തലശേരി: പുതിയതെരു ചിറക്കൽ സ്വദേശിയായ അൻപത്തിയാറുവയസുകാരനായ വ്യാപാരിയെ തലശേരിയിൽ വിളിച്ചുവരുത്തി പണവും കാറും കവർന്ന സംഭവത്തിൽ വൻ റാക്കറ്റുണ്ടെന്ന് സംശയിക്കുന്നതായി പൊലിസ് പ്രാഥമിക അന്വേഷണറിപ്പോർട്ട്.

സംഭവത്തിനു പിന്നിൽ ഹണിട്രാപ്പു തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് തലശേരി ടൗൺ ഇൻസ്പെക്ടർ എം. അനിലിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയത്. ഹണിട്രാപ്പ് സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നു സംശയത്തിലാണ് പൊലിസ് അന്വേഷണം മുൻപോട്ടു പോകുന്നത്. ഒരു യുവതി കൂടി സംഘത്തിലുണ്ടായിരുന്നുവെന്നും ഇവരാണ് ചിറക്കൽ സ്വദേശിയോട് ഫോണിലൂടെ നേരത്തെ സംസാരിച്ചതെന്നും തെളിഞ്ഞിട്ടുണ്ട്.

പതിനെട്ടുവയസുകാരിയായ യുവതിക്കായി പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിനു പിന്നിൽ ഹണിട്രാപ്പുകെണിയാണെന്നു വ്യക്തമായിട്ടും സംഭവത്തിലെ ദുരൂഹത പൂർണമായും നീക്കാൻ പൊലിസ് അന്വേഷണത്തിൽ കഴിഞ്ഞിട്ടില്ല. വ്യാപരിയെ തട്ടിക്കൊണ്ടു പോയി കാറും പണവും കവർന്ന കേസിലെ പ്രതിയായ ജിതിൻ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് പൊലിസ് പറയുന്നത്. തലശേരിയിൽ നടന്ന ഒരു ബോംബ് സ്ഫോടന കേസിലും ഇയാൾക്കു പങ്കുണ്ട്.

ഇയാളുടെ ഭാര്യയും പൊലിസ് അറസ്റ്റിലായ മുഴപ്പിലങ്ങാട് യൂത്തിന് സമീപം ശ്രീലക്ഷ്മിയിൽ അശ്വതി(19)യുമായി ചിറക്കലിലെ വ്യാപാരിക്ക് മുൻ പരിചയമുണ്ടായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. അശ്വതിയുടെ അമ്മയുടെ പരിചയക്കാരനും കുടുംബസൃഹൃത്തുമാണ്. ഈ ബന്ധവും പരിചയവും മുതലെടുത്താണ് അശ്വതി തലശേരിയിലേക്ക് വിളിച്ചുവരുത്തിയത്. ഓട്ടോറിക്ഷയ്ക്കു കൊടുക്കാൻ പണമില്ലെന്നു പറഞ്ഞാണ് തന്നെ തലശേരിയിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് പൊലിസിന് നൽകിയ മൊഴി.

ഇതേ തുടർന്ന് മോഹൻദാസ് കാർ തലശേരി ബി. എംപി സ്‌കൂളിന് മുൻപിൽ നിർത്തി യുവതിയുള്ളിടത്ത് നടന്നു പോവുകയായിരുന്നു. തുടർന്ന് അശ്വതിക്ക് ഓട്ടോകാശ് നൽകിയതിനു ശേഷം തിരിച്ചു നടന്നുവരുമ്പോൾ യുവതിയുടെ ഭർത്താവായ തലശേരി റെയിൽവെ സ്റ്റേഷൻ പരിസരത്തെ ലോട്ടസ് റോഡിൽ താമസിക്കുന്ന ജിതിനും(25)കതിരൂർ വേറ്റുമ്മൽ കേളോത്ത് വീട്ടിൽ കെ.സുബൈർ(33) മൊകെരി മുത്താറിപ്പീടിക കണ്ണച്ചാങ്കണ്ടി വീട്ടിൽ കെ.ഷഹ്നാസ്(29) എന്നിവർ ചേർന്ന് ബലമായി ഓട്ടോറിക്ഷയിൽ കയറ്റുകയായിരുന്നു.

അതനിശേഷം കാറെടുത്ത് ബലമായി അതിൽ കയറ്റി തലശേരിയിൽ നിന്നും കാടാച്ചിറ, മമ്പറം എന്നിവടങ്ങളിലേക്ക് കൊണ്ടു പോയി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തി ആറായിരം രൂപയും കാറും തട്ടിയെടുത്തുവെന്നുമാണ് പരാതി. കാർ തിരിച്ചു നൽകാൻ അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് മോഹൻദാസ് പൊലിസിന് നൽകിയ പരാതിയിൽ പറയുന്നത്. കാടാച്ചിറ സബ് രജിസ്ട്രാർ ഓഫീസിനു സമീപത്തേക്ക് കൊണ്ടു പോയി മുദ്രപത്രം വാങ്ങി ഒപ്പീടിപ്പിച്ചുവെന്നും പരാതിയുണ്ട്.

മമ്പറത്ത് വഴിയിൽ ഉപേക്ഷിച്ചു കാറുമായി രക്ഷപ്പെട്ട പ്രതികളെ തലശേരി ടൗൺ പൊലിസ് സ്റ്റേഷനിലെത്തി നൽകിയ പരാതിയെ തുടർന്ന് മണിക്കൂറുകൾക്കകം കോടിയേരി ഇടയിൽപ്പീടികയ്ക്കു സമീപത്തു നിന്നാണ് പൊലിസ് പിടികൂടിയത്, തലശേരി സി. ഐ എം. അനിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. പ്രതികളെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേസിലെ ഗൂഢാലോചനയുടെ ചുരുൾ നിവർത്തുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനും ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വിട്ടുകിട്ടാൻ തലശേരി ടൗൺ പൊലിസ് ഹരജി നൽകും.