ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ അവധിക്കായി വീട്ടിലെത്തിയ സൈനികനെ ദുരൂഹസാഹചര്യത്തിൽ കാണാതായി. ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രി റെജിമെന്റിലെ സൈനികനായ ജാവേദ് അഹമദിനെയാണ് ശനിയാഴ്ച വൈകുന്നേരം മുതൽ കാണാതായത്. ദിവസങ്ങൾക്ക് മുമ്പ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു ജാവേദ്. അവധി കഴിഞ്ഞ് തിരിച്ചെത്തി നാളെ ജോലിക്ക് കയറാനിരിക്കെയാണ് സൈനികനെ കാണാതായത്.

ശനിയാഴ്ച വൈകീട്ട് 6.30-ഓടെ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനായി ഇറങ്ങിയതായിരുന്നു. രാത്രി ഒമ്പത് മണിയായിട്ടും ജാവേദിനെ കാണാതായതോടെ അദ്ദേഹത്തിന്റെ കുടുംബം തിരച്ചിൽ ആരംഭിക്കുകയായിരുന്നു. തുടർന്ന് മാർക്കറ്റിന് സമീപത്ത് നിന്ന് സൈനികന്റെ കാർ കണ്ടെത്തി. കാറിൽ രക്തക്കറയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോർട്ട്.

സംഭവുമായി ബന്ധപ്പെട്ട് കശ്മീർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംശയമുള്ളവരിൽ ചിലരേ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജാവേദിന് വേണ്ടി സുരക്ഷാ സേനയും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയതാണെന്ന സംശയത്തിലാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ. മകനെ മോചിപ്പിക്കണമെന്നും ഇനി സൈന്യത്തിലേക്ക് ജോലിക്ക് അയക്കില്ലെന്നും പറഞ്ഞ് മാതാവ് കരഞ്ഞ് അഭ്യർത്ഥിക്കുന്ന വിഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.

ലഡാക്കിലായിരുന്നു മകന്റെ പോസ്റ്റിങ് എന്നും ഈദ് അവധി കഴിഞ്ഞ് നാളെ ജോലിക്ക് ഹാജരാവാനിരിക്കുകയായിരുന്നുവെന്നും സൈനികന്റെ പിതാവ് അയൂബ് വാനി പറഞ്ഞു. മുൻകാലങ്ങളിൽ ഈ പ്രദേശത്ത് നിന്ന് നിരവധി സൈനികരെ സമാന രീതിയിൽ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിട്ടുണ്ട്.

ജാവേദ് അഹമ്മദ് വാനി ലഡാക്കിലെ ലേയിലാണ് ജോലി ചെയ്തിരുന്നത്. അവധിക്ക് നാട്ടിലെത്തിയ ഇയാൾ പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനായി ചൗവൽഗാമിലേക്ക് കാറിൽ പോയി. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. ഇതോടെ കുടുംബം സമീപ പ്രദേശങ്ങളിലും പരിസര ഗ്രാമങ്ങളിലും തിരച്ചിൽ തുടങ്ങി. ഇതിന് പിന്നാലെയാണ് പരൻഹാൽ ഗ്രാമത്തിൽ നിന്ന് ഇയാളുടെ കാർ കണ്ടെത്തിയത്. വാഹനത്തിൽ നിന്ന് രക്തക്കറ ഉൾപ്പെടെ കണ്ടെത്തിയതോടെ ആശങ്കയിലാണ് കുടുംബം.