പുണെ: കടം വാങ്ങിയ പണം തിരിച്ചടച്ചില്ലെന്ന് ആരോപിച്ച് യുവതിയെ പീഡിപ്പിച്ച പണമടപാടുകാരൻ അറസ്റ്റിൽ. യുവതിയുടെ ഭർത്താവ് ഇയാളുടെ പക്കൽ നിന്ന് ലോൺ എടുത്തിരുന്നു. പണം തിരിച്ചടക്കാത്തതിനെത്തുടർന്ന് ഇയാൾ യുവാവിന്റെ ഭാര്യയെ പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിൽ 47-കാരനെ പുണെ സിറ്റി പൊലീസ് അറസ്റ്റു ചെയ്തതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.

ലോൺ എടുത്ത ശേഷം പണം തിരിച്ചടക്കാൻ യുവാവിന് സാധിച്ചിരുന്നില്ല. തുടർന്ന് പണമിടപാടുകാരനായ 47-കാരൻ ഇയാളുടെ വീട്ടിലെത്തി. കത്തിചൂണ്ടി യുവാവിനെ ഭീഷണിപ്പെടുത്തിയ ശേഷം മുമ്പിൽ വെച്ച് തന്നെ ഇയാളുടെ ഭാര്യയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും ഇയാൾ മൊബൈൽ ഫോണിൽ പകർത്തി.

പിന്നീട് പണമിടപാടുകാരൻ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് അധികൃതർ വ്യക്തമാക്കി. വീഡിയോ പ്രചരിച്ചതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പണം പലിശയ്ക്ക് കൊടുക്കുന്ന ഇംതിയാസ് ഹസ്സൻ ഷെയ്ക്‌നെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

കടം വാങ്ങിയ പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് അതിക്രമം നടത്തിയത്. ഹദപ്‌സർ കോളനിയിലെ ഫ്‌ളാറ്റിലേക്ക് 34കാരിയായ യുവതിയെയും ഭർത്താവിനെയും ഇംതിയാസ് വിളിച്ചു വരുത്തുകയായിരുന്നു. പണം തിരിച്ചുനൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് കടം വാങ്ങിയ ആളെ കത്തിമുനയിൽ നിർത്തി ഭാര്യയെ പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു.