഘം തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു എന്നും അസുഖ ബാധിതനായതിനാൽ തന്നെ കൊണ്ട് പ്രത്യേകിച്ച് ഉപകാരം ഒന്നും ഇല്ല എന്ന് കൊണ്ടാണ് നാട്ടിലേക്ക് പറഞ്ഞു വിട്ടതെന്നും ഹരി വീട്ടുകാരോട് പറഞ്ഞു.

ഈ വിവരം അറിയിച്ചിട്ടും തണ്ണിത്തോട് പൊലീസ് ഗൗരവമായി എടുത്തിട്ടില്ല എന്നും വീട്ടുകാർ പറയുന്നു. തെലുങ്കാന പൊലീസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാൽ സുജിത്ത് ഉൾപ്പെടെ നിരവധിപേരെ അവിടെ നിന്ന് രക്ഷപ്പെടുത്താൻ ആകുമെന്നും ഹരി വീട്ടുകാരോട് പറഞ്ഞിരുന്നു. ഗൗരവമായ വിഷയമായിട്ടും പൊലീസ് തങ്ങളുടെ പരാതിയിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നും സുജിത്തിന്റെ മാതാപിതാക്കൾ പറയുന്നു.

മലയുടെ മുകളിൽ താമസിക്കുന്നതിനാൽ കുന്നും മലയും ഇറങ്ങിവേണം പൊലീസ് സ്റ്റേഷനിലേക്ക് പോകാനെന്നും പ്രായമായ തങ്ങൾക്ക് ഇതിന് പോലും സാധിക്കാത്ത ആരോഗ്യ അവസ്ഥയാണെന്നും ഇവർ പറയുന്നു.സംഭവത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് സുജിത്തിന്റെ കുടുംബം.