- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹപാഠിയുടെ കുളിമുറിദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; ഉഡുപ്പിയിലെ വീഡിയോ എന്ന പേരിൽ വ്യാജവീഡിയോകൾ പ്രചരിച്ചു; മൂന്ന് വിദ്യാർത്ഥിനികൾക്കെതിരേ കേസെടുത്തു; കോളേജ് അധികൃതർക്ക് എതിരെയും കേസ്
മംഗളൂരു: ഉഡുപ്പിയിലെ നഴ്സിങ് കോളേജ് വിദ്യാർത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന സംഭവത്തിൽ മൂന്ന് കോളേജ് വിദ്യാർത്ഥിനികൾക്കെതിരേ പൊലീസ് കേസെടുത്തു. ഉഡുപ്പി നേത്രജ്യോതി അലൈഡ് ഹെൽത്ത് സയൻസിലെ മൂന്ന് നഴ്സിങ് വിദ്യാർത്ഥിനികൾക്കെതിരെയാണ് മൽപേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രാങ്ക് വീഡിയോ എന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചത് എന്നാണ് വിദ്യാർത്ഥിനികളുടെ വാദം. വീഡിയോ ചിത്രീകരിച്ച ഫോൺ പരിശോധനയ്ക്ക് വിധേയമാക്കും.
സംഭവത്തിൽ കോളേജ് അധികൃതർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. ഉഡുപ്പിയിലെ വീഡിയോ എന്ന പേരിൽ പല വ്യാജവീഡിയോകളും പ്രചരിക്കുന്നത് സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. രണ്ട് കേസുകളിലും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഉഡുപ്പി എസ്‌പി. അക്ഷയ് ഹാക്കായ് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, ഉഡുപ്പിയിലെ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തിയതിന് മറ്റൊരു കേസും പൊലീസ് രജിസ്റ്റർ ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജൂലായ് 18-നാണ് ഉഡുപ്പിയിലെ നഴ്സിങ് കോളേജ് വിദ്യാർത്ഥിനി സഹപാഠികൾക്കെതിരേ കോളേജ് അധികൃതർക്ക് പരാതി നൽകിയത്. സഹപാഠികളായ മൂന്നുപെൺകുട്ടികൾ തന്റെ കുളിമുറിദൃശ്യങ്ങൾ രഹസ്യമായി മൊബൈൽഫോണിൽ പകർത്തിയെന്നായിരുന്നു പരാതി. ഇതേത്തുടർന്ന് മൂന്ന് പെൺകുട്ടികളെയും കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
പ്രാങ്ക് വീഡിയോ എന്ന പേരിലാണ് ഇത് ചിത്രീകരിച്ചതെന്നും വീഡിയോ ഡിലീറ്റ് ചെയ്തെന്നുമാണ് പെൺകുട്ടികൾ മറുപടി നൽകിയതെന്നായിരുന്നു കോളേജ് അധികൃതരുടെ വിശദീകരണം. സംഭവത്തിൽ മൂന്നുവിദ്യാർത്ഥിനികളും ക്ഷമാപണം നടത്തി. വിവരം പൊലീസിലും അറിയിച്ചു. വിദ്യാർത്ഥിനികൾ ദൃശ്യങ്ങൾ ചിത്രീകരിച്ച ഫോൺ പൊലീസിന് കൈമാറിയതായും കോളേജ് അധികൃതർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ഉഡുപ്പിയിലെ വിഷയത്തിൽ സാമൂഹികമാധ്യമങ്ങളിലടക്കം നടക്കുന്ന പ്രചരണങ്ങളിൽ അടിസ്ഥാനമില്ലെന്ന് പൊലീസും അറിയിച്ചു. വസ്തുതാവിരുദ്ധമായ വിവരങ്ങളോ വ്യാജ വീഡിയോകളോ ആരും പ്രചരിപ്പിക്കരുത്. ഇതിലൊന്നും അടിസ്ഥാനമില്ല. കോളേജിൽനിന്ന് രഹസ്യമായി ചിത്രീകരിച്ചെന്ന് പറയുന്ന ഒരു വീഡിയോയും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ഒരു പരാതിയും കിട്ടിയിട്ടില്ല. ഉഡുപ്പി സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പല വീഡിയോകളും വ്യാജമാണെന്നും ഉഡുപ്പി പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
ഉഡുപ്പിയിലെ രഹസ്യവീഡിയോ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി.യും എ.ബി.വി.പി.യും രംഗത്തെത്തിയിരുന്നു. ഉഡുപ്പിയിലെ സംഭവം ഹിന്ദു പെൺകുട്ടികളെ കെണിയിൽപ്പെടുത്താനുള്ള നീക്കമാണെന്നും കോളേജിൽനിന്ന് ചിത്രീകരിച്ച വീഡിയോ ഇത് ചിത്രീകരിച്ചവരുടെ ബന്ധുക്കൾക്കിടയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നുമായിരുന്നു എ.ബി.വി.പി.യുടെ ആരോപണം. പ്രതികൾക്കെതിരേ കർശന നടപടി വേണമെന്നും എ.ബി.വി.പി. ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിൽ ചില അദൃശ്യകരങ്ങളുടെ സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്നതായി ഉഡുപ്പിയിലെ ബിജെപി. എംഎൽഎ. യശ്പാൽ സുവർണയും പ്രതികരിച്ചു. ഇത്തരം പ്രാങ്കുകൾ ശരിയല്ല. കുളിമുറിയിൽ ക്യാമറവെയ്ക്കുന്നതും ശരിയല്ല. ഇതൊരു ബ്ലാക്ക്മെയിലിങ് തന്ത്രമാകാം. കുറ്റക്കാരായ മൂന്ന് പേർക്കെതിരേയും ഉചിതമായ നടപടി സ്വീകരിക്കണം. ഇക്കാര്യം മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും ബിജെപി. എംഎൽഎ. പറഞ്ഞു.




