ജയ്പുർ: പത്താംക്ലാസ് വിദ്യാർത്ഥിനിയോട് ആൺസഹപാഠികൾ മോശമായി പെരുമാറിയതിൽ പ്രതിഷേധം കടുപ്പിച്ച് ഗ്രാമവാസികൾ. പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ വാട്ടർ ബോട്ടിലിലെ വെള്ളത്തിൽ മൂത്രം കലർത്തിയ സംഭവത്തിൽ അധികൃതർ നടപടിയെടുക്കാത്തതിൽ രാജസ്ഥാനിലെ ഗ്രാമത്തിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്.

സഹപാഠികളായ ചില ആൺകുട്ടികളാണു വിദ്യാർത്ഥിനിയുടെ കുപ്പിയിൽ മൂത്രം നിറച്ചത്. ഇതിനു പുറമേ ബാഗിൽ ഒരു 'ലൈവ് ലെറ്ററും' ഇവർ വച്ചു. രാജസ്ഥാനിലെ ലുഹാരിയ ഗ്രാമത്തിലെ സീനിയർ സെക്കൻഡറി സ്‌കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

സംഭവം അറിഞ്ഞ പെൺകുട്ടിയുടെ പ്രദേശത്തെ നാട്ടുകാർ ഇതിനു പിന്നിലുള്ള ആൺകുട്ടിയുടെ വീട്ടിലേക്കു വലിയ കമ്പുകളും മറ്റുമായി പ്രതിഷേധിച്ചെത്തി. ഇതറിഞ്ഞെത്തിയ പൊലീസുകാർക്കു നേരെയും ആൾക്കൂട്ടം ആക്രമണം അഴിച്ചുവിട്ടു. തുടർന്ന് പൊലീസ് ലാത്തി പ്രയോഗിച്ച് പ്രതിഷേധക്കാരെ ഓടിച്ചു. വലിയ കമ്പുകളും മറ്റുമായി ആളുകൾ ഇരച്ചെത്തുന്നതും ഇവരെ പൊലീസ് ഓടിച്ചു വിടുന്നതുമായി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

ലുഹാരിയ ഗവ. സീനിയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിൽ പോയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ബാഗും വെള്ളക്കുപ്പിയും ക്ലാസ് മുറിയിൽ വച്ചിട്ടാണ് കുട്ടി പോയത്. തിരികെ വന്ന് വെള്ളം കുടിച്ചപ്പോൾ അതിന് ഒരു ദുർഗന്ധം അനുഭവപ്പെടുകയും ചില കുട്ടികൾ അതിലെ വെള്ളത്തിൽ മൂത്രം ചേർത്തതായി മനസ്സിലാകുകയും ചെയ്തു.

മാത്രമല്ല 'ലവ് യു' എന്നെഴുതിയ ഒരു കത്തും ബാഗിൽനിന്നു കണ്ടെടുത്തു. തുടർന്ന് പെൺകുട്ടി പ്രിൻസിപ്പലിന് പരാതി നൽകി. പ്രിൻസിപ്പൽ ഇതിൽ നടപടിയൊന്നും കൈക്കൊള്ളാത്തതാണ് ഗ്രാമവാസികളെ ചൊടിപ്പിച്ചത്.

തുടർന്ന് ഇന്നു സ്‌കൂൾ തുറന്നപ്പോൾ നാട്ടുകാർ ഈ വിഷയം ലുഹിയാര പൊലീസ് സ്റ്റേഷന്റെയും സ്‌കൂൾ പ്രിൻസിപ്പലിന്റെയും ഇൻ ചാർജുള്ള തഹസിൽദാരുടെ മുന്നിൽ അവതരിപ്പിച്ചു. അതിലും നടപടിയൊന്നും ഇല്ലാതെ വന്നപ്പോഴാണ് നാട്ടുകാർ ആൺകുട്ടികളുടെ പ്രദേശത്തേക്കു കടന്നുകയറുകയും ആക്രമിക്കുകയും ചെയ്തത്.

പെൺകുട്ടി ഇതുവരെ പൊലീസിന് പരാതി നൽകിയിട്ടില്ല. അതേസമയം വീടിനു നേരെ ആക്രമണം അഴിച്ചുവിട്ടവർക്കെതിരെ ആൺകുട്ടികളുടെ പ്രദേശവാസികൾ പരാതി നൽകിയാൽ അതിനെതിരെ നടപടിയെടുക്കുമെന്നും അഡീഷനൽ സുപ്രണ്ട് ഓഫ് പൊലീസ് ഘൻശ്യാം ശർമ അറിയിച്ചു.