- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോസ്റ്റ് ഓഫീസിൽ നിന്ന് പാഴ്സലും വാങ്ങിയിറങ്ങിയത് വെളിയിൽ കാത്തു നിന്ന ഡാൻസാഫ് ടീമിന്റെ കൈയിലേക്ക്; അടൂർ ചൂരക്കോട് ചരസുമായി യുവാവ് പിടിയിൽ; സാധനം വന്നത് ഹിമാചൽ പ്രദേശിൽ നിന്ന്; സൂക്ഷിച്ചത് ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ: പിടിയിലായത് ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ
അടൂർ: പൊലീസ് ഡാൻസാഫ് സംഘം നടത്തിയ നീക്കത്തിനൊടുവിൽ തപാൽ വഴി അയച്ച ചരസുമായി യുവാവ് പിടിയിൽ. ചൂരക്കോട് അരവിളയിൽ അരുൺ വിജയനാണ് നാർക്കോട്ടിക് സെൽ ഡിവൈ.എസ.പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഹിമാചൽ പ്രദേശിൽ നിന്നും ഇന്ത്യാ പോസ്റ്റ് പാഴ്സൽ വഴിയാണ് സാധനം ചൊവ്വാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ ചൂരക്കോട് പോസ്റ്റ് ഓഫീസിൽ എത്തിയത്. ഫോൾക സ്പോട്ട്, പ്രിനി, മണാലി, ഹിമാചൽ പ്രദേശ് എന്ന് വിലാസത്തിൽ നിന്നാണ് പാഴ്സൽ വന്നത്.
അരുണിന്റെ വിലാസത്തിൽ ലഹരി മരുന്ന് കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച രാവിലെ അരുണിന്റെ വിലാസത്തിൽ ചൂരക്കോട് പോസ്റ്റ് ഓഫീസിൽ പാഴ്സൽ വന്നത്. ഇത് കൈപ്പറ്റി അരുൺ പുറത്തിറങ്ങിയതിന് പിന്നാലെ ഡാൻസാഫ് സംഘം പിടികൂടുകയായിരുന്നു. ഏനാത്ത് പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് പ്രദേശം. ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് ചരസ് സൂക്ഷിച്ചിരുന്നത്.
സ്പീക്കറിന്റെ ഡയഫ്രം ഇളക്കി മാറ്റി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ലഹരി വസ്തു കണ്ടത്. ഒരു കിലോയിൽ താഴെയാണ് സ്പീക്കറിൽ ഉണ്ടായിരുന്നത്. മെഴുകു രൂപത്തിൽ ചുരുട്ടിയാണ് കവറിൽ ആക്കിയിരുന്നത്. അരുൺ ഏറെക്കാലം ബംഗളൂരുവിൽ ജോലിയിലായിരുന്നു.
നാട്ടിൽ തിരിച്ചെത്തിയതിന് ശേഷം ഇയാൾ സമാന കേസിൽ പിടിയിലായിട്ടുണ്ട്. അരുണിന്റെ പിതാവിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസിൽ നിന്ന് ഊരിപ്പോരുകയായിരുന്നുവെന്ന് പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്