ലണ്ടൻ: ബ്രിട്ടനെ തന്നെ ഞെട്ടിച്ചുകൊണ്ട് നോട്ടിങ്ഹാമിൽ കൊലപാതക പരമ്പര. നോടീംഗ്ഹാം സെന്ററിൽ അഴിഞ്ഞാടിയ അക്രമികൊന്ന് വീഴ്‌ത്തിയ മൂന്ന് പേരിൽ ഹോക്കി താരംഗ്രേസ് കുമാറും ഉൾപ്പെടുന്നു. നൈറ്റ് ഔട്ടിന് പോയി മടങ്ങുന്ന വഴി വെളുപ്പിന് 4 മണിക്കായിരുന്നു സംഭവം. രണ്ട് വിദ്യാർത്ഥികളെ കൊന്നതിനു ശേഷം അക്രമി ഏകദേശം 50 വയസ്സ് പ്രായമുള്ള ഒരാളെ കൂടി കുത്തിക്കൊന്ന് അയാളുടെ വാനിൽ കടന്നു കളയുകയായിരുന്നു.

വാൻ മോഷ്ടിച്ച് കടന്നു കളയുന്നതിനിടയിൽ അയാൾ മറ്റ് മൂന്ന് പേരെ കൂടി ഇടിച്ച് തെറുപ്പിച്ചു. അതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇംഗ്ലണ്ടിന്റെ യംഗ് ഹോക്കി പ്രോഗ്രാമിലെ താരമായ ഗ്രേസ് 16 വയസ്സിന് താഴെയുള്ളവരുടെയും 18 വയസ്സിന് താഴെയുള്ളവരുടെയും ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുന്റ്. ഗ്രേസിനൊപ്പം ബാർനബി വെബ്ബർ എന്ന വിദ്യാർത്ഥിക്കും ആക്രമണത്തിൽ ജീവൻ നഷ്ടമായി. വളർന്ന് വരുന്ന ഒരു ക്രിക്കറ്റ് താരം കൂടിയായിരുന്നു വെബ്ബർ.

യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം നടന്നത്. നോട്ടിങ്ഹാമിലെ രണ്ട് വീടുകളിൽ റെയ്ഡ് നടത്തിയ പൊലീസ് ഇതുമായി ബന്ധപ്പെട്ട് ഒരു 31 കാരനെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ക്ലബ്ബിൽ നിന്നും മടങ്ങുകയായിരുന്നു വിദ്യാർത്ഥികൾ ഇരുവരും. വീട്ടിൽ എത്താൻ ഏകദേശം അഞ്ച് മിനിറ്റ് മാത്രം ഉള്ളപ്പോഴായിരുന്നു ആക്രമണം നടന്നത്. ഇവരുടെ കൊലപാതക വിവരമറിഞ്ഞെത്തിയ പൊലീസ് ഏകദേശം 5.30 ആയപ്പോഴാണ് മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തത് മഗ്ദല സ്ട്രീറ്റിൽ ആയിരുന്നു ഇത് കണ്ടെത്തിയത്. 50 കളിൽ പ്രായമുള്ള ഒരു വ്യക്തിയുടേതാണ് അതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഇയാളെ കൊന്ന് അക്രമി ഇയാളുടെ വാൻ മോഷ്ടിച്ച് കടന്നു കളഞ്ഞതാകാം എന്നാണ് പൊലീസ് അനുമാനിക്കുന്നത്. മോഷ്ടിച്ച വാനുമായി കടന്നു കളയുമ്പോൾ അയാൾ സമീപത്തുണ്ടായിരുന്ന മറ്റ് മൂന്നുപേരെ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. മിൽട്ടൺ സ്ട്രീറ്റിൽ വാനിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റതായി തങ്ങൾക്ക് വിവരം ലഭിച്ചു എന്നാണ് പൊലീസ് പറഞ്ഞത്. അതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

പിന്നീട് മേപ്പിൾ സ്ട്രീറ്റിൽ വെച്ച് ഈ വാൻ തടയുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പൊലീസ് അറിയിച്ചു. വാൻ ഉടമയെ കൊന്ന് ഇയാൾ വാനുമായി കടന്നു കളഞ്ഞതായി സംശയിക്കുന്നതായാണ് പൊലീസ് പറഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറല്ല.

നോട്ടിങ്ഹാമിലെ സെയിന്റ് പീറ്റേഴ്സ് ചർച്ചിൽ, മരണമടഞ്ഞവർക്കായി പ്രത്യേക ചടങ്ങുകൾ നടന്നു. പ്രധാനമായും യൂണിവേഴ്സിറ്റി ഓഫ് നോട്ടിങ്ഹാമിലെയും നോട്ടിങ്ഹാം ട്രെന്റ് യൂണിവേഴ്സിറ്റിയിലേയും വിദ്യാർത്ഥികളായിരുന്നു അതിൽ പങ്കെടുത്തത്. മെഴുകുതിരികൾ കത്തിച്ചും പുഷ്പചക്രം സമർപ്പിച്ചും അവർ മരണമടഞ്ഞവർക്കായി പ്രാർത്ഥനകൾ അർപ്പിച്ചു. സൗത്ത്വെൽ ബിഷപ്പ് റവ. പോൾ വില്യംസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.