- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനാശാസ്യം ആരോപിച്ച് സംഗീത അദ്ധ്യാപകനെയും വിദ്യാർത്ഥിനിയെയും നഗ്നരാക്കി മർദ്ദിച്ചു; വീഡിയോ പ്രചരിച്ചതോടെ മുഖ്യപ്രതികൾക്കായി അന്വേഷണം; പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് തിരിച്ചറിഞ്ഞ് അദ്ധ്യാപകനെതിരെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തെന്ന് പൊലീസ്
പട്ന: ബിഹാറിൽ അനാശാസ്യം ആരോപിച്ച് സംഗീത അദ്ധ്യാപകനെയും പെൺകുട്ടിയെയും ആൾക്കൂട്ടം വിവസ്ത്രരാക്കി മർദ്ദിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ മുഖ്യ പ്രതികളായ മൂന്ന് പേർക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറയുന്നു. അതിനിടെ, പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് തിരിച്ചറിഞ്ഞ പൊലീസ് പോക്സോ കേസ് ചുമത്തി അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു.
ബേഗുസരായിയിൽ വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ സംഗീത അദ്ധ്യാപകൻ കിഷുദേവ് ചൗരസ്യയെ (40) പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിദ്യാർത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അദ്ധ്യാപകനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. പോക്സോയ്ക്ക് പുറമേ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമം, ഐടി ആക്ട്, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പ് തുടങ്ങിയവയാണ് അദ്ധ്യാപകനെതിരെ ചുമത്തിയിരിക്കുന്നതെന്ന് എസ്‌പി യോഗേന്ദ്ര കുമാർ പറഞ്ഞു.
ഇരുവരെയും ഒന്നിച്ചു കണ്ടെത്തിയതായിരുന്നു ആക്രമണത്തിനു കാരണം. ഇരുവരെയും നഗ്‌നരാക്കുന്നതിന്റെയും മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളടങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ പൊലീസ് പരിശോധിക്കുകയാണെന്നും മർദ്ദനമേറ്റ സമയത്തെ ഇരുവരുടെയും വസ്ത്രങ്ങളും സംഭവസ്ഥലത്തെ മറ്റു തെളിവുകളും ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചെന്നും യോഗേന്ദ്ര കുമാർ പറഞ്ഞു.
അദ്ധ്യാപകനെയും വിദ്യാർത്ഥിനിയെയും മർദ്ദിച്ചതിനു മൂന്നു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പെൺകുട്ടിയെയും അദ്ധ്യാപകനെയും വിവസ്ത്രരാക്കി മൂന്ന് പേർ ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടി. 40നും 50നും ഇടയിൽ പ്രായമുള്ള അദ്ധ്യാപകനാണ് പെൺകുട്ടിക്കൊപ്പം ഉണ്ടായതെന്ന് തിരിച്ചറിഞ്ഞു. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു.
പെൺകുട്ടിയെയും അദ്ധ്യാപകനെയും മർദ്ദിച്ച പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മർദ്ദനത്തിന്റെ വീഡിയോ പരിശോധിച്ച് വരികയാണ്. പെൺകുട്ടിയുടെ വൈദ്യപരിശോധന നടത്തിവരികയാണ്. ഉടൻ തന്നെ പെൺകുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് പറയുന്നു.




