കണ്ണൂർ: തലശേരി നഗരത്തിൽ പട്ടാപ്പകൽ ജൂവലറിയിൽ സ്വർണം വാങ്ങാനെന്ന പേരിലെത്തി ജീവനക്കാരനെ കബളിപ്പിച്ച് ആഭരണങ്ങളുമായി കടന്ന ഇതര സംസ്ഥാനക്കാർക്കായി അന്വേഷണം ഊർജിതമാക്കി. തലശേരി നാരങ്ങാപ്പുറം മണവാട്ടി ജംഗ്ഷനിലെ സാറാസ് ഗോൾഡ് ജൂവലറിയിലാണ് മോഷണം നടന്നത്. ജീവനക്കാരന്റെ കണ്ണ് വെട്ടിച്ച് സ്വർണ്ണാഭരണം കൈക്കലാക്കി രക്ഷപ്പെട്ട ദമ്പതികൾ ചമഞ്ഞെത്തിയ സ്ത്രിയെയും പുരുഷനെയും കണ്ടെത്താൻ തലശേരി ടൗൺ സി. ഐ എം അനിലിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയത്.

ജൂവലറി ഉടമ ശശിധരന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. ഇതര സംസ്ഥാനക്കാരെന്ന് കരുതുന്ന ഇരുവരും ബുധനാഴ്‌ച്ച വൈകിട്ട് നാലു മണിയോടെയാണ് ജൂവലറിയിലെത്തി തട്ടിപ്പ് നടത്തി രക്ഷപ്പെട്ടത്. 60,000 ത്തോളം രൂപ വിലവരുന്ന സ്വർണാഭരണമാണ് നഷ്ടപ്പെട്ടത്.

വിവിധ ഡിസൈനുകളിലുള്ള ആഭരണമാണ് ഇവർ ആവശ്യപ്പെട്ടത്. രണ്ട് ഡിസ്പ്ലേ ട്രേയിലെ ആഭരണങ്ങൾ ഇവരുടെ മുൻപലേക്ക് ജൂവലറി ജീവനക്കാരൻ ഗോപിനാഥ് എടുത്തു വച്ചു. ഇത് ഇഷ്ടപ്പെടാത്തതിനാൽ മറ്റൊന്ന് കൂടി എടുത്തു വരുന്നതിനിടയിലാണ് ആദ്യം കാണിച്ച ട്രേയിൽ നിന്നും ഒരു ബ്രേസ്ലറ്റ് കൈയടക്കത്തോടെ സ്ത്രീ മോഷ്ടിച്ചത്. എല്ലാം നോക്കിയതിന് ശേഷം ജൂവലറിയുടെ വിസിറ്റിങ് കാർഡും വാങ്ങി പിന്നെ വരാമെന്ന് പറഞ്ഞ് ഇരുവരും ഇറങ്ങിപ്പോവുകയായിരുന്നു.

പിന്നീട് പരിശോധിച്ചപ്പോഴാണ് 10 ഗ്രാമിന്റെ കൈ ചെയ്ൻ നഷ്ടപ്പെട്ടതായി ജൂവലറി ജീവനക്കാരനായ ഗോപിനാഥ് കണ്ടെത്തിയത്. നഷ്ടപ്പെട്ട ആ ഭരണത്തിന് 60,000ത്തോളം രൂപ വിലവരും. പരിഭ്രാന്തനായ ഗോപിനാഥ് ജൂവലറിയിലെ സി.സി.ടി.വി.പരിശോധിച്ചപ്പോഴാണ് നേരത്തെ കടയിലെത്തിയവർ ആഭരണം കൈക്കലാക്കുന്നത് കണ്ടത്. ജൂവലറി ഉടമ ശശിധരനാണ് പൊലീസിൽ പരാതി നൽകിയത്.

ഈ സംഭവത്തിന് മുൻപെ മെയിൻ റോഡിലെ ഏതാനും ജൂവലറി കളിലും ഇതേ സംഘം എത്തിയിരുന്നതായി വിവരമുണ്ട്. കണ്ണൂരിൽ നിന്നാണ് തട്ടിപ്പുകാർ തലശ്ശേരിയിലെത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. തലശേരി നഗരത്തിൽ മഴതുടങ്ങിയതു മുതൽ മോഷ്ടാക്കൾ വിഹരിക്കുകയാണ്.

നഗരമധ്യത്തിലുള്ള മൊബൈൽ ഷോപ്പുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്നിരുന്നു. പുതിയ ബസ് സ്റ്റാൻഡിലെ പച്ചക്കറി കടകളിലംു കുയ്യാലി റെയിൽവെ ഗേറ്റിനടുത്തെ അഭിഭാഷകന്റെ വീട്ടിലും കഴിഞ്ഞ ദിവസം മോഷണം നടന്നിരുന്നു. എന്നാൽ ഈ കേസുകളിലെ പ്രതികളെ പൊലിസിന് ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.