ഹൽദ്വാനി: കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചിട്ടും ശല്യം സഹിക്കാനാവാതെ വന്നതോടെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ക്വട്ടേഷൻ നൽകിയ പെൺസുഹൃത്ത് ഉൾപ്പെടെ നാല് പേർക്കായി അന്വേഷണം തുടരുന്നു. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ബിസിനസുകാരനായ യുവാവിന്റെ മൃതദേഹം കാറിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിനിടെ പാമ്പാട്ടി പിടിയിലായതോടെയാണ് ആസൂത്രിത കൊലപാതകമെന്ന് തെളിഞ്ഞത്. അങ്കിത് ചൗഹാൻ എന്ന യുവാവിനെയാണ് ജൂലൈ 17ന് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പെൺസുഹൃത്ത് അടക്കം അഞ്ചുപേർക്കെതിരേ കേസെടുത്തിരുന്നു. 

മരണത്തിൽ സംശയമുണ്ടായിരുന്ന കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യവസായിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നതാണെന്ന് കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ് അന്വേഷണത്തിലാണ് അങ്കിത് ചൗഹാന്റെ കാലിൽ പാമ്പ് കടിച്ച പാടുകൾ കണ്ടെത്തിയത്. പാടുകളെ തുടർന്നുണ്ടായ സംശയത്തിലാണ് പാമ്പാട്ടിയെ പിടികൂടിയത്. പിന്നാലെ നടന്ന ചോദ്യ ചെയ്യലിലാണ് കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. അങ്കിതിന്റെ കാമുകിയും സഹായികളും പാമ്പാട്ടിയുമടക്കം കൊലപാതകത്തിൽ അഞ്ച് പേരാണ് പ്രതികളെന്ന് പൊലീസ് പറയുന്നു. പാമ്പാട്ടി ഒഴികെയുള്ളവർ ഒളിവിലാണ്. സംഭവത്തേക്കുറിച്ച് നൈനിറ്റാൾ സീനിയർ പൊലീസ് സൂപ്രണ്ട് പങ്കജ് ഭട്ട് വിശദമാക്കുന്നത് ഇങ്ങനെയാണ്.

ഡോളി എന്നപേരിൽ അറിയപ്പെടുന്ന മഹിയെന്ന യുവതിയുമായി അങ്കിത് ഏറെക്കാലമായി പ്രണയത്തിലായിരുന്നു. അങ്കിതുമായി സാമ്പത്തിക ഇടപാടുകൾ അടക്കം മഹിക്ക് ഉണ്ടായിരുന്നു. എന്നാൽ പ്രണയ ബന്ധം ഒഴിയാനുള്ള മഹിയുടെ ശ്രമം അങ്കിത് തടഞ്ഞുവെന്ന് മാത്രമല്ല ബന്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് വിശദമാക്കി പിന്നാലെ നടക്കുകയും ചെയ്തു.

ഇതോടെ ഏത് വിധേനെയും അങ്കിതിനെ ഒഴിവാക്കാനുള്ള കാമുകിയുടെ ശ്രമമാണ് കൊലപാതകത്തിലെത്തിയത്. മറ്റ് രീതിയിൽ കൊലപ്പെടുത്തിയാൽ പൊലീസ് കേസാകുമെന്ന് ഭയന്ന് സാധാരണ മരണം എന്ന നിലയിലേക്ക് പദ്ധതി തയ്യാറാക്കിയാണ് പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകിയത്. പാമ്പാട്ടി തന്ത്ര പരമായി അങ്കിതിന്റെ കാലിൽ പാമ്പിനെ കൊണ്ട് കൊത്തിക്കുകയായിരുന്നു. പാമ്പ് കടിയേറ്റ് മരിച്ചുവെങ്കിലും പൊലീസുകാർക്ക് തോന്നിയ സംശയത്തിൽ നടന്ന അന്വേഷണത്തിലാണ് യുവാവിന്റേത് ആസൂത്രിത കൊലപാതകമെന്ന് തെളിഞ്ഞത്.