- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാനൂർ ചെണ്ടയാട് മദ്രസാ ഭാരവാഹിക്ക് ആൾക്കൂട്ട മർദ്ദനം; പരസ്യ വിചാരണ നടത്തി തല്ലിച്ചതച്ച സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ; രണ്ട് പ്രതികൾ ഗൾഫിലേക്ക് കടന്നു; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി; അന്വേഷണം തുടരുന്നു
കണ്ണൂർ: ഇതരസംസ്ഥാന തൊഴിലാളിയായ മനോജ് മാഞ്ചിയെ ആൾക്കൂട്ടം വിചാരണ ചെയ്തു മർദ്ദിച്ചു കൊലപ്പെടുത്തിയതിന് പിന്നാലെ കണ്ണൂരിൽ സമാനമായ മറ്റൊരു വധശ്രമം നടന്നു. പാനൂരനടുത്ത് ചെണ്ടയാട് മദ്രസാ മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹിയെയാണ് അക്രമാസക്തരായ ആൾക്കൂട്ടം പരസ്യ വിചാരണ ചെയ്തു അതിക്രൂരമായി മർദ്ദിച്ചു അവശനാക്കിയത്.
ചെണ്ടയാട് മാവിലേരി ജുമാ മസ്ജിദ് പള്ളി ബിൽഡിങ് ആൻഡ് മദ്രസ കമ്മിറ്റി ചെയർമാൻ മഹറുഫ് പോതിയാലിനാണ് ക്രൂര മർദ്ദനമേറ്റത്. ദേഹമാസകലം പരിക്കേറ്റ മഹറൂഫ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് കടുത്ത നടപടികളുമായി പൊലിസ് രംഗത്തുവന്നത്. മദ്രസകമ്മിറ്റി ചെയർമാന് ആൾകൂട്ടത്തിന്റെ ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ എട്ടു പേർ അറസ്റ്റിലായി. ഗൾഫിലേക്ക് കടന്ന പ്രതികളായ രണ്ട് പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇവർക്കായി വിമാന താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പാനൂരിനടുത്ത് ചെണ്ടയാടാണ് കഴിഞ്ഞ മെയ് അഞ്ചിന് സംഭവമുണ്ടായത്.
ചെണ്ടയാട് പള്ളിയിൽ ജോലി ചെയ്യുന്ന ഖത്തീബിനെ ഒഴിവാക്കുന്നുവെന്ന് ഒരു സംഘമാളുകൾ വ്യാജ പ്രചാരണം നടത്തിയാണ് തന്നെ ഒരു സംഘമാളുകൾ കൂട്ടമായി മർദ്ദിച്ചതെന്ന് ചികിത്സയിൽ കഴിയുന്ന മഹറൂഫ് പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലിസിൽ പരാതി നൽകിയിട്ടുണ്ടെന്നും തനിക്കെതിരെയുള്ള വധശ്രമത്തിൽ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആൾക്കൂട്ട വിചാരണയും മർദ്ദന ദൃശ്യങ്ങളും മൊബൈലിൽ ചിത്രീകരിച്ചവരെ ഭീഷണിപെടുത്തിയതായും മഹറൂഫ് പറഞ്ഞു. മൈസൂരിൽ നിന്നും മലപ്പുറത്ത് നിന്നുമെത്തിയവരാണ് മർദ്ദനം അഴിച്ചുവിട്ടത്. തന്നെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അവരെത്തിയതെന്നും ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും മഹ്റൂഫ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് മഹ്റൂഫിന്റെ പരാതിയിൽ പത്ത് പേർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ എട്ട് പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി പി.പി.മുഹമ്മദ് മൗലവി, മാവിലേരി സ്വദേശികളായ അനസ്, പി.കെ.യൂസഫ്, അബൂബക്കർ ,കെ.കെ.ഇസ്മയിൽ, കെ.മുഹമ്മദ്, ടി. സിയാദ്, പി.വി.റഫീഖ് എന്നിവരാണ് അറസ്റ്റിലായത്.
ആൾകൂട്ട വിചാരണ കാണുന്നതിനായി നൂറു കണക്കിനാളുകൾ തടിച്ചു കൂടിയിരുന്നുവെങ്കിലും ആരും ഇടപെടാതെ നോക്കി നിൽക്കുകയായിരുന്നു. സംഭവത്തിൽ സാക്ഷി പറയാനും തടിച്ചു കൂടിയവർ വിമുഖത കാട്ടിയിരുന്നു. ഗൗരവത്തോടെയാണ് പൊലിസ് സംഭവത്തെ കാണുന്നത്.




